SignIn
Kerala Kaumudi Online
Friday, 23 October 2026 6.17 AM IST

ഒാണമൊരുക്കണം........ ഇന്ന് ഉത്രാടപ്പാച്ചിൽ

utradapachal

കണ്ണൂർ: ഓണം പടിവാതിലിൽ എത്തി നിൽക്കെ നാടും നഗരവും ഒരുക്കത്തിൽ .സദ്യയും പൂക്കളവുമൊരുക്കാനും പുത്തൻ വസ്ത്രങ്ങൾ എടുക്കാനുമെല്ലാമുള്ള ഓട്ടത്തലാണ് ആളുകളെല്ലാം .നഗരത്തിലെ തെരുവോരങ്ങളെല്ലാം മറുനാടൻ പൂക്കൾ നിരത്തിയിരിക്കുകയാണ്. പൊള്ളുന്ന വിലയിലും പൂവുകൾ വാങ്ങാൻ ആളുകളെത്തുന്നുണ്ട്. വയനാട് ദുരന്ത പശ്ചാത്തലത്തിൽ ആഘോഷങ്ങൾ കുറവായതിനാൽ ഇത്തവണ പൂക്കള മത്സരങ്ങൾ പൊതുവെ കുറവാണ്.

ഇന്നലെ സ്‌കൂളുകളിലും കോളജുകളിലും ഓഫീസുകളിലുമെല്ലാം ഓണാഘോഷ പരിപാടികളായതിനാൽ മോശമല്ലാത്ത വിൽപ്പന നടന്നെന്ന് കച്ചവടക്കാർ പറഞ്ഞു. ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലി, പല നിറങ്ങളിലുള്ള ജമന്തി, റോസ്, ഡാലിയ, അരളി, മല്ലിക തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്. തമിഴ്നാട്, ഗുണ്ടൽട്ട്, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പൂക്കളെത്തുന്നത്. കിലോയ്ക്ക് 200മുതലാണ് മൊത്തക്കച്ചവടത്തിൽ പൂക്കളുടെ വില. ചെണ്ടുമല്ലി(മഞ്ഞ)-200 ,ചെണ്ടുമല്ലി-200 ,അരളി(റോസ്)-600,അരളി(വയലറ്റ്)-600,ജമന്തി-400,മല്ലിക-600,റോസ്-400 എന്നിങ്ങനെയാണ് പൂക്കളുടെ വില .

മേളകളിൽ വൻ തിരക്ക്

നഗരത്തിൽ വിവിധ ഭാഗങ്ങളിലുള്ള മേളകളിലെല്ലാം വൻ തിരക്കാണ്.പൊലീസ് മൈതാനത്ത് കൈത്തറി വസ്ത്ര പ്രദർശന വിപണനമേള, കേരള ദിനേശിന്റെ ഓണം വിപണനമേള, ജില്ലാ പഞ്ചായത്തിന്റെ കാർഷിക പരമ്പരാഗത വ്യവസായ ഉത്പ്പന്നങ്ങൾ, പ്രദർശന വിപണനമേള, ഓണം ഫെയർ എന്നിവയാണുള്ളത്. ഓരോ നിയോജകമണ്ഡല തലത്തിലും സ്‌പ്ലൈകോ ഓണം ഫെയറുകളുമുണ്ട്. കണ്ണൂർ സിവിൽ സ്റ്റേഷൻ മിൽമ ബൂത്തിന് സമീപമാണ് കൃഷി വകുപ്പിന്റെ ഓണസമൃദ്ധി ചന്ത പ്രവർത്തിക്കുന്നത്.ഗൃഹോപകരണങ്ങൾ , മൊബൈൽ ഫോൺ വസ്ത്ര വ്യാപരസ്ഥപനങ്ങളും മറ്റും വമ്പൻ ഓഫറുകളുമായി വിപണിയിൽ സജീവമായിട്ടുണ്ട്. ദിവസവും വൈകീട്ട് ആകുമ്പോഴേക്കും കടകളിൽ വൻ തിരക്കാണനുഭവപ്പെടുന്നത്.

പൊട്ടി മൺപാത്ര വിപണി

ഓണവിപണിയിൽ മൺപാത്രങ്ങൾക്ക് വില കുറവാണെങ്കിലും ആവശ്യക്കാർ കുറവാണെന്ന് കച്ചവടക്കാർ പറഞ്ഞു. ഓണത്തിന് ദിവങ്ങൾക്ക് മുമ്പ് തന്നെ സ്റ്റേഡിയം കോർണ്ണറിലും പൊലീസ് മൈതാനിയിലും മൺപാത്രവിപണി സജീവമായിട്ടുണ്ട്.വർഷം തോറും ഉത്പ്പാദന ചിലവ് വർധിക്കുമ്പോഴും വിൽപ്പന കുറയുന്നത് ഈ മേഖലയെ തളർത്തുന്നുവെന്ന് കച്ചവടക്കാർ പറഞ്ഞു.അറുപത് രൂപയ്ക്ക് തുടങ്ങി 500 രൂപ വരെ നൽകേണ്ട വ്യത്യസ്ത വലിപ്പമുള്ള കറിച്ചട്ടികൾ ഇവിടെ ലഭ്യമാണ്. ഇരുന്നൂറ്റമ്പതു മുതൽ 300 രൂപ വരെ വിലയുള്ള കൂജകളുമുണ്ട്. കലത്തിന് 250 രൂപ മുതലാണ് വില. കറി വെക്കുന്ന ചെറിയ ചട്ടികൾക്കാണ് ആവശ്യക്കാരേറെയെന്ന് കച്ചവടക്കാർ പറഞ്ഞു. തുളസിച്ചട്ടി 500, ബുദ്ധ ശിൽപ്പം 250 എന്നിവയും ആകർഷണമാണ്. ചീനച്ചട്ടി, പ്രതിമകൾ, അടപ്പോടുകൂടിയ മൺച്ചട്ടികൾ, വലിയ ഭരണി എന്നിവയും ലഭ്യമാണ്. മുപ്പതു രൂപയ്ക്കുള്ള ചെറിയ കുടുക്കകളും വിറക് അടുപ്പും ഭരണിയുമെല്ലാം ഇവിടെ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL