
നീലേശ്വരം:ഐതിഹ്യസ്മരണയുണർത്തി കരിന്തളം കളരിയാൽ ഭഗവതി ക്ഷേത്രമുറ്റത്ത് തൃക്കാർത്തിക നാളിൽ പടയേറ്. കടത്തനാടൻ ധീരയോദ്ധാവായ തച്ചോളി ഒതേനൻ കരിന്തളം കളരിയിൽ എത്തി ഇവിടുത്തെ ഗുരുക്കൻമാരുമായി പയറ്റ് നടത്തിയ ഐതിഹ്യത്തിന്റെ ഓർമ്മ പുതുക്കിയാണ് എല്ലാംവർഷവും തൃക്കാർത്തികനാളിൽ പടയേറ് നടന്നുവരുന്നത്.
വടക്കേ മലബാറിലെ യാദവസമുദായത്തിന്റെ പ്രശസ്തമായ കളരികളിലൊന്നായ കരിന്തളം കളരിയുടെയും കരിന്തളം തറവാടായ ഇടയിലെ വീട്ടിലെയും മദ്ധ്യത്തിലുള്ള വയലിൽ കാരക്കായ് കൊണ്ടാണ് പ്രതീകാത്മകമായ പടയേറ് നടന്നത്.
വാലിയക്കാർ രാവിലെ വ്രതശുദ്ധിയോടു കൂടി തലയടുക്കത്തുള്ള കാരാട്ട് കാവിൽ എത്തുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. കാവും പരിസരവും ശുചീകരിച്ച ശേഷം കാരക്കായ് പറിച്ചെടുത്ത് വാളൂർ മുത്തശ്ശിതൊണ്ടിൽ എത്തി കുളി കഴിഞ്ഞ് കളരിയിലെ പടിപ്പുരയിലേത്ത് വാലിയക്കാർ തിരിക്കും. ഈ സമയം ഇടയിലെ വീട്ടിലെ തറവാട്ടിൽ നിന്ന് എതിർചേരിയിലെ വാലിയക്കാർ എത്തുന്നതോടെയാണ് പടയേറിന് തുടക്കമാകുന്നത്. നേരത്തെ പടിപ്പുരയിൽ എത്തിയ വാലിക്കാർ വയലിൽ ഇറങ്ങുന്നതോടെ മൂത്ത ആൾ പട ഒത്തുവോ എന്ന് ചോദിക്കുകയും ഒത്തു എന്ന് മറുഭാഗത്ത് നിന്ന് മറുപടി വരുന്നതോടെ പരസ്പരം കാരക്കായ് കൊണ്ടുള്ള ഏറ് തുടങ്ങുകയും ചെയ്യുന്നു. ഒടുക്കം ഇടയിലെ വീട്ടിൽ നിന്ന് വന്ന വിഭാഗം പിറകോട്ട് പോകുന്നതോടെ മൂത്ത ഗുരുക്കളുടെ നിർദേശപ്രകാരം ഏറ് നിർത്തും. ഇതിന് ശേഷം ഇടയിലെ വീട്ടിൽ വച്ച് എല്ലാവർക്കും വാഴത്തടയിൽ ഇലയിട്ട് കുമ്പളങ്ങ പുളിശ്ശേരി ചേർത്ത് കഞ്ഞി വിളമ്പും. തൃക്കാർത്തികയുടെ ഭാഗമായി വൈകിട്ട് കാരാട്ട് കാവിലേക്ക് കാഴ്ച്ച വരവും നടന്നു.കാരാട്ട് കാവിൽ നിന്ന് കീഴ്മാല മൂരിക്കാനം പൂമാല ഭഗവതിക്ഷേത്രത്തിലെ പാട്ട് കൂടൽ ചടങ്ങിനായി ദീപവും തിരിയും കൊണ്ടുപോകുന്ന ചടങ്ങും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |