
കാസർകോട് :ഔദ്യോഗിക തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി ബേക്കൽ അന്താരാഷ്ട്ര ടൂറിസം കേന്ദ്രത്തിൽ നാല് ദിവസത്തെ അവധിക്കാലം ആസ്വദിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ദ് സോറൻ മടങ്ങി.
സന്ദർശനം രഹസ്യമാക്കി കുടുംബസമേതമാണ് സോറൻ ബേക്കലിൽ എത്തിയത്.
അവധിക്കാലം ആസ്വദിച്ച് ഇന്നലെ ഉച്ചയോടെ ആണ് അദ്ദേഹം റാഞ്ചിയിലേക്ക് മടങ്ങിയത് . ചൊവ്വാഴ്‌ച മംഗലാപുരം വിമാനത്താവളം വഴി ബേക്കലിൽ എത്തിച്ചേർന്ന അദ്ദേഹം ആദ്യം മൂന്ന് ദിവസം താമസിക്കാനാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും ഒരു ദിവസം കൂടി തങ്ങുകയായിരുന്നു.ബേക്കലിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിച്ച അദ്ദേഹവും കുടുംബവും കാസർകോടിന്റെ തെക്കേ അറ്റത്തുള്ള വലിയപറമ്പ് കായലിൽ ഹൗസ്‌ബോട്ട് യാത്രയും നടത്തി. കേരളത്തിന്റെ പരമ്പരാഗത രീതിയി ലുള്ള ഉപഹാരവും ബി. ആർ. ഡി. സി എം ഡി പി.ഷിജിൻ അദ്ദേഹത്തിന് സമർപ്പിച്ചു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ഫോണിൽ സംസാരിച്ച അദ്ദേഹം കേരളത്തിന്റെ മനോഹാരിതയെ പറ്റിയും ജനങ്ങളുടെ ശാന്തമായ പെരുമാറ്റത്തെയും കുറിച്ച് വാചാലനായി.
സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള ബി. ആർ. ഡി. സി പദ്ധതിയുടെ ഭാഗമായ താജ് റിസോർട്ടിൽ ആയിരുന്നു ഹേമന്ദ് സോറനും കുടുംബവും താമസിച്ചത്.
ടൂറിസം മന്ത്രിക്ക് ജാർഖണ്ഡിലേക്ക് ക്ഷണം
ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ച ഹേമന്ദ് സോറൻ അദ്ദേഹത്തെ ജാർഖണ്ഡിലേക്ക് ക്ഷണിച്ചു.ബേക്കലിൽ താമസിച്ച നാലു ദിവസവും പൂർണ്ണമായും കേരളീയ ഭക്ഷണമാണ് അദ്ദേഹം കഴിച്ചത്. കുത്തരി ചോറായിരുന്നു ജാർഖണ്ഡ് മുഖ്യമന്ത്രിയെ ആകർഷിച്ചത്. അവധിക്കാലം ആസ്വദിക്കാൻ ഇനിയും കേരളത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |