
കണ്ണൂർ:വളപട്ടണത്തെ അരി വ്യാപാരി അഷറഫിന്റെ വീട്ടിൽ നിന്നും 1.21 കോടി രൂപയും 267 പവൻ സ്വർണ്ണവും കവർന്ന കേസിലെ പ്രതി ലിജീഷിനെ അഷറഫിന്റെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.ഇന്നലെയാണ് പൊലീസിന് രണ്ടുദിവസത്തേക്കായി ലിജീഷിനെ കസ്റ്റഡിയിൽ കിട്ടിയത്. ഇന്ന് വൈകീട്ട് കസ്റ്റഡി കാലാവധി അവസാനിക്കും.
കവർച്ച നടന്ന വളപട്ടണം മന്നയിലുള്ള അഷറഫിന്റെ വീട്ടിലേക്കാണ് ലിജിഷിനെയും കൊണ്ട് പൊലീസ് ആദ്യം എത്തിയത്.വളപട്ടണം ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മുഖം താവാല കൊണ്ട് മറച്ചു പിടിച്ച് കൊണ്ടായിരുന്നു ലിജീഷ് തെളിവെടുപ്പിനെത്തിയത്.
മതിൽ ചാടിക്കടന്നു
അഷറഫിന്റെ വീടിന് തൊട്ടു പിറകിലുള്ള രണ്ടാമത്തെ വീടാണ് ലിജീഷിന്റേത്. 20ന് രാത്രിയാണ് അയൽവാസിയുടെ വീട്ടിൽ ലിജീഷ് കവർച്ച നടത്തിയത് . രാത്രി 8.34 ഓടെ പുറത്തിറങ്ങി വീടിന്റെ സമീപത്ത് നിലയുറപ്പിച്ചുവെന്നും വീടിന്റെ മതിൽ ചാടിയാണ് അഷറഫിന്റെ വീട്ടിലെത്തിയതെന്നും ഈയാൾ പൊലീസിനോട് വിശദീകരിച്ചു. ജനൽ തുറന്ന് കമ്പികൾ അറുത്ത് മാറ്റി അകത്ത് കയറിയ വിധവും ലിജീഷ് കാട്ടിക്കൊടുത്തു.മോഷണത്തിന് വീട്ടിലേക്ക് വന്നതും വീണ്ടും തിരിച്ചു പോയതുമെല്ലാം ലിജീഷ് വിവരിച്ചു. മോഷണം നടന്ന വീട്ടിലെ തെളിവെടുപ്പിന് ശേഷം ലിജീഷിനെ സ്വന്തം വീട്ടിലെത്തിച്ചും തെളിവെടുത്തു. വീട്ടിലെ കിടപ്പു മുറിയിലെ കട്ടിലിനടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ മോഷ്ടിച്ച സ്വർണ്ണവും പണവും സൂക്ഷിച്ച രീതിയും പ്രതി പൊലീസിനെ കാണിച്ചുകൊടുത്തു. പ്രതി നൽകിയ വിവരങ്ങൾ അന്വേഷണസംഘം ശാസ്ത്രീയമായി പരിശോധിച്ചു .
കീച്ചേരി കവർച്ചയിൽ ഉടൻ അറസ്റ്റ്
തെളിവെടുപ്പ് പൂർത്തിയാകുന്നതോടെ പ്രതിക്ക് മറ്റ് കവർച്ചകളിൽ പങ്കുണ്ടോ എന്ന കാര്യം കൂടി പൊലീസ് അന്വേഷിക്കും.കീച്ചേരിയിൽ ലിജീഷ് നടത്തിയതായി തെളിഞ്ഞിട്ടുള്ള കേസിൽ പ്രതിയുടെ അറസ്റ്റ് ഉടനെ തന്നെ പൊലീസ് രേഖപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |