കുട്ടിക്കാനം- കട്ടപ്പന റോഡിൽ പത്തിലേറെയിടങ്ങളിൽ മണ്ണിടിച്ചിൽ
കട്ടപ്പന: നിർമ്മാണം പൂർത്തിയായി ആദ്യ മഴക്കാലത്ത് തന്നെ കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവേ കുളമായി. അശാസ്ത്രീയമായ നിർമ്മാണവും ചെലവ് ചുരുക്കലും ഹൈവേയ്ക്ക് ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ കുട്ടിക്കാനം മുതൽ കട്ടപ്പന വരെയുള്ള ഭാഗത്ത് പത്തിലേറെ ഇടത്താണ് ചെറുതും വലുതുമായ മണ്ണിടിച്ചിലുണ്ടായത്. ചിലയിടങ്ങളിലുണ്ടായ വൻ മണ്ണിടിച്ചിൽ റോഡിനും സംരക്ഷണ ഭിത്തികൾക്കും ഭീഷണിയായി. കഴിഞ്ഞ സർക്കാർ കാലത്ത് ഏറെ കൊട്ടിഘോഷിച്ചാണ് കുട്ടിക്കാനം കട്ടപ്പന- മലയോര ഹൈവേ ഉദ്ഘാടനം ചെയ്തത്. സെലിബ്രിറ്റി മാരത്തോൺ റണ്ണറെ എത്തിച്ചായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് ഹൈവേയുടെ ഉദ്ഘാടനം നടത്തിയത്. എന്നാൽ നിർമ്മാണത്തിന്റെ ആദ്യ ഘട്ടം മുതൽ ഇതിലെ അശാസ്ത്രീയത ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. റോഡ് വീതി കൂട്ടുന്നതിനായി മണ്ണെടുത്തതും അശാസ്ത്രീയമായിട്ടാണ്. പലയിടത്തും ചെങ്കുത്തായി മണ്ണെടുത്തതിനാൽ മണ്ണിടിയാനുള്ള സാദ്ധ്യത കൂടുതലാണെന്ന് നിർമ്മാണ സമയത്ത് തന്നെ കേരളകൗമുദിയടക്കമുള്ള മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
ചെങ്കുത്തായി മണ്ണെടുത്ത സ്ഥലങ്ങളിൽ പോലും സംരക്ഷണ മതിൽ പണിയാതിരുന്നതാണ് ഇപ്പോൾ പലയിടത്തും വലിയ അളവിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ കാരണമായത്. ഏലപ്പാറ, ചിന്നാർ, കരിന്തിരി, ലബ്ബക്കട തുടങ്ങിയ പ്രദേശങ്ങളിൽ വലിയ തോതിലാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. വാഹനങ്ങൾ വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
ഓടയില്ല, വെള്ളം റോഡീലൂടെ
കുത്തിറക്കങ്ങളും മലഞ്ചെരുവുകളുമുള്ള റോഡിൽ ഓട നിർമാണവും വേണ്ട രീതിയിലല്ല നടത്തിയിരിക്കുന്നത്. ഇതിനാൽ വെള്ളം കൃത്യമായി ഒഴുകി പോകാതെ റോഡിലൂടെ തന്നെ ഒഴുകുന്നതും വെല്ലുവിളിയാണ്.
ചിലയിടങ്ങളിൽ വെള്ളം ഒഴുകി റോഡിലെ ടാറിങ്ങടക്കം ഇളകിയിട്ടുമുണ്ട്. കെ. ചപ്പാത്ത് അടക്കമുള്ള സ്ഥലങ്ങളിൽ ഓട നിർമാണവും നടത്തിയിട്ടില്ല. ഇവിടെ വീതി കൂട്ടുന്ന നടപടികളടക്കം പാതിയിൽ ഉപേക്ഷിച്ചാണ് കരാറുകാർ നിർമ്മാണം പൂർത്തിയാക്കി മടങ്ങിയിരിക്കുന്നത്. നരിയംപാറയ്ക്ക് സമീപ പ്രദേശങ്ങളിൽ ഐറിഷ് ഓടകൾ ഇപ്പോഴേ ഇളകി തുടങ്ങിയതും നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാണിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |