SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 AM IST

നീണ്ട ക്യൂ വേണ്ട; വരുന്നൂ 12 സി.എൻ.ജി. പമ്പുകൾ കൂടി 

cng
സി.എൻ.ജി. പമ്പുകൾ

കണ്ണൂർ: ജില്ലയിൽ സി.എൻ.ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) വാഹനങ്ങൾക്ക് ആശ്വാസമായി കൂടുതൽ സ്റ്റേഷനുകൾ വരുന്നു. കണ്ണൂരിലും മാഹിയിലുമായി 12 സി.എൻ.ജി പമ്പുകളാണ് ഉടൻ തുറക്കുക. 2015 മാർച്ച് മാസത്തിനകം ഇവ കമ്മിഷൻ ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽ ആവശ്യത്തിന് സി.എൻ.ജി പമ്പുകളില്ലാത്തത് ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്.

നിലവിൽ കണ്ണൂർ നഗരത്തിൽ സെൻട്രൽ ജയിൽ പമ്പിൽ മാത്രമാണ് സി.എൻ.ജിയുള്ളത്. ഇവിടെ ഓട്ടോറിക്ഷകളുടെ നീണ്ട നിരയാണ് ദിവസവും. ജില്ലയിൽ ഒൻപത് സി.എൻ.ജി സ്റ്റേഷനുകൾ മാത്രമാണുള്ളത്. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ സ്റ്റേഷനുകൾ തുറക്കാനൊരുങ്ങുന്നത്. ഗെയിൽ പൈപ്പ് ലൈൻ പ്രാദേശികതലത്തിൽ എത്തുന്നതോടെ സി.എൻ.ജി പമ്പുകൾ സജീവമാകുമെന്ന പ്രതീക്ഷയിലായിരുന്നു സി.എൻ.ജി ഓട്ടോഡ്രൈവർ ഉൾപ്പെടെയുള്ളവർ. കൂടാളിയിലെ സിറ്റി ഗ്യാസ് സ്റ്റേഷനുകളിൽ നിന്നാണ് ഇന്ധനമെത്തിക്കുക. ജനുവരി, മാർച്ച് മാസത്തോടെ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും. ഇവയുടെ നിർമ്മാണം നേരത്തെ ആരംഭിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിലും പുതുതായി അഞ്ച് സി.എൻ.ജി സ്റ്റേഷനുകൾ മാർച്ചിനകം തുറക്കും. പുതിയ സ്റ്റേഷനുകൾ തുറക്കുന്നതോടെ കാസർകോട് ആകെ പത്ത്‌ സ്റ്റേഷനുകൾ ആകും. കാസർകോട്, ചെറുവത്തൂർ, കാഞ്ഞങ്ങാട്, കരിന്തളം, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ വരുക. കാസർകോട്, ചെറുവത്തൂർ, തൃക്കരിപ്പൂർ, പെരിയ, കാഞ്ഞങ്ങാട് എന്നിവടങ്ങളിലാണ് നിലവിൽ സി.എൻ.ജി സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. കാഞ്ഞങ്ങാട് നിന്നാണ് ഇവിടങ്ങളിലേക്ക് ഇന്ധനമെത്തിക്കുക.


ആദ്യഘട്ടത്തിൽ 5 സ്റ്റേഷനുകൾ

ആദ്യഘട്ടമായി ഈ മാസം അഞ്ച് സി.എൻ.ജി സ്റ്റേഷനുകൾ തുറക്കും. തളിപ്പറമ്പ്, തലശ്ശേരി, വാരം, പാപ്പിനിശ്ശേരി,
മാഹി എന്നവിടങ്ങളിലാണ് ആദ്യം തുറക്കുന്നത്. തളിപ്പറമ്പ്, ഇരിട്ടി, പഴയങ്ങാടി, മാഹി എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇവ ജനുവരിയിൽ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ചെറുപുഴ, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലെ സ്റ്റേഷനുകൾ മാർച്ചിൽ പ്രവത്തനമാരംഭിക്കും.

സൗകര്യപ്രദമായ സ്ഥലമില്ലാത്തതാണ് പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള തടസം. ഡീസൽ, പെട്രോൾ ടാങ്കുകളുടെ നിശ്ചിത അകലത്തിലായിരിക്കണം സി.എൻ.ജി ടാങ്കുകൾ സ്ഥാപിക്കേണ്ടത്. ഇത് 50 സെന്റ് സ്ഥലമെങ്കിലുമുള്ള പെട്രോൾ പമ്പുകളിൽ മാത്രമെ സാധിക്കുകയുള്ളു.

അധികൃതർ

കണ്ണൂർ ജില്ലയിൽ 400 ഓളം സി.എൻ.ജി. ഓട്ടോറിക്ഷകൾ ഓടുന്നുണ്ട്. ഇന്ധന ലാഭം കണക്കിലെടുത്ത് പലരും സി.എൻ.ജിയിലേക്ക് മാറുന്നുമുണ്ട്. ഇന്ധനം നിറക്കാൻ സംവിധാനമില്ലാത്തത് വെല്ലുവിളിയാകുന്നുണ്ട്.

ഓട്ടോഡ്രൈവർമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CNG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL