SignIn
Kerala Kaumudi Online
Friday, 23 October 2026 10.36 AM IST

നാട്ടുകാരുടെ പ്രതിഷേധിച്ചു; പൂക്കുണ്ടിലെ ഡിജിറ്റൽ റീ സർവ്വേ വീണ്ടും നിർത്തി

sarvey

കേളകം: നികുതി അടയ്ക്കുന്നതും രേഖയുള്ളതുമായ കർഷകരുടെ ഭൂമി നഷ്ടപ്പെടില്ലെന്ന തലശ്ശേരി സബ് കളക്ടറുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ച് ആറളം പുഴയുടെ രേഖ വച്ച് ചീങ്കണ്ണിപ്പുഴയോരത്തെ ഭൂമിയിൽ ഡിജിറ്റൽ സർവ്വേ നടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.ഇതോടെ പ്രദേശത്തെ റീ സർവ്വേ നിർത്തിവച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി.

നേരത്തെ നാട്ടുകാരുടെ പ്രതിഷേധത്തിൽ മുടങ്ങിയ സർവേ സബ് കളക്ടറുടെ ഉറപ്പിനെ തുടർന്നായിരുന്നു ഇന്നലെ രാവിലെ പുനരാരംഭിച്ചത്. ഓരോരുത്തരുടെയും രേഖയെ അടിസ്ഥാനമാക്കിയുള്ള സ്ഥലത്തിന്റെ അതിരുകളും വിസ്തീർണവും തുടക്കത്തിൽ തന്നെ അറിയിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ അതിന് നിലവിൽ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥർ മറുപടി നൽകിയത്. കേളകം വില്ലേജ് രേഖകൾ പ്രകാരം പരിശോധിച്ച ശേഷം മാത്രമേ സർവേ നടത്തുകയുള്ളുവെന്നുള്ള സബ് കളക്ടറുടെ ഉറപ്പിന്റെ ലംഘനമാണിതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. അനുബന്ധ ഭൂമികൾ അളന്നാൽ മാത്രമെ ആ വിഷയം പരിഹരിക്കപ്പെടുകയുള്ളുവെന്ന സർവേ സംഘത്തിന്റെ നിലപാട് അംഗീകരിച്ച് അളവ് തുടരാൻ രാവിലെ നാട്ടുകാർ സമ്മതിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ തവണ അളവ് പൂർത്തിയാക്കിയ ഭൂമിയുടെ അതിരുകളും വിസ്തീർണവും ഉടമകൾക്ക് നൽകാൻ സർവ്വേ ടീം തയ്യാറാകാത്തതിനെ തുടർന്ന് വീണ്ടും പ്രതിഷേധം ഉയരുകയായിരുന്നു. നിലവിലെ സംവിധാനം വച്ച് ഇതിന് സാധിക്കില്ലെന്നായിരുന്നു സർവേ ഉദ്യോഗസ്ഥരുടെ നിലപാട്. തങ്ങളുടെ സ്ഥലത്തിന്റെ അളവുകൾ അറിഞ്ഞാൽ മാത്രമേ അപര്യാപ്തതകൾ പരിഹരിക്കാനും, പരാതിപ്പെടാനും സാധിക്കുകയുള്ളുവെന്ന് ഉടമകൾ പറഞ്ഞെങ്കിലും ഇപ്പോൾ അതിന് സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇതിനെ സ്ഥല ഉടമകൾ എതിർത്തതോടെ സർവേ തുടരാൻ സാധിക്കാതെ വരികയായിരുന്നു.

സർവേ വന്യജീവി സങ്കേതത്തിന് വേണ്ടിയെന്ന് ആരോപണം

അതിരുകൾ മുൻരേഖകൾ പ്രകാരം സർവ്വേ ടീമിന് കൃത്യമായി അറിയാമെന്നിരിക്കെ ജനങ്ങളെ പരിഭ്രാന്തരാക്കുന്നത് ചീങ്കണ്ണിപ്പുഴയെ ആറളം വന്യജീവി സങ്കേതത്തിന്റെ ഭാഗമാക്കുന്നതിന് വേണ്ടിയാണെന്നാണ് കർഷകരുടെ ആരോപണം. കർഷകർ വർഷങ്ങളായി കൈവശം വെച്ചിരുന്ന ഭൂമി പുഴപുറമ്പോക്കായി അളന്നതും പ്രതിഷേധത്തിന് കാരണമായി. കൃത്യമായി അതിരടയാളങ്ങൾ ഉള്ള ഭൂമി പുറമ്പോക്കായി കണക്കാക്കാൻ റവന്യു വകുപ്പിന് എന്ത് അധികാരമാണുള്ളതെന്നാണ് കർഷകരുടെ ചോദ്യം.

കേളകം പഞ്ചായത്തിനോട് ചേർന്നുള്ള ഭാഗം കേളകം പഞ്ചായത്തിലും മറുകര ആറളത്തിന്റെ ഭാഗവുമാണെന്നിരിക്കെ ചീങ്കണ്ണിപ്പുഴ പൂർണമായും ആറളത്തിന്റെ ഭാഗമാണെന്ന് പറയുന്നത് സർവേയുടെ പേരിൽ തുടർച്ചയായി നടക്കുന്ന ജനദ്രോഹ നടപടിയാണ്-
സണ്ണി ജോസഫ് എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL