SignIn
Kerala Kaumudi Online
Friday, 23 October 2026 7.59 AM IST

അന്വേഷണസംഘങ്ങളെ കബളിപ്പിച്ചത് 20 മാസം  പ്രത്യേക സംഘം പ്രതികളിലെത്തിയത് രണ്ടുമാസത്തിനുള്ളിൽ

shameema

ആക്ഷൻ കമ്മിറ്റിയുടെ ഇടപെടൽ വേഗത്തിലാക്കി

കാസർകോട്: പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ 20 മാസം മുമ്പ് നടന്ന കൊലപാതകം അന്വേഷണം ഏറ്റെടുത്ത കാസർകോട് ഡി.സി ആർ.ബി ഡിവൈ.എസ്.പി കെ.ജെ ജോൺസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തെളിയിച്ചത് വെറും രണ്ടുമാസം നടത്തിയ അന്വേഷണത്തിൽ.കൊല നടന്ന് 15 ദിവസം കഴിഞ്ഞപ്പോൾ തന്നെ രംഗത്തുവന്ന ആക്ഷൻ കമ്മിറ്റിയുടെ കൃത്യമായ ഇടപെടലാണ് അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോകുന്നതിന് ഇടയാക്കിയത്.

ആത്മഹത്യയെന്ന് പറഞ്ഞു തള്ളുമായിരുന്ന ദുരൂഹമരണം കൊലപാതകമെന്ന് തെളിയിക്കാൻ കഴിഞ്ഞത് ആക്ഷൻ കമ്മിറ്റിയും ബന്ധുക്കളും നൽകിയ രഹസ്യ വിവരങ്ങളെ തുടർന്നാണ്. ലോകസഭാ തിരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിയപ്പോൾ ആക്ഷൻ കമ്മിറ്റി ചെയർമാൻ അസൈനാർ ആമു ഹാജി, കൺവീനർ സുകുമാരൻ പൂച്ചക്കാട് എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. ഇതാണ് തുടർനടപടികളിൽ വഴിത്തിരിവായത്. തുടർന്ന് ആക്ഷൻ കമ്മിറ്റിനേതാക്കളും കുടുംബവും ജില്ലാ പൊലീസ് മേധാവിയെ സന്ദർശിച്ച് തങ്ങളുടെ സംശയങ്ങൾ ബോദ്ധ്യപ്പെടുത്തിയതിനെ തുടർന്നാണ് രണ്ടു മാസം മുമ്പ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കപ്പെടുന്നത്. പതിനാലു മാസം കേസ് അന്വേഷിച്ചത് ബേക്കൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ലോക്കൽ പൊലീസ് ആയിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് രണ്ടു മാസം അന്വേഷണം നടന്നില്ല. പിന്നാലെ രണ്ടു മാസം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും അന്വേഷിച്ചു. ആൾക്ഷാമമാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ബാധിച്ചത്.

വഴിതെറ്റിക്കാൻ കള്ളപരാതികൾ

ഡി സി ആർ ബി ഡിവൈ. എസ്.പി ജോൺസന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തതോടെ പ്രതികൾ അങ്കലാപ്പിലായിരുന്നു. കേസ് ഫയൽ കിട്ടിയതിന് ശേഷം അന്വേഷണസംഘം നാനൂറിലധികം പേരെ ചോദ്യം ചെയ്തു. തെളിവുകൾ പരിശോധിച്ച് ഉറപ്പ് വരുത്തി. ഫോൺ കാളുകൾ, സി സി ടി.വി ദൃശ്യങ്ങൾ എന്നിവയും തെളിവുകളായെത്തി. ഇതോടെ അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള നീക്കവും പ്രതികളിൽ നിന്നുണ്ടായി. അന്വേഷണസംഘത്തലവനായ ഡിവൈ.എസ്.പി കെ.ജെ.ജോൺസൺ മർദ്ദിച്ചു പരിക്കേൽപ്പിച്ചുവെന്നാരോപിച്ച് മൂന്നും നാലും പ്രതികളായ അസ്നഫും അയിഷയും കാസർകോട് ജനറൽ ആശുപത്രിയിലും ചെങ്കള സഹകരണ ആശുപത്രിയിലും ചികിത്സ തേടി. . പിന്നാലെ പ്രതിയായ മന്ത്രവാദിനി കെ.എച്ച്.ഷമീന ഡിവൈ.എസ്.പിമാരായ ഉത്തംദാസ്, കെ.ജെ.സൈമൺ,ആക്ഷൻ കമ്മിറ്റി ചെയർമാൻ അസൈനാർ ആമു ഹാജി, കൺവീനർ സുകുമാരൻ പൂച്ചക്കാട് എന്നിവർക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഇവർ തങ്ങളെ ദ്രോഹിക്കുന്നുവെന്നായിരുന്നു ഷമീനയുടെ പരാതിയിലുണ്ടായിരുന്നത്. ഈ സംഭവങ്ങൾക്ക് പിന്നാലെ പ്രതികൾക്ക് കൊലപാതകവുമായുള്ള ബന്ധം അന്വേഷണ സംഘം കൃത്യമായ തെളിവുകളോടെ കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

തെളിവെടുപ്പിനെത്തിച്ചത് വൈകിട്ടോടെ

അറസ്റ്റിലായ പ്രതികളെ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ആണ് പൂച്ചക്കാട്ടെ വീട്ടിൽ കൊണ്ടുവന്നത്. ആറര വരെ തെളിവെടുപ്പ് നീണ്ടു.ഗഫൂർ ഹാജിയുടെ ഭാര്യ ഷെരീഫ, മക്കളായ ഫാത്തിമത്ത് റഹ്മ , ഉമ്മുകുൽസു എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, GAFOOR HAJI CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL