ഏതൊരു സ്ഥാപനത്തിന്റെയും നിലനില്പിന്റെയും പുരോഗതിയുടെയും അടിസ്ഥാനം അവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ സംതൃപ്തിയാണ്. ജീവനക്കാർ അസംതൃപ്തരാവുമ്പോൾ സ്ഥാപനത്തിലും അതിന്റേതായ പ്രശ്നങ്ങളുണ്ടാവും. 1994-95 കാലത്ത് പരിയാരം സഹകരണ മെഡിക്കൽ കോളേജ് ആരംഭിക്കുമ്പോൾ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 298 ജീവനക്കാരെയാണ് എം.വി. രാഘവന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നിയമിച്ചത്. ഇതിൽ കുറച്ചുപേർ താൽക്കാലിക ജീവനക്കാരും ബാക്കി സ്ഥിരം ജീവനക്കാരുമായിരുന്നു.
1997ൽ ഇ.കെ. നായനാർ സർക്കാർ സഹകരണ സ്ഥാപനമായി ഏറ്റെടുത്തപ്പോൾ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴിയാണ് ആവശ്യമായ നിയമനങ്ങൾ നടത്തിയത്. 2002ൽ എം.വി. രാഘവന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തിരിച്ചുവന്നപ്പോഴാണ് വിവിധ പാരാമെഡിക്കൽ കോഴ്സുകളും നഴ്സിംഗ് കോളേജ്, നഴ്സിംഗ് സ്‌ക്കൂൾ, ദന്തൽ കോളേജ് എന്നിവ ആരംഭിച്ചത്. ഈ കാലത്ത് ജീവനക്കാരുടെ എണ്ണം 956 ആയി ഉയർന്നു.
ദേദപ്പെട്ട നിലവാരത്തിലുള്ള ശമ്പളമായിരുന്നു ഇക്കാലത്ത് ലഭിച്ചിരുന്നതെന്ന് 1996ൽ മെഡിക്കൽ കോളേജിൽ ജീവനക്കാരനായി എത്തിയ വി.വി. മധുസൂതനൻ പറയുന്നു. 2007നും 2018 നും ഇടയിലുള്ള 11 വർഷത്തിനിടയിൽ വിവിധ തസ്തികകളിൽ സി.പി.എം ഭരണസമിതികൾ നിയമിച്ചത് 944 പേരെയാണ്. 2018ൽ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുമ്പോൾ ജീവനക്കാരുടെ ആകെ എണ്ണം 1986 ആയിരുന്നു. ഇത്രയും ജീവനക്കാരെ സർക്കാർ സർവീസിലേക്ക് ഏറ്റെടുക്കുക എന്നത് ഏതൊരു സർക്കാറിനെ സംബന്ധിച്ചും വലിയൊരു അഗ്നിപരീക്ഷയാണ്. എങ്കിലും ആറ് വർഷത്തിനിടയിൽ 535 നഴ്സിംഗ് ജീവനക്കാരെയും 127 ഡോക്ടർമാരെയും സർക്കാർ സർവീസിലേക്ക് ആഗിരണം നടത്തുന്ന പ്രക്രിയ പൂർത്തീകരിച്ചിട്ടുണ്ട്. മിനിസ്റ്റീരിയൽ ജീവനക്കാർ ഉൾപ്പെടെ 772 പേരെയാണ് ഇനിയും സർക്കാർ ഉദ്യോഗസ്ഥരാക്കി മാറ്റാൻ ബാക്കിയുള്ളത്. മെഡിക്കൽ കോളേജിന്റെ ഭാഗമായ പരിയാരം പബ്ലിക്ക് സ്‌കൂളും ഇതോടൊപ്പം സർക്കാർ ഏറ്റെടുക്കുകയും 12 അദ്ധ്യാപകരെയും 4 അനദ്ധ്യാപകരെയും ഗവൺമെന്റ് ജീവനക്കാരാക്കുകയും ചെയ്തു.
ജീവനക്കാരുടെ പ്രശ്നം
മുഴവൻ ജീവനക്കാരെയും സർക്കാർ ജീവനക്കാരാക്കി മാറ്റുന്ന പ്രക്രിയ പൂർത്തീകരിക്കാത്തതിനാൽ മറ്റ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കുന്നില്ല. സഹകരണ സംഘത്തിന് കീഴിലുള്ള സമയത്ത് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലും ലഭിക്കാതായി. പലർക്കും മുൻകാല സർവീസ് പരിഗണിക്കാതെ സർക്കാർ ഏറ്റെടുത്ത 6 വർഷ കാലയളവിലെ സർവീസ് കണക്കാക്കിയാണ് കഴിഞ്ഞ രണ്ടു വർഷമായി ശമ്പളം അനുവദിക്കുന്നത്. ഇതുകൊണ്ട് 15,000 മുതൽ 10,000 രൂപവരെ നേഴ്സിംഗ് ജീവനക്കാർക്ക് ശമ്പളത്തിൽ കുറവ് വരുന്നുണ്ടെന്ന് അവർ പറയുന്നു. ഈ വർഷം മേയ് 15ന് ഇറങ്ങിയ ഉത്തരവുപ്രകാരം ഗവൺമെന്റ് ഏറ്റെടുത്ത കാലയളവിൽ സർക്കാർ ശമ്പളത്തേക്കാൾ കൂടുതൽ വാങ്ങിയ നേഴ്സിംഗ് ജീവനക്കാരുടെ ശമ്പളതുക തിരിച്ചുപിടിക്കാൻ തീരുമാനിച്ചത് കാരണം 4.5 ലക്ഷം രൂപ വരെ തിരിച്ചടക്കേണ്ടി വരുമെന്ന ആശങ്കയും ജീവനക്കാർക്കുണ്ട്.
ക്ഷാമബത്ത, ശമ്പള വർദ്ധനവ്, സ്ഥാനക്കയറ്റം എന്നിവ കഴിഞ്ഞ 6 വർഷമായി ലഭിക്കുന്നില്ല. അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ഡോക്ടർമാർ ഉൾപ്പെടെ നിരവധി ജീവനക്കാർ രാജിവെച്ചുപോയി. ചിലർ നീണ്ട അവധിയെടുത്തു. അനുകൂല്യങ്ങൾ അനിശ്ചിതമായി നീണ്ടുപോകുമ്പോൾ കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഒട്ടേറെ ജീവനക്കാർ ഇവിടെയുണ്ട്.
പെൻഷനുമില്ല, മെഡിസെപ്പുമില്ല
സർക്കാർ ഏറ്റെടുത്തതിനു ശേഷം 84 ജീവനക്കാരാണ് വിരമിച്ചത്. ഇവർക്ക് ലഭിക്കുന്നത് 2400 മുതൽ 4500 രൂപ വരെ ഇ.പി.എഫ് പെൻഷൻ മാത്രമാണ്. കേവലം രണ്ടുമാസം സ്പാർക്ക് വഴി ശമ്പളം കൈപ്പറ്റിയെന്ന പേരിൽ പലർക്കും അർഹതപ്പെട്ട ഗ്രാറ്റ്വിറ്റിപോലും നിഷേധിക്കപ്പെട്ടു. മെഡിസെപ്പ് ആനുകൂല്യവും ജീവനക്കാർക്കില്ല. ഇപ്പം ശരിയാക്കിത്തരും എന്ന് പറയുന്നതല്ലാതെ ശരിയാക്കാൻ യാതൊരു നീക്കവും നടക്കുന്നില്ല.
മെഡിക്കൽ കോളേജിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് സ്ഥലം എം.എൽ.എ എം. വിജിൻ പ്രതികരിക്കുന്നു അത് നാളെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |