
കെ.എസ്.ഇ.ബിയുടെ ആദ്യ പരിഷ്കാരം കണ്ണൂർ മേഖലയിൽ
കണ്ണൂർ: അപേക്ഷിച്ച ദിവസം തന്നെ കണക്ഷൻ നൽകാനുള്ള പദ്ധതിയുമായി കെ.എസ്.ഇ.ബി കണ്ണൂർ റീജിയൺ.പോസ്റ്റ് വേണ്ടാത്ത പുതിയ വൈദ്യുതി കണക്ഷനുകളാണ് ഇത്തരത്തിൽ ലഭിക്കുക. നോർത്ത് മലബാർ ചീഫ് എൻജിനീയർ ഓഫീസിനു കീഴിലുള്ള കണ്ണൂർ, കാസർകോട്,വയനാട് ജില്ലകളിലെ 108 സെക്ഷൻ ഓഫീസുകളിൽ ഗാന്ധി ജയന്തി ദിനം മുതൽ പദ്ധതി നടപ്പിലാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
നിലവിലുള്ള നിയമ പ്രകാരം സർവീസ് കൺക്ഷൻ നൽകുന്നതിന് റെഗുലേറ്ററി കമ്മീഷൻ 30 ദിവസമാണ് സമയപരിധി .www.kseb.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി പാക്കേജ് കണക്ഷൻ ഒപ്ഷൻ വഴിയാണ് അപേക്ഷിക്കേണ്ടതും പണം അടക്കേണ്ടതും.അപേക്ഷ ഫീസും റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച എസ്റ്റിമേറ്റ് കോസ്റ്റും ലോഡിന് ആനുപാതികമായി കരുതൽ നിക്ഷേപവും ഒന്നിച്ചു ഓൺലൈനായി അടച്ചുകഴിഞ്ഞാൽ സ്ഥലപരിശോധന കഴിയും വരെ കാക്കേണ്ടതില്ല.ഓഫീസിൽ നേരിട്ട് വരുന്ന അപേക്ഷകർ രജിസ്ട്രേഷൻ സമയത്ത് പാക്കേജ് കണക്ഷൻ ആവശ്യപ്പെടണം. ഇതിന്റെ ഡിമാൻഡ് തുക കൗണ്ടറിൽ അടച്ചാൽ മതി.
പോസ്റ്റ് വേണ്ടാത്ത കണക്ഷനുകൾ അതിവേഗത്തിൽ
പോസ്റ്റിൽ നിന്നും 35 മീറ്റർ വരെയുള്ള സർവീസസ് വയർ മാത്രം മതിയാകുന്ന കണക്ഷനുകൾ ആണ് ഈ പദ്ധതിയിൽ ഉൾപ്പെടുക. 35 മീറ്ററിൽകൂടുതൽ ഉള്ള പോസ്റ്റ് വേണ്ട കണക്ഷനുകൾ, സർവീസ് വയറിനു സപ്പോർട്ട് പോസ്റ്റ് വേണ്ടവ എന്നിവ പാക്കേജ് കണക്ഷനിൽപ്പെടുന്നില്ല.
പാക്കേജ് ഫീസിന് വേണ്ടത്
കണക്ഷനുള്ള ദൂരം 35 മീറ്ററിൽ അധികമാകരുത്
ദൂരം തെറ്റായി കാണിച്ച് അപേക്ഷിച്ചാൽ മുൻഗണന നഷ്ടപ്പെടും.
സർവീസ് വയർ കടന്നുപോകുന്ന സ്ഥല ഉടമയുടെ അനുമതിപത്രം നിർബന്ധം
ഉടമസ്ഥാകാശ രേഖ,തിരിച്ചറിയൽ രേഖ, ടെസ്റ്റ് റിപ്പോർട്ട് എന്നിവ ഹാജരാക്കണം
വയർമാൻമാർക്കുമുണ്ട് ചുമതല
കണക്ഷൻ അപേക്ഷിക്കുമ്പോൾ വയറിംഗ് പൂർത്തിയായിരിക്കണം .കാർഷിക,നിർമ്മാണ അപേക്ഷകളിൽ ഷെഡ് ,കിയോസ്ക് ഉറപ്പുള്ളതായിരിക്കണം.മീറ്റർ ബോക്സിന്റെ സ്ഥാനം നിശ്ചിതസ്ഥലത്തായിരിക്കണം.കണക്റ്റഡ് ലോഡ്,താരിഫ് എന്നിവ കൃത്യമായി രേഖപ്പെടുത്തണം.സർവീസ് വയറിനു നാലു മീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ഉറപ്പാക്കണം.കോൺട്രാക്ടറും സൂപ്പർവൈസറും വയർമാനും കൂടി ഒപ്പിട്ട ടെസ്റ്റ് റിപ്പോർട്ട് അപേക്ഷകന്റെ കൈയിലുണ്ടാകണം
പാക്കേജ് തുകകൾ
അപേക്ഷ ഫീസ് -50 +18 ശതമാനം ജി.എസ്.ടി
എസ്റ്റിമേറ്റ് കോസ്റ്റ്
സിംഗിൾ ഫേസ് അഞ്ച് കിലോ വാട്ട് വരെ - 1914+18 ശതമാനം ജി.എസ്.ടി
ത്രീ ഫേസ് പത്ത് കിലോ വാട്ട് വരെ - 4642+18ശതമാനം ജി.എസ്.ടി
-കരുതൽ നിക്ഷേപം (കിലോ വാട്ട്)
ഗാർഹികം 300/-
കാർഷികം 200/-
വ്യവസായം 500/-
വാണിജ്യം -1000/-
30 ദിവസത്തിനുള്ളിൽ സർവീസ് കണക്ഷൻ നൽകിയാൽ മതി എന്ന നിയമം നിലിൽക്കുമ്പോഴും 24 മണിക്കൂറിനുള്ളിൽ കണക്ഷൻ നൽകാൻ ജീവനക്കാർ ഒരുങ്ങുകയാണ്.ഏറെ ജാഗ്രതയോടെ നടത്തേണ്ട പദ്ധതി കൂടിയാണിത്.
ഹരീശൻ മൊട്ടമ്മൽ ,നോർത്ത് മലബാർ ചീഫ് എൻജിനീയർ,ഡിസ്ട്രിബ്യൂഷൻ നോർത്ത് മലബാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |