
ഇരിട്ടി : ആറളം പുനരധിവാസ മേഖലയിൽ നിർമ്മിക്കുന്ന ആനമതിലിന്റെ പ്രവൃത്തി മാർച്ച് 31നുള്ളിൽ പൂർത്തിയാക്കണമെന്ന് എസ്.സി,എസ്.ടി കമ്മിഷന്റെ നിർദേശം. ഫാമിൽ നടത്തിയ സിറ്റിംഗിലാണ് കമ്മിഷൻ കർശന നിലപാട് ആവർത്തിച്ചത്. ഫാമിലും പുനരധിവാസ മേഖലയിലും രൂക്ഷമായി തുടരുന്ന കാട്ടാനശല്യം തടയാൻ മതിൽ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് കമ്മീഷൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി.
ഒരു വർഷം മുമ്പാണ് 10. 50 കിലോമീറ്റർ ആനമതിലിന്റെ പ്രവൃത്തി തുടങ്ങിയത്. രണ്ട് റീച്ചുകളിലായി നാലു കിലോമീറ്റർ പ്രവൃത്തി നടന്നെങ്കിലും പൂർത്തിയായത് രണ്ട് കിലോമീറ്റർ മാത്രമാണ്.മൂന്നരകിലോ കിലോമീറ്റർ പൂർത്തിയാക്കാൻ കഴിഞ്ഞ ജൂൺ 15ന് നൽകിയ നിർദ്ദേശം ഫലം കണ്ടില്ല.ഇത് ഒക്ടോബർ 15നുള്ളിലും അവശേഷിച്ച ഏഴു കിലോമീറ്റർ മാർച്ച് 31നുള്ളിൽ പൂർത്തിയാക്കണമെന്നുമാണ് കമ്മിഷന്റെ നിർദേശം. പുനരധിവാസ മേഖലയിൽ നബാർഡ് ധനസഹായത്തോടെ പൂർത്തിയാക്കിയ 22 കെട്ടിടങ്ങൾ ഉടൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി പ്രവർത്തനക്ഷമമാക്കാനും കമ്മീഷൻ നിർദേശിച്ചു.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, ഐടിഡിപി ജില്ലാ പ്രൊജക്ട് ഓഫിസർ വിനോദ്കുമാർ, ആറളം ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ഡോ.കെ.പി.നിധിഷ് കുമാർ, ആറളം ഫാം ആദിവാസി പുനരധിവാസ മിഷൻ സൈറ്റ് മാനേജർ സി. ഷൈജു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ശോഭ, പഞ്ചായത്ത് ഫാം വാർഡ് അംഗം മിനി ദിനേശൻ എന്നിവരും വിവിധ പ്രതിനിധികളും പങ്കെടുത്തു.
വനംവകുപ്പിനും വിമർശനം
മതിൽ നിർമ്മാണം ആരംഭിക്കാനുള്ള വളയംചാൽ മുതൽ പുളിമരം തട്ട് വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിൽ മുറിച്ചുമാറ്റേണ്ട 164 മരങ്ങൾക്ക് സോഷ്യൽ ഫോറസ്ട്രി വിഭാഗം വില നിർണയം വൈകുന്നതിലും കമ്മിഷൻ ഇടപെട്ടു. വില നിർണ്ണയം വേഗത്തിലാക്കണമെന്ന് കമ്മിഷൻ വകുപ്പിനോട് നിർദേശിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |