SignIn
Kerala Kaumudi Online
Friday, 23 October 2026 8.26 AM IST

കുടം തുറന്ന് കൂടോത്രം 3 ഗഫൂർ ഹാജിയെ കൊലപ്പെടുത്താൻ മർമ്മചികിത്സ

veed-

ഇരുപത് മാസങ്ങൾക്ക് മുമ്പ് റംസാൻ വ്രതാനുഷ്ടാനത്തിന് ഇടയിലാണ് പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്മയിലെ എം.സി അബ്ദുൾ ഗഫൂർ ഹാജി(55)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വഭാവികമരണമെന്ന് വിധിയെഴുതിയ മരണമാണ് ഇപ്പോൾ കൊലപാതകമാണെന്ന് തെളിഞ്ഞത്.ഗഫൂർഹാജിയുടെ മരണത്തിന് ശേഷം 596 പവൻ സ്വർണം കാണാതായതിന് പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതാണ് കേസിൽ നിർണായകമായത്. കേസിൽ മന്ത്രവാദിനിയായ ജിന്നുമ്മ എന്ന ഷമീമയും ഭർത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെയാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

കേസിൽ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മീത്തൽ മാങ്ങാട് കൂളിക്കുന്നിൽ താമസിക്കുന്ന ഉബൈദ് എന്ന ഉവൈസ് (38)ഒന്നും ഭാര്യകെ.എച്ച് ഷെമീമ (38) രണ്ടും അസ്നീഫ (34) മധൂർ കൊല്ല്യയിലെ ആയിഷ (40) എന്നിവർ മൂന്നും നാലും പ്രതികളായാണ് അറസ്റ്റുചെയ്യപ്പെട്ടത്. മന്ത്രവാദത്തിലൂടെ സ്വർണ്ണം ഇരട്ടിപ്പിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് ഗഫൂർ ഹാജിയിൽ നിന്ന് വാങ്ങിയ 596 പവൻ തിരിച്ചു കൊടുക്കാതിരിക്കാനായിരുന്നു കൊലപാതകം. ഇതിനായി മാസങ്ങൾ നീണ്ട ആസൂത്രണമാണ് പ്രതികൾ നടത്തിയത്.. ശരീരത്തിലെ മർമ്മ ഭാഗത്ത് പ്രഹരമേല്പിച്ചു ശബ്ദം പുറത്തുവരാതെ കൊല്ലുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായി ജിന്നുമ്മയും മൂന്നും നാലും പ്രതികളായ അസ്നീഫയും ആയിഷയും എറണാകുളം കളമശ്ശേരിയിലുള്ള മർമ്മ ചികിത്സ ഇൻസ്റ്റിറ്റ്യൂട്ടിൽ മർമ്മചികിത്സ പഠിക്കാൻ പോയി. അക്യൂപങ്‌ചർ കോഴ്സ് പരിശീലിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് കൊലപാതകപദ്ധതി തയ്യാറാക്കിയത്. അക്യൂപങ്‌ചർ കോഴ്സ് പരിശീലിച്ചതിന്റെ സർട്ടിഫിക്കറ്റ് പ്രത്യേക അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി കെ. ജെ ജെയ്സൺ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ആസൂത്രണം അസ്നിഫയുടെ വീട് കേന്ദ്രീകരിച്ച്

ഗഫൂർ ഹാജിയുടെ വീടിന് 500 മീറ്റർ അകലെയാണ് മൂന്നാംപ്രതി അസ്നിഫയുടെ വീട്. ഈ വീട് കേന്ദ്രീകരിച്ചാണ് മർമ്മ വിദ്യ പ്രയോഗിക്കേണ്ട വിധം ചർച്ച ചെയ്ത് കൊലപാതകം ആസൂത്രണം ചെയ്തത്. ഏപ്രിൽ 13ന് രാത്രി 6.15നും 7.15നും ഇടയിൽ ആഭിചാര ക്രിയ നടത്തുന്നതിനായി പൂച്ചക്കാട്ടെ കടയിൽ നിന്നാണ് ഗഫൂർ ഹാജി കടുകും ഉപ്പും കർപ്പൂരവും മറ്റും വാങ്ങിച്ചത്. എഴുതി തയ്യാറാക്കിയ തകിടും ഏലസും ജിന്നുമ്മ കൊണ്ടുവന്നിരുന്നു. ഗഫൂർഹാജിയുടെ വീട്ടിനുള്ളിൽ വച്ചായിരുന്നു കൃത്യം നടത്താൻ നിശ്ചയിച്ചത്. ഗഫൂർഹാജിയെ പ്രത്യേകവസ്ത്രം ധരിപ്പിച്ച് കൈകൾ തലക്ക് പിറകുവശം ചേർത്ത് പിടിച്ചിരുത്തിയ ശേഷമാണ് ജിന്നുമ്മ ആഭിചാരക്രിയകൾ തുടങ്ങിയത്.ആഭിചാരക്രിയക്കിടെ മർമ്മം നോക്കി പ്രഹരിച്ച് ബോധംകെടുത്തി തല ചുമരിൽ ഇടിച്ച് കൊല നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്.


'പാത്തുട്ടി'യുടെ ആത്മാവും പിറന്നാൾ ആഘോഷവും

മൂന്ന് പ്രേതാത്മാക്കളുടെ ബാധ ശരീരത്തിലുണ്ടെന്നാണ് ഗഫൂർ ഹാജിയെ ജിന്നുമ്മ വിശ്വസിപ്പിച്ചത്. ഇതിലൊന്ന് 'പാത്തൂട്ടി' എന്ന പെൺകുട്ടിയുടെ ആത്മാവായിരുന്നു. മുമ്പ് ഗഫൂർ ഹാജിയുടെ ബന്ധുവിന്റെ ശരീരത്തിൽ കൂടിയ ബാധയെ ബെൽറ്റ് കൊണ്ട് അടിച്ച് ഒഴിപ്പിച്ചത് കണ്ടിരുന്ന ഇദ്ദേഹത്തിന് ഷമീമയുടെ പ്രയോഗം ശരിക്കും ബോധിച്ചിരുന്നു. അതിനാലാണ് മൂന്ന് ആത്മാക്കൾ കൂടിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ബാധ ഒഴിപ്പിക്കാൻ ജിന്നുമ്മയുടെ സഹായം തേടിയത്. ആഭിചാര ക്രിയ നടത്തുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടാകരുതെന്ന് ഷമീമ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഗഫൂർ ഹാജി ഭാര്യയെയും മക്കളെയും മേല്പറമ്പിലെ ജ്യേഷ്ഠത്തിയുടെ വീട്ടിലാക്കിയിരുന്നു. കോളേജിൽ പോയിരുന്ന മകളോട് ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ വീട്ടിലേക്ക് പോകാനും നിർദ്ദേശിച്ചു. അടുത്ത വീടുകളിലെ ക്യാമറകളിൽ പതിയാതിരിക്കാൻ പിറകിലെ റോഡിലൂടെ എത്തി മുൻഭാഗത്തെ വാതിലിലൂടെയാണ് സംഘം അകത്ത് കടന്നത്. ക്രിയ നടത്തുമ്പോൾ ഹാജിയെ ധരിപ്പിച്ചിരുന്ന വസ്ത്രം കൊലക്ക് ശേഷം മടങ്ങുമ്പോൾ ജിന്നുമ്മയും സംഘവും കൊണ്ടുപോയി നശിപ്പിച്ചു. വന്ന വഴിയിലൂടെ തന്നെയായിരുന്നു സംഘം രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തി. ഇതിന് ശേഷം ഉവൈസിന്റെ തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഘോഷത്തിലും സംഘം പങ്കെടുത്തു. ആഘോഷത്തിന്റെയും കേക്ക് മുറിക്കുന്നതിന്റെയും ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഈ ദിവസം തങ്ങൾ പിറന്നാൾ ആഘോഷത്തിൽ ആയിരുന്നുവെന്ന് ബോധിപ്പിക്കാനായിരുന്നു ഇത്. കൊലക്ക് ശേഷം ഗഫൂർ ഹാജിയുടെ ഫോണിലേക്കും ഭാര്യയുടെ ഫോണിലേക്കും ജിന്നുമ്മയും സംഘവും വിളിച്ചത് നിരവധി കോളുകളും വന്നിരുന്നു. മാലിക് ദീനാറിൽ പ്രത്യേക പ്രാർത്ഥനക്ക് വരാമെന്ന് പറഞ്ഞിരുന്നുവെന്നും കാണാത്തത് കൊണ്ട് വിളിക്കുന്നുവെന്നുമായിരുന്നു ഷമീമ ഗഫൂർ ഹാജിയുടെ ഭാര്യയോട് വിളിച്ചുപറഞ്ഞത്.


(നാളെ: കോട്ട് ധരിച്ച ഡോ.ഷെമീമയും ബേക്കൽ പൊലീസിലെ ക്‌ളൈമാക്സും )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PARAMBARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL