
കണ്ണൂർ: രാപകൽ ജോലി ചെയ്തിട്ടും ശമ്പളം പോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയിലാണ് വനംവകുപ്പിലെ താത്കാലിക വാച്ചർമാർ. ഒരു മാസം മുഴുവൻ ജോലി ചെയ്താലും പതിനെട്ടു ദിവസത്തെ ശമ്പളം വാങ്ങി തൃപ്തിപ്പെടേണ്ട അവസ്ഥ. നാല് മാസം മുതൽ പത്ത് മാസം വരെ വേതനം കുടിശ്ശികയാകുന്ന സ്ഥിതി വേറെ. ജോലിക്ക് കൂലി ലഭിക്കാതായതോടെ ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ കടുത്ത പ്രാരബ്ധത്തിലൂടെയാണ് കടന്നുപോകുന്നത്.
തീർത്തും പ്രതികൂലമായ സാഹചര്യങ്ങളിലാണ് വാച്ചർമാരുടെ ജോലി. എന്നാൽ സർക്കാർ വകുപ്പിൽ മറ്റുള്ളവർക്ക് ലഭിക്കുന്നതു പോലും ഇവർക്ക് ലഭ്യമാകുന്നില്ലെന്നതാണ് വസ്തുത. ഇ.പി.എഫും ഇ.എസ്.ഐയുൾപ്പെടെ ലഭിക്കേണ്ടതാണെങ്കിലും നിലവിൽ ആനുകൂല്യങ്ങളുടെ പരിധിയിൽ ഇവർ പെട്ടിട്ടില്ല.വിസ്തൃതമായ വനമേഖലയുള്ള സംസ്ഥാനത്ത് രണ്ടായിരത്തിലധികം പേരാണ് ഈ വിധത്തിൽ ജോലി ചെയ്യുന്നത്.
വനംകൊള്ളക്കാർക്കും വന്യജീവികൾക്കും നടുവിൽ
വന്യജീവികളുടെ ആക്രമണത്തിൽ നിന്നും വനം കൊള്ളയടിക്കാൻ വരുന്നവരെ തടയാനും വേണ്ട യാതൊരുവിധ പരിശീലനമോ ഇവർക്ക് ലഭിക്കുന്നില്ല. സൗകര്യങ്ങളും ഇല്ല. വന്യജീവി ആക്രമണത്തിന് പുറമെ വനംകൊള്ളക്കാരുടെയും മാവോയിസ്റ്റുകളെയുമടക്കമുള്ള ഭീഷണിയെ ചെറുക്കേണ്ട വാച്ചർമാർക്ക് സ്വജീവൻ കാക്കാനാവശ്യമായ ആയുധങ്ങളോ സൗകര്യങ്ങളോ ഇല്ല. പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയുമാണ് വന്യജീവികളെ താത്കാലികമായി അകറ്റുന്നത്. വന്യജീവികൾ അകലുന്നത് വരെ താത്കാലിക ഷെഡ്ഡുകെട്ടി രാത്രികാലങ്ങളിൽ ഉറങ്ങാതെ കാത്തുനിൽക്കേണ്ട സാഹചര്യമാണ്.
പരാതികൾ വേറെയും
യൂണിഫോമോ ഐ.ഡി കാർഡോ ഈ വിഭാഗത്തിന് നൽകിയിട്ടില്ല.
തൊഴിൽദിനങ്ങൾ യാതൊരു മാനദണ്ഡവുമില്ലാതെ വെട്ടിക്കുറക്കുന്നു
10 മുതൽ 15 വർഷം വരെ ജോലി ചെയ്തിട്ടും സ്ഥിരനിയമനമില്ല
മഴകാലത്തുപോലും ബൂട്ട്, റെയിൻകോട്ട്, ടോർച്ച് എന്നിവ നൽകാറില്ല
സമരമല്ലാതെ എന്ത് വഴി
ജില്ലയിലെ ഫോറസ്റ്റ് വാച്ചർമാർക്ക് അഞ്ച് മാസത്തെ വേതനമാണ് നിലവിൽ കുടിശ്ശികയായി കിടക്കുന്നത്. കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽേ കുട്ടികളുടെ വിദ്യാഭ്യാസം, വീട്ടുചെലവുകളുമെല്ലാം ബുദ്ധിമുട്ടിലാകുകയാണെന്ന് ജീവനക്കാർ പറഞ്ഞു. ഫോറസ്റ്റ് വാച്ചർമാരുടെ ശമ്പളകുടിശ്ശിക എത്രയും പെട്ടെന്ന് നൽകുക, സർക്കാർ പ്രഖ്യാപിച്ച ഫെസ്റ്റിവെൽ അലവൻസ് വിതരണം ചെയ്യുക, വാച്ചർമാർക്ക് ഐഡന്റിറ്റി കാർഡ് വിതരണം ചെയ്യുക, യൂണിഫോം, ബൂട്ട് , ലൈറ്റ് എന്നിവ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വീണ്ടും സമരരംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് ഫോറസ്റ്റ് വാച്ചർമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |