
വിധിയോട് പോരാടി വയനാടൻ വിജയം
കണ്ണൂർ: തങ്ങളുടെ നാട്ടിൽ ദുരന്തം വിതച്ച് കുത്തിയൊലിച്ച് പോയ മഴയുടെ ശബ്ദമോ ആംബുലൻസുകളുടെ സൈറണോ കേട്ടവരല്ല കൃഷ്ണപ്രിയയും അക്സാനയും. ശബ്ദം അന്യമാക്കിയ വിധിയോട് പോരാടുന്ന തങ്ങളുടെ അനുഭവം തന്നെയാണ് നിലനിൽപ്പിനായി പോരാടുന്ന നാട്ടിനെന്ന് ഇവർക്ക് പക്ഷെ അറിയാം. വയനാട് ദുരന്തത്തിന്റെ ആഴം ഹൃദയം കൊണ്ടറിഞ്ഞ ഇവരടക്കമുള്ള വിദ്യാർത്ഥികളാണ് സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ ഇന്നലെ പങ്കെടുത്തത്.
ഒരു ശ്മശാന ഭൂമിയിലെ മാതൃത്വത്തിന്റെ നോവാണ് വയനാട് പൂമല സെന്റ് റൊസല്ലോസ് ഹയർസെക്കൻഡറി ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗ് സ്‌പെഷൽ സ്‌കൂളിലെ പത്താം ക്ലാസുകാരി ക്രിഷ്ണ പ്രിയ നാടോടിനൃത്തത്തിൽ അവതരിപ്പിച്ച് കൈയടി നേടിയത്. ചൂരൽമലയിലെയും മുണ്ടക്കെയിലെയും പോലെ പച്ചത്തലപ്പാവണിഞ്ഞ ഒരു തേയിലത്തോട്ടത്തിൽ പാറിപ്പറന്നുനടന്ന ഒരു പെൺകുട്ടിയുടെ ജീവിത ചിത്രം ഇതേ സ്‌കൂളിലെ അക്സന വർഗീസും അവതരിപ്പിച്ചു. വയനാട് ദുരന്തത്തെ കുറിച്ചും അതിന്റെ ആഴത്തെകുറിച്ചും കൃഷ്ണപ്രിയയും അക്സനയും ഇതുവഴി സംസാരിക്കുകയായിരുന്നു.
ഡോൺബോസ്‌കോ കോളജിലെ കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ നൃത്താദ്ധ്യാപകൻ സബീർ വയനാടാണ് ഇവരെ പരിശീലിപ്പിച്ചത്. നുത്തത്തിൽ '' ഭാവം കൃത്യമായി വരണമെങ്കിൽ വാക്കുകളുടെ അർഥം കുട്ടികൾ മനസിലാക്കണം. കേട്ടാലല്ലേ അതു പറ്റൂ. അതുകൊണ്ടാണ് വേദിക്ക് സമീപത്തു നിന്ന് ഞാൻ അവർക്ക് കാണാൻ പറ്റുന്ന വിധത്തിൽ ചുവടുകളും മുദ്രകളും അവതരിപ്പിച്ചത്'' സബീർ മാസ്റ്റർ പറഞ്ഞു.
ഒപ്പന, സംഘ നൃത്തം, ദേശഭക്തിഗാനം എന്നിങ്ങനെ വിവിധ ഇനങ്ങളിൽ മത്സരിക്കുന്ന 90 കുട്ടികളടങ്ങുന്ന സംഘമായാണ് സെന്റ് റൊസല്ലോസ് സ്‌കൂൾ ടീം ചുരമിറങ്ങി കണ്ണൂരിലെത്തിയത്.പ്രതിസന്ധികൾക്കുമുന്നിൽ വിറങ്ങലിച്ചുനിൽക്കുന്നവർക്കാകെ അതിജീവനത്തിന്റെ മനോധൈര്യം പകരുന്ന വയനാടൻ ജനതയുടെ പ്രതീകമാകുകയാണ് ഈ കുട്ടികൾ.
നാട്ടുകാരായ സുമനസ്സുകളുടെ സാമ്പത്തിക സഹായം കൊണ്ടാണ് സ്‌കൂൾ കലാഭിരുചിയുള്ള കുട്ടികളെ കലോത്സവത്തിലെത്തിക്കുന്നത്.
എങ്ങും നഷ്ടപ്പെടലുകളുടെ വേദന മാത്രമുള്ള നാട്ടിൽ നിന്ന് ഇത്തവണ എങ്ങനെ സഹായം ചോദിക്കും- സിസ്റ്റർ സ്‌റ്റെഫീന (പ്രിൻസിപ്പൽ ,പൂമല സെന്റ് റൊസല്ലോസ് ഹയർസെക്കൻഡറി ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |