ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ ലഹരിക്കടിമയായ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ രാത്രിയാണ് ആന്റണി, വത്സമ്മ എന്നിവരെ മകൻ അജീഷ് (26) ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതി കടുത്ത ലഹരിക്ക് അടിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ദൈവം പറഞ്ഞിട്ടാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. 'ദൈവം വിളിക്കാൻ പറഞ്ഞു, അതിനാൽ രണ്ടുപേരെയും കൊലപ്പെടുത്തി സ്വർഗത്തിലയച്ചു'-അജീഷ് പൊലീസിനോട് പറഞ്ഞു. ഏതോ ഒരു ശക്തി പറഞ്ഞിട്ടാണ് താൻ ഇതെല്ലാം ചെയ്തത്. പിശാചുക്കളെയെല്ലാം ബഹിഷ്കരിച്ചു, മാതാപിതാക്കളെ ദൈവത്തിനരികിലേക്ക് പറഞ്ഞുവിട്ടുവെന്നാണ് സംഭവമറിഞ്ഞെത്തിയ നാട്ടുകാരോടും അജീഷ് പറഞ്ഞത്. പ്രതി സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിടാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടുമാസം മുമ്പ് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയ്ക്കായെത്തിച്ചിരുന്നു.
സംഭവ സമയത്ത് മരിച്ച ആന്റണിയുടെ മാതാവും വീട്ടീൽ ഉണ്ടായിരുന്നെങ്കിലും അജീഷ് അവരെ ആക്രമിച്ചിരുന്നില്ല. കേൾവി കുറവായതിനാൽ ആന്റണിയുടെ മാതാവ് വീട്ടിൽ നടന്ന അതിക്രൂര കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ലഹരി ഉപയോഗിച്ച ശേഷം അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും തുടർന്ന് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരെയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രതി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഈ ദൃശ്യങ്ങൾ ഇടവക വികാരിക്ക് കൈമാറുകയും വിവരം ഉടൻ തന്നെ നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയുമായിരുന്നു. പ്രതിയുമായി പൊലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
In Idukki, 26-year-old Ajeesh allegedly killed his parents, Antony and Valsamma, at their home in Nedumkandam. Police said he was heavily addicted to intoxicants. Ajeesh reportedly told police that God instructed him to kill his parents and send them to heaven. After the murders, he recorded the bodies on his phone and sent the footage to a relative.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |