കണ്ണൂർ: ശിശുദിന സ്റ്റാമ്പിൽ തിളങ്ങാൻ കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി വി. തന്മയയുടെ ചിത്രം. 'ബാലസൗഹൃദ കേരളം' എന്ന വിഷയത്തിൽ സ്കൂൾ കുട്ടികൾക്കായി സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ, 339 മത്സരാർത്ഥികളിൽനിന്നാണ് തന്മയയുടെ ചിത്രം സ്റ്റാമ്പിൽ ഇടം നേടിയത്. ക്രിയേറ്ററായ നേമം പുഷ്‌പരാജാണ് ചിത്രം തിരഞ്ഞെടുത്തത്.
രണ്ട് കുട്ടികൾ കടൽക്കരയിലെ പൂഴിയിൽ കേരള ഭൂപടം തീർക്കുന്നു. സമീപത്ത് വള്ളത്തിലിരുന്ന് ഈ കാഴ്ച കൗതുകത്തോടെ നോക്കുന്ന മറ്റൊരാൺകുട്ടിയും പെൺകുട്ടിയും. കായൽക്കരയിലെ തെങ്ങുകൾ, പറന്നകലുന്ന പക്ഷികൾ, പ്രകൃതിഭംഗിയും സാംസ്‌കാരിക വൈവിദ്ധ്യവും സമ്മേളിക്കുന്ന കേരളത്തിലെ മനോഹരമായ മതസൗഹാർദ അന്തരീക്ഷം. വിഷയം കിട്ടിയപ്പോൾ കേരളത്തിലെ പ്രകൃതി സൗന്ദര്യവും പുഴകളും മത സൗഹാർദ്ദവും മനസ്സിൽ കണ്ടായിരുന്നു വര.
കലോത്സവ വേദികളിലെ ചിത്രരചനാ മത്സരങ്ങളിൽ വരകളിൽ വർണ്ണ വിസ്മയം തീർക്കുന്ന തന്മയ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കാഞ്ഞങ്ങാട് നടന്ന ചിത്രരചന മത്സരത്തിൽ സപര്യ പുരസ്കാര ജേതാവ് കൂടിയാണ് തന്മയ. ഇന്നലെ ശിശുദിനത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജും ശിശു ക്ഷേമ സമിതിയംഗവും എം. എൽ.എയുമായ അഡ്വ. വി. ജോയിയും ചേർന്ന് സ്റ്റാമ്പ് പ്രകാശനം ചെയ്തു. തന്മയയ്ക്ക് ഉപഹാരവും കാഷ് അവാർഡും നൽകി. സ്കൂളിന് എവറോളിംഗ് പുരസ്കാരവും നൽകി. പുരസ്കാരം ഏറ്റുവാങ്ങാൻ അദ്ധ്യാപകൻ കുട്ടപ്പൻ തമ്പിയോടും രക്ഷിതാക്കളോടൊപ്പവുമാണ് തന്മയ തിരുവനന്തപുരത്തെത്തിയത്.
കണ്ണാടിപ്പറമ്പ് കുടുവാൻ ഹൗസിൽ വി. അശോകൻ, കെ. ചിത്ര ദമ്പതികളുടെ ഏക മകളാണ്. ചിത്രരചനയിൽ അമ്മാവനായ പ്രമോദാണ് ഗുരു.
സ്റ്റാമ്പ് @ 15
15 രൂപയ്ക്കാണ് സ്റ്റാമ്പ് നൽകുന്നത്. ഈ തുക ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ജി.എൽ അരുൺ ഗോപി പറഞ്ഞു. ചിത്രം സ്റ്റാമ്പ് രൂപത്തിൽ പുറത്തിറങ്ങുന്നതിൽ ഒരുപാട് സന്തോഷം തോന്നിയെന്ന് തന്മയയും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |