തൊടുപുഴ: മുല്ലപ്പെരിയാറിൽ സുപ്രീം കോടതി നിർദ്ദേശിച്ചത് പ്രകാരം നടക്കേണ്ടിയിരുന്ന ഡാമിന്റെ സമഗ്ര സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന് നടക്കുമെന്ന് മന്ത്രി അഡ്വ മോൻസ് ജോസഫ് അറിയിച്ചു. മുല്ലപ്പെരിയാറിൽ കോംപ്രഹൻസീവ് ഡാം സേഫ്റ്റി ഇവാലുവേഷൻ (സി.ഡി.എസ്.ഇ) പാനൽ നേരിട്ടെത്തി പരിശോധന നടത്തും. തുടർന്ന് രണ്ട്, മൂന്ന് തീയതികളിൽ ചർച്ച നടക്കും. കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികൾ ഇതിൽ പങ്കെടുക്കും. കേരളത്തിന്റെ പ്രതിനിധി അശുതോഷ് ദാഷ് പരിശോധനകളിൽ പങ്കെടുക്കും. കേന്ദ്ര തലത്തിൽ തീരുമാനിക്കുന്ന നടപടി വിലയിരുത്തിയശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിനാണ് ജലവിഭവ വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. സമഗ്ര സുരക്ഷാ പരിശോധയ്ക്ക് ശേഷം സെപ്തംബർ അവസാനത്തോടെ ഡൽഹിയിൽ കേരളം ഉന്നതതല യോഗം വിളിച്ച് ചേർത്ത് തുടർ നടപടികൾ സ്വീകരിക്കും. സുപ്രീംകോടതിയെ കേരളത്തിന്റെ ആവശ്യം ബോദ്ധ്യപ്പെടുത്തി സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിന് കോടതിപരമായ നടപടികൾ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകൻ മോഹൻ കട്ടാർക്കിയുടെ നേതൃത്വത്തിലുള്ള പുതിയ അഭിഭാഷക സംഘത്തെ മുല്ലപ്പെരിയാർ വിഷയത്തിൽ ഫലപ്രദമായി ഇടപെടുന്നതിന് വേണ്ടി സർക്കാർ നിയോഗിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിന്റെ സേഫ്റ്റി വാലുവേഷൻ പൂർണമായി നടപ്പാക്കണമെന്ന് 2022ൽ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് പ്രയോജനപ്പെടുത്തി കേരളത്തിന് ഗുണകരമായ സാഹചര്യം ഉണ്ടാക്കാൻ കഴിയാതെ പോയ ഗുരുതരമായ വീഴ്ച മുൻവർഷങ്ങളിൽ സംഭവിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടി അടിയന്തരമായി സ്വീകരിക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതു നടപ്പിലാക്കാൻ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ച് കേരളത്തിന്റെ അനിവാര്യമായ ആവശ്യങ്ങൾ അംഗീകരിച്ചെടുക്കുവാനുള്ള ശ്രമങ്ങളാണ് നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |