SignIn
Kerala Kaumudi Online
Friday, 23 October 2026 6.34 PM IST

കോർപറേഷൻ കൗൺസിലിൽ ബഹളം വില്ലൻ തെരുവുനായ

corp

കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പതിനേഴോളം പേർക്ക് പേവിഷബാധയുള്ള തെരുവുനായയുടെ കടിയേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണപ്രതിപക്ഷ ഏറ്റുമുട്ടൽ. തെരുവുനായ നിയന്ത്രണത്തിൽ കോർപറേഷൻ തികഞ്ഞ അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ച എൽ.ഡി.എഫ് ചെയർമാനെ ഉപരോധിച്ചപ്പോൾ ജില്ലാപഞ്ചായത്തിനെയും സർക്കാരിനെയും ഭരണപക്ഷം പഴി ചാരി.

തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തിരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കൗൺസിലർ എൻ.സുകന്യയാണ് പ്രമേയം അവതരിപ്പിച്ചത്. വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം മേയറുടെ നേതൃത്വത്തിൽ ചേർന്ന യോഗം പ്രതിപക്ഷ കൗൺസിലർമാരെ അറിയിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇത്രയും ഗൗരവമായ വിഷയം പ്രതിപക്ഷ കൗൺസിലർമാരെ അറിയിക്കാതെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തുവെന്നായിരുന്നു കൗൺസിലർ ടി.രവീന്ദ്രന്റെ ആരോപണം. എന്നാൽ കൗൺസിലർമാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ യോഗം കൃത്യമായി അറിയിച്ചിരുന്നുവെന്നാണ് ഡെപ്യൂട്ടി മേയർ പി.ഇന്ദിരയുടെ മറുപടി. മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം ചേംബറിനടുത്തെത്തി മുദ്രാവാക്യം വിളിക്കുകയും മേയറെ ഉപരോധിക്കുകയും ചെയ്തു.ഇതിനെ പ്രതിരോധിച്ച് ഭരണപക്ഷ കൗൺസിലർമാരും രംഗത്തെത്തി. കുറച്ച് സമയം പുറത്ത് നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് ശേഷമാണ് പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തത്.

സർക്കാർ ഒന്നും ചെയ്തില്ലെന്ന് ഭരണപക്ഷം

തെരുവ് നായ വിഷയത്തിൽ സർക്കാർ ഒന്നും ചെയ്തില്ലെന്നും കോർപ്പറേഷനെ കുറ്റം പറഞ്ഞ് മുഖംമറയ്ക്കുകയെന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ കുറ്റപ്പെടുത്തി. പ്രതിപക്ഷം ഉന്നയിച്ച പ്രമേയം ചർച്ച ചെയ്യപ്പെടണമെന്നും സർക്കാർ ഈ വിഷയത്തിൽ എന്തു ചെയ്തെന്നു കൂടി പരിശോധിക്കണമെന്നുമായിരുന്നു മുൻ മേയർ ടി.ഒ.മോഹനന്റെ നിലപാട്.

തെരുവ് നായ വിഷയത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി നീങ്ങാമെന്ന മേയർ മുസ്‌ലിഹ് മഠത്തിലിന്റെ ഉറപ്പിലാണ് ഒടുവിൽ വിഷയം അവസാനിപ്പിച്ചത്..സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സിയാദ് തങ്ങൾ, എം.പി രാജേഷ്, പി.ഷമീമ, എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

പ്രതിപക്ഷം ആരോപിച്ചത്

തെരുവ് നായ നിയന്ത്രണത്തിൽ കോർപ്പറേഷന് തികഞ്ഞ അനാസ്ഥ

കോർപറേഷൻ പരിധിയിൽ എ.ബി.സി പദ്ധതി നടപ്പാക്കാനോ നായ ഷെൽട്ട‌ർ സ്ഥാപിക്കാനോ നടപടിയില്ല

വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗം പ്രതിപക്ഷ കൗൺസിലർമാരെ അറിയിച്ചില്ല

ഭരണപക്ഷ മറുപടി

2022 ആഗസ്ത് 23ലെ സ‌ർക്കാർ ഉത്തരവ് പ്രകാരം തെരുവ് നായ ശല്യം പരിഹരിക്കേണ്ടത് ജില്ലാ പഞ്ചായത്ത്

ഇതിനായി 20 ലക്ഷം രൂപ കോർപ്പറേഷൻ കണ്ണൂർ ജില്ലാ പഞ്ചായത്തിന് കൈമാറി

നടപടിയില്ലാത്തതിനാൽ രണ്ടുതവണ ജില്ലാ പഞ്ചായത്തിന് കത്ത് നൽകി

പരിഹാരം കാണേണ്ടത് തദ്ദേശസ്ഥാപനങ്ങളെന്ന് ജില്ലാപഞ്ചായത്തിന്റെ മറുപടി.

മൃഗസംരക്ഷണ വകുപ്പിനും കുറ്റപ്പെടുത്തൽ

തെരുവ് നായ വിഷയം കൈകാര്യം ചെയ്യുന്നതിൽ മൃഗസംരക്ഷണ വകുപ്പ് തികഞ്ഞ അലംഭാവം കാണിക്കുന്നുവെന്നാണ് ഡെപ്യൂട്ടി മേയർ ഉൾപ്പെടെയുള്ളവർ ആരോപിച്ചത്. ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ കോമ്പൗണ്ടിൽ സ്ഥലം ഉണ്ടായിട്ടും പിടികൂടിയ നായകളെ നിരീക്ഷിക്കാൻ സംവിധാനമുണ്ടാക്കുന്നില്ല. വെറ്റിനറി ഡോക്ടർമാരുടെ സേവനവും നൽകുന്നില്ല.ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പടിയൂരിലെ എ.ബി.സി സെന്ററും കൈയൊഴിഞ്ഞുവെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL