
ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തും കടവ് ബാരാപോൾ മേഖലയിൽ വീണ്ടും കാട്ടാനയുടെ താണ്ഡവം. ഇന്നലെ രാത്രി മേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാന കച്ചേരികടവ് പാലത്തുംകടവ് മെയിൻ റോഡിന് സമീപം ജനവാസ മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. ജെയ്സൺ മണ്ഡപത്തിൽ , ജോസ് നരിമറ്റം , ബാബു കീച്ചപ്പള്ളി , ജോസ് മടുക്കക്കുഴി , റെന്നി മടുക്കക്കുഴി എന്നിവരുടെ കൃഷിയിടത്തിലാണ് ആന നാശം വിതച്ചത് . തെങ്ങ് , കവുങ്ങ്, കശുമാവ് , വാഴ , കൊക്കോ , കുരുമുളക് തുടങ്ങി നിരവധി കാർഷിക വിളകൾ ചവിട്ടി നശിപ്പിച്ചു .
കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും ഇറങ്ങുന്ന കാട്ടാനകളാണ് ബാരപ്പോൾ പുഴ കടന്ന് കേരളത്തിലെ ജനവാസ മേഖലയിൽ വിതക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഈ മേഖലയിൽ തുടരുന്ന ആനയുടെ താണ്ഡവം ജനങ്ങളിൽ ഭീതി പരത്തിയിരിക്കുകയാണ്. വനപാലകർ കച്ചേരികടവ് മുടിക്കയം ഭാഗങ്ങളിൽ രാത്രികാല പെട്രോളിംഗ് തുടരുമ്പോഴാണ് ആന പാലത്തുംകടവ് ബാരാപോൾ മേഖലയിലേക്ക് മാറിയിരിക്കുന്നത് ഇത് കടുത്ത പ്രതിസന്ധിയാണ് മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത് .
ആന കൃഷി നശിപ്പിച്ച പ്രദേശങ്ങൾ ഇരിട്ടി ഫോറസ്റ്റ് ഓഫീസർ സി.സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സന്ദർശിച്ചു . വനംവകുപ്പിന്റെ പട്രോളിംഗ് പാലത്തുംകടവ് മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു .
തീരുമാനമാകാതെ സോളാർ വേലി
ത്രിതല പഞ്ചായത്തും കൃഷി വകുപ്പും സംയുകതമായി കച്ചേരിക്കടവ് പാലം മുതൽ പാലത്തുംകടവ് വരെ വരുന്ന ആറു കിലോമീറ്റർ ദൂരം നിർമ്മിക്കുന്ന 53 ലക്ഷം രൂപയുടെ സോളാർ തൂക്കുവേലിക്ക് പണം അനുവദിച്ചെങ്കിലും മൂന്ന് തവണയും ടെൻഡർ വിളിക്കാൻ ആളെത്തിയില്ല. കഴിഞ്ഞ ദിവസം കൃഷി വകുപ്പ് അധികൃതർ സോളാർ തൂക്കുവേലി സ്ഥാപിക്കേണ്ട സഥലങ്ങൾ സന്ദർശിച്ചിരുന്നു . സോളാർ വേലിയുടെ നിർമ്മാണം വൈകുന്നതിൽ കടുത്ത ആശങ്കയാണ് പ്രദേശവാസികൾ പങ്കുവെക്കുന്നത് .
ജനങ്ങളുടെ ജീവന് ഭീഷണിയായി മേഖലയിൽ വന്യമൃഗങ്ങൾ ഭീഷണി സൃഷ്ടിക്കുന്നത് തടഞ്ഞില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾ ഉൾപ്പെടെ സംഘടിപ്പിക്കും.പണം അനുവദിച്ചിട്ടും തൂക്കുവേലിയുടെ നിർമ്മാണം വൈകുന്നത് പ്രദേശത്തെ ജനത്തോട് കാണിക്കുന്ന അവഗണന ആണെന്നും ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരും ബിജോയി പ്ലാത്തോട്ടം (വാർഡ് മെമ്പർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |