
ഖാദി ബോർഡ് തൊഴിലാളികൾക്ക് 15 മാസത്തെ കുടിശ്ശിക
ഇതര സ്ഥാപനങ്ങളിൽ 18 മാസം
പയ്യന്നൂർ: ഖാദി ബോർഡിലേയും മറ്റ് ഖാദി സ്ഥാപനങ്ങളിലേയും തൊഴിലാളികൾക്ക് കിട്ടാനുള്ളത് ഒന്നേകാൽ തൊട്ട് ഒന്നരവർഷം വരെയുള്ള ശമ്പളകുടിശ്ശിക. ബോർഡിന് കീഴിലുള്ള തൊഴിലാളികൾക്ക് 15മാസത്തേയും ബോർഡിതര സ്ഥാപനങ്ങളിൽ 15മാസത്തേയും കൂലി നൽകാനുണ്ടെന്നാണ് കേരള സ്‌റ്റേറ്റ് നാഷണൽ ഖാദി ലേബർ യൂണിയൻ ആരോപിച്ചു. ഈ ഓണക്കാലത്തിന് മുമ്പ് കുടിശ്ശിക അനുവദിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
പൂരക വേതന പദ്ധതി പ്രകാരമുള്ള തുക സർക്കാർ കുടിശ്ശികയാക്കിയതാണ് ഖാദി പ്രതിസന്ധിയിലാക്കിയതെന്നാണ് തൊഴിലാളികളുടെ ആരോപണം.ഖാദി ബോർഡിന് കീഴിലുള്ള തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം മേയിലാണ് അവസാനം വേതനം ലഭിച്ചത്. മാർച്ച് വരെയുള്ള ഉത്പാദക ബോണസ്സ് കിട്ടി.എന്നാൽ മറ്റ് ഖാദി സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 18 മാസത്തെ ഉത്പ്പാദക ബോണസ്സും കുടിശ്ശികയാണ്. കഴിഞ്ഞ മേയ് വരെയുള്ള കണക്ക് പ്രകാരം 80 കോടിയോളം സർക്കാർ നൽകാനുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നു. തൊഴിലാളികൾക്കുള്ള ഇൻകം സപ്പോർട്ട് സ്കീം, വസ്ത്രങ്ങൾക്കുള്ള റിബേറ്റ്, നൂൽപ്പുകാർക്കും നെയ്തുകാർക്കും നൽകുന്ന ഉത്പാദക ബോണസ്, ഉത്സവ ബത്ത എന്നിവയെല്ലാം മുടങ്ങി.
നിർമ്മാണ സാമഗ്രികളില്ലാത്തതിനാൽ പല സംഘങ്ങളും പൂട്ടിക്കിടക്കുകയാണ്. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ദൗർലഭ്യവും മൂലമുള്ള പ്രതിസന്ധി വേറെ.വർഷം മുഴുവൻ ഇരുപതും വിശേഷദിവസങ്ങളിൽ 30 ശതമാനവും റിബേറ്റുമാണ് സർക്കാർ നൽകുന്നത്. ഇതുവഴി മാത്രം 50 കോടിയോളം ഖാദി സ്ഥാപനങ്ങൾക്കും ബോർഡിനുമായി ലഭിക്കാനുണ്ട്.
13000 സംസ്ഥാനത്തെ ഖാദിതൊഴിലാളികളുടെ എണ്ണം
അദ്ധ്വാനം വലുത്;കുറഞ്ഞ വേതനം
പരുത്തിയിൽനിന്ന് 24 കഴി നൂൽ ഉത്പാദിപ്പിക്കുന്നതാണ് ഖാദി നൂൽപ് തൊഴിലാളിയുടെ ദിവസത്തെ ജോലി. പ്രതിസന്ധി മൂലം 10 കഴി നൂലിനുള്ള അസംസ്കൃതവസ്തുക്കൾ മാത്രമാണ് ലഭിച്ചുവരുന്നത് . ഒരു കഴി നൂലിന് കൂലി 14.9 രൂപ. അതിൽ 10 രൂപ അതത് ഖാദിസ്ഥാപനങ്ങൾ നൽകും. കുറഞ്ഞ വേതനമെന്ന പേരിൽ സർക്കാർ 4.9 രൂപയും നൽകും. ഈ തുകയാണ് കുടിശ്ശികയായിരിക്കുന്നത്. പത്ത് കഴി നൂലിന് കുറഞ്ഞ വേതനമടക്കം ലഭിച്ചാൽ പോലും 149 രൂപയും ക്ഷാമബത്തയുമാണ് നൂൽപ് തൊഴിലാളിക്ക് കിട്ടുന്നത്. നെയ്ത്ത് തൊഴിലാളികൾക്കും സമാന സാഹചര്യമാണ്.
പയ്യന്നൂർ കേന്ദ്രത്തിന് മുന്നിൽ സൂചനാസമരം
ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് നാഷണൽ ഖാദി ലേബർ യൂനിയൻ ( ഐ.എൻ.ടി.യു.സി. ) പയ്യന്നൂർ ഖാദി കേന്ദ്രത്തിന് മുന്നിൽ നടത്തിയ സൂചനാസമരം പ്രസിഡന്റ് കെ.പി. കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയിൽ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എൻ.ഗംഗാധരൻ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയരാജ്, ടി.വി.കുഞ്ഞിരാമൻ, കെ.വി.മോഹനൻ, പി.അശോകൻ , ഇ.പി.ബാലകൃഷ്ണൻ , പി.വി.സുകുമാരൻ, കെ.പുഷ്പവതി , സി കെ.വിനോദ് കുമാർ , ഇ.എൻ.പത്മാവതി, ചന്തുകുട്ടി പൊഴുതല , കെ.വി.ബിന്ദു, അത്തായി പത്മിനി, ഇ.പി. ശ്യാമള സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |