
പയ്യന്നൂർ: ഇന്നലത്തേതു പോലെ വേദനിച്ച ഒരു ദിവസം സമീപകാലത്തൊന്നും രാമന്തളിക്കാർക്ക് ഉണ്ടായിരുന്നില്ല. കുരിശുമുക്കിൽ പാഞ്ഞുകയറിയ പിക്കപ്പ് വാൻ പ്രിയപ്പെട്ടവരായ മൂന്ന് വീട്ടമ്മമാരെ തങ്ങൾക്കിടയിൽ നിന്ന് കൊണ്ടുപോയതറിഞ്ഞ് വിശ്വസിക്കാനാകാത്ത സ്ഥിതിയിലാണ് ഇവിടുത്തെ ഓരോരുത്തരും.
ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ രാവിലെ പണി ആയുധങ്ങളുമായി ഉച്ചക്ക് കാണാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോയവർ തങ്ങൾക്കിടയിൽ ഇനിയില്ലെന്ന തിരിച്ചറിവ് വീട്ടുകാരെയും നാട്ടുകാരെയും ബന്ധുക്കളെയും തെല്ലൊന്നുമല്ല സങ്കടപ്പെടുത്തുന്നത്. അപകടത്തിൽ മരണപ്പെട്ട മൂന്ന് പേരും കല്ലേറ്റുംകടവിന് അത്രയ്ക്ക് വേണ്ടപ്പെട്ടവരായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.അപകടവിവരം അറിഞ്ഞപ്പോൾ ഒന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനയിലായിരുന്നു ഈ നാട്.
ശ്രീലേഖയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ ആ ദുഃഖവാർത്തയുമെത്തി. വിവരമറിഞ്ഞ് നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ സംഭവസ്ഥലത്തും മെഡിക്കൽ കോളജിലുമെത്തി. ടി.ഐ.മധുസൂദനൻ എം.എൽ.എ, മുൻ എം.എൽ.എ സി കൃഷ്ണൻ, സി പി.എം നേതാവ് വി.നാരായണൻ തുടങ്ങിയവർ മെഡിക്കൽ കോളജിൽ എത്തിയിരുന്നു.
വാഹനം മറിഞ്ഞതിനടുത്ത് റോഡരുകിൽ തൊഴിലാളികളുടെ തോർത്ത് മുണ്ടും ചെരിപ്പുകളും മറ്റും ചിതറി കിടക്കുന്നത് ആരുടേയും ഹൃദയം തകർക്കുന്ന കാഴ്ചയായി.
റോഡ് നിയമം പാലിച്ചിട്ടും
രാവിലെ പതിവു പോലെ ഓണപ്പറമ്പിൽ നിന്ന് ഗ്രൂപ്പ് ഫോട്ടോയെടുപ്പ് കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു ഇരുപതോളം വരുന്ന തൊഴിലുറപ്പു തൊഴിലാളികൾ. ഇവരിൽ ശോഭയും യശോദയും ശ്രീലേഖയും കഴിഞ്ഞ ദിവസം ബാക്കി വെച്ച പണി പൂർത്തിയാക്കുവാനായി തിരിച്ചതാണ്. റോഡിൽ നിയമം പാലിച്ച് പാതയുടെ വലതുവശം ചേർന്നായിരുന്നു മൂവരുടേയും യാത്ര. പിറകിൽ നിന്ന് കാലന്റെ രൂപത്തിലെത്തിയ പിക്കപ്പ് വാൻ മൂവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പുറകിൽ നിന്നായതിനാൽ ഓടിമാറാൻ പോലും അവസരം ലഭിച്ചില്ല. ഏഴിമല ടോപ്പ് റോഡിൽ നിന്നും ജല്ലി പൊടിയുമായി ഇറക്കമിറങ്ങി വന്ന വാഹനം നിയന്ത്രണം വിട്ടാണ് അപകടം വരുത്തിവച്ചത്. ശോഭ സംഭവസ്ഥലത്തും യശോദ പയ്യന്നൂർ സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും മരിച്ചു.
അപകടം തയ്യൽക്കടയ്ക്ക് മുന്നിൽ
കുരിശുമുക്കിലെ സി.കെ.രാജീവന്റെ തയ്യൽക്കട പ്രവർത്തിക്കുന്ന രണ്ട് മുറി പീടിക കെട്ടിടത്തിന് മുന്നിലായിരുന്നു രാമന്തളിയെ കരയിച്ച ദാരുണ സംഭവം നടന്നത്. രാവിലെ ഏഴരക്ക് രാജീവൻ കട തുറന്നിരുന്നു. എന്നാൽ സംഭവം നടക്കുമ്പോൾ ചായ കുടിക്കാൻ തൊട്ടടുത്തുള്ള വീട്ടിലേക്ക് പോയി. വലിയ ശബ്ദം കേട്ടാണ് താൻ ഓടിയെത്തിയതെന്ന് രാജീവൻ പറഞ്ഞു. മനസ് മരവിക്കുന്ന കാഴ്ചയാണ് എത്തിയപ്പോൾ കണ്ടത്. ഓടിയെത്തിയവർ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൊഴിലാളികളെ ഇടിച്ചിട്ട ശേഷം തൊട്ടടുത്ത മാവിൽ ഇടിച്ച് പിക്കപ്പ് വാൻ മറിഞ്ഞിരുന്നു. വാഹനത്തിലുണ്ടായിരുന്ന ജല്ലിപ്പൊടി മുഴുവായി റോഡിൽ ചിതറിയ നിലയിലും. മരത്തിൽ ഇടിച്ചില്ലായിരുന്നുവെങ്കിൽ വണ്ടി കടയിലേക്ക് കയറുമായിരുന്നെന്ന് രാജീവൻ പറഞ്ഞു.
കല്ലേറ്റുംകടയിൽ പൊതുദർശനം
സമുദായശ്മശാനത്തിൽ സംസ്കാരം
രാമന്തളി കുരിശുമുക്കിൽ അപകടത്തിനിരയായ മൂന്നുപേരുടെയും ഭൗതീകശരീരം ഇന്ന് രാവിലെ ഒൻപതുമണിയോടെ കല്ലേറ്റുംകടവ് വായനശാലയ്ക്ക് സമീപം പൊതുദർശനത്തിന് വെക്കും. പത്തുമണിയോടെ സമുദായ ശ്മശാനത്തിൽ സംസ്‌കരിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി വരെ ദുഃഖാചരണത്തിന്റെ ഭാഗമായി രാമന്തളി ഗ്രാമപഞ്ചായത്തിൽ ഹർത്താൽ ആചരിക്കും.യശോദയുടെയും ശോഭയുടേയും മൃതദേഹങ്ങൾ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പയ്യന്നൂർ പ്രിയദർശനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ മരിച്ച ശ്രീലേഖയുടെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞ് അർദ്ധരാത്രിയോടെ പ്രിയദർശിനി ആശുപത്രിയിലെത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |