
ആലപ്പുഴ: ഓണപ്പരീക്ഷയ്ക്കിടെയാണ് ആ പതിമൂന്നുകാരി ക്വട്ടേഷന് ഇറങ്ങിയത്. കാമുകനും സുഹൃത്തുക്കളും ചേർന്ന് മുത്തച്ഛനെ കൊല്ലുന്നതും തുടർന്ന് മോഷണം നടത്തുന്നതുമെല്ലാം അവൾ വാട്ട്സാപ്പിലൂടെ ലൈവായി കാണുകയും ചെയ്തു. മുത്തച്ഛൻ ശിവൻകുട്ടി ചെട്ടിയാർ മരിച്ചെന്ന് പഞ്ചായത്തംഗം പറഞ്ഞിട്ടും ഭാവഭേദമൊന്നുമുണ്ടായില്ല. അന്വേഷണം മുറുകിയപ്പോൾ മരണവീട്ടിൽ നിന്ന് ഓണപരീക്ഷയ്ക്ക് പോകാൻ തിടുക്കം കാട്ടി. മുത്തച്ഛനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ നൽകിയ പതിമൂന്നുകാരിയുടെ ചെയ്തികളറിഞ്ഞ കരുവാറ്റക്കാരെല്ലാം ഞെട്ടലിലാണ്. തെളിവ് നിരത്തി ഡി.ഐ.ജി യതീഷ് ചന്ദ്രയും സംഘവും നടത്തിയ ചോദ്യം ചെയ്യലിലാണ് എട്ടാം ക്ളാസുകാരിയായ 13 കാരി കുറ്റം സമ്മതിച്ചത്.
കൂസലില്ലാത്ത മറുപടിയും പെരുമാറ്റവും പൊലീസിനെ അത്ഭുതപ്പെടുത്തി. ഹൈസ്‌കൂളിൽ പഠിക്കാനെത്തിയപ്പോഴാണ് പ്ളസ്ടുക്കാരനുമായി പ്രണയത്തിലായത്. ബൈക്ക് വാങ്ങാൻ പണം തരാമെന്ന വാഗ്ദാനം കാമുകന് നൽകിയാണ് ഐ ഫോൺ എന്ന സ്വപ്‌നം സഫലമാക്കാൻ പതിമൂന്നുകാരി കൊലപാതകം ആസൂത്രണം ചെയ്തത്. ശനിയാഴ്ച രാത്രിയാണ് ശിവൻകുട്ടി ചെട്ടിയാർ കൊല്ലപ്പെട്ടത്. ഞായറാഴ്ച വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി മൊഴി നൽകിയത്. എന്നാൽ പെൺകുട്ടി വന്നുപോയത് നാട്ടുകാരോ അയൽക്കാരോ കണ്ടിട്ടില്ല. രാവിലെ വന്നുപോയെന്ന് ആദ്യം പറഞ്ഞ പെൺകുട്ടി പിന്നീട് അത് വൈകിട്ടെന്ന് തിരുത്തി. ശിവൻകുട്ടി ചെട്ടിയാരെ കാണാത്തതിനാൽ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയെന്നും പറഞ്ഞു. പക്ഷേ ഹരിപ്പാട് സ്വദേശിയായ മറ്റൊരു കാമുകന്റെ വീട്ടിലായിരുന്നു കുട്ടി.
ചുരുളഴിച്ച് മൊബൈൽ
മൊഴികളിലെ വൈരുദ്ധ്യവും മൊബൈൽ ഫോൺ തെളിവുമാണ് പെൺകുട്ടിക്കും കാമുകനും കൂട്ടുകാർക്കും കെണിയായത്. കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചയുടൻ ആറ് പവൻ സ്വർണം നഷ്ടപ്പെട്ടുവെന്നാണ് വീട്ടിൽ പോലും കടക്കാത്ത 13 കാരിയുടെ വെളിപ്പെടുത്തൽ. പെരുമാറ്റത്തിലും മൊഴികളിലുമുണ്ടായ വൈരുദ്ധ്യമാണ് പ്രതിയിലേക്കെത്തിച്ചത്. പെൺകുട്ടിയുടെ ഫോൺ കസ്റ്റഡിയിലെടുത്തതോടെ വ്യക്തതയായി. തുടർന്ന് സൈബർ സഹായത്തോടെ കാൾ വിവരങ്ങളും കാമുകന്റെ ഫോണിന്റെ ടവർ ലൊക്കേഷനും കണ്ടെത്തി കേസിന്റെ ചുരുളഴിച്ചു.
അവർ മൂന്നുപേരും കൂൾ
അരുൺ സതീശൻ
ചാത്തന്നൂർ: കരുവാറ്റയിൽ ഗൃഹനാഥനെ കൊന്ന കേസിൽ അറസ്റ്റിലായ മൂന്ന് കുട്ടിക്കുറ്റവാളികളും കഴിഞ്ഞ രണ്ട് ദിവസവും കൂളായിരുന്നുവെന്ന് ബന്ധുക്കളും അയൽവാസികളും പറയുന്നു. മൂന്നുപേരും ഇന്നലെ വൈകിട്ട് പ്രധാന പ്രതിയായ പ്ലസ് ടു വിദ്യാർത്ഥിയുടെ പരവൂർ പെരുമ്പുഴ യക്ഷിക്കാവിനടുത്തുള്ള വീട്ടിൽ ഒത്തുകൂടിയിരുന്നു. മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ പതിമൂന്നുകാരിയും ഏറ്റെടുത്ത പ്ലസ് ടു വിദ്യാർത്ഥിയും സ്കോളർഷിപ്പ് പരീക്ഷ പരിശീലനത്തിനിടെയാകാം പരിചയപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. യക്ഷിക്കാവിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കല്ലുകുന്നിലാണ് മറ്റ് രണ്ട് പ്രതികളുടെയും വീട്. അതിലൊരാൾക്ക് പതിനെട്ട് പിന്നിട്ടെന്ന് സംശയമുള്ളതിനാൽ പൊലീസ് ഇന്നലെ വീട്ടിലെത്തി അധാർ പരിശോധനയ്ക്കായി കൊണ്ടുപോയി. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം കല്ലുകുന്നിലുള്ള രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തത്. പിന്നാലെ യക്ഷിക്കാവിലെത്തി പ്രധാന പ്രതിയെയും അറസ്റ്റ് ചെയ്തു.
ടൂർണമെന്റിനെന്ന് പറഞ്ഞ് ഇറങ്ങി
വർക്കലയിൽ ഫുട്ബാൾ ടൂർണമെന്റിന് പോകുന്നുവെന്ന് പറഞ്ഞാണ് ശനിയാഴ്ച രാവിലെ പ്രധാന പ്രതി വീട്ടിൽ നിന്നിറങ്ങിയത്. രാത്രി 12 ഓടെ തിരിച്ചെത്തി. സ്ഥിരമായി രാത്രി വൈകുന്നതിനാൽ വീട്ടുകാർ സംശയിച്ചില്ല. അടുത്ത പരിചയക്കാരിയായ കരുവാറ്റയിലെ പെൺകുട്ടിയുടെ മുത്തച്ഛൻ കൊലപ്പെട്ട വാർത്ത ഞായറാഴ്ച മൊബൈൽ ഫോണിൽ യക്ഷിക്കാവുകാരൻ അമ്മയെയും സഹോദരിയെയും കാണിച്ചിരുന്നു. അന്ന് തൊട്ടടുത്തുള്ള അമ്പലത്തിലും പോയി.
13-year-old girl allegedly arranged the killing of her grandfather while her Onam examinations were underway. She reportedly watched the entire incident live on WhatsApp, as her boyfriend and his friends allegedly killed her grandfather and then carried out a theft.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |