SignIn
Kerala Kaumudi Online
Friday, 23 October 2026 12.45 PM IST

ജ്ഞാനപീഠം വാങ്ങി ആദ്യ ചടങ്ങ് പയ്യന്നൂരിലെ ചടങ്ങിലേക്ക്

mt-

പയ്യന്നൂർ:എം.ടിയെക്കുറിച്ച് പയ്യന്നൂർ നഗരത്തിനുള്ളതും ഒളി മങ്ങാത്ത ഓർമ്മകൾ. രണ്ടുതവണ പയ്യന്നൂരിലെ ചടങ്ങുകളിൽ സംബന്ധിച്ച അദ്ദേഹത്തിന്റെ ആദ്യവരവ് ജ്ഞാനപീഠ പുരസ്കാരവുമായി മംഗളൂരിൽ വിമാനമിറങ്ങി നേരെ പയ്യന്നൂരിലെ പെരുങ്കളിയാട്ടത്തിന്റെ സാംസ്കാരികസമ്മേളനത്തിലേക്കായിരുന്നു.

1995ലെ ജ്ഞാനപീഠപുരസ്കാരവിതരണം നടന്നത് അടുത്തവർഷം മാർച്ചിലായിരുന്നു. ഡൽഹിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ച എം.ടി അവിടെ നിന്ന് മുംബൈയിലെത്തി.മുംബൈയിൽ നിന്ന് നേരെ മംഗളൂരുവിലും അവിടെ നിന്നായിരുന്നു പയ്യന്നൂരിലെത്തിയത്.

കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിന്റെ സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു എം.ടി.മാർച്ച് ആറിനായിരുന്നു കേളോത്ത് കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം. മംഗലാപുരത്ത് നിന്ന് രാവിലെ പയ്യന്നൂരിലെത്തിയ എം.ടി ബോംബെ ഹോട്ടലിലായിരുന്നു വിശ്രമിച്ചത്. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ വേദിയിൽ സി.വി.ബാലകൃഷ്ണൻ , മേലത്ത് ചന്ദ്രശേഖരൻ, കെ.പി.എ. റഹിം, പി.അപ്പുക്കുട്ടൻ , ഡോ.എം.വി.വിഷ്ണുനമ്പൂതിരി, വാണിദാസ് എളയാവൂർ തുടങ്ങിയവരുമുണ്ടായിരുന്നു.

എം.ടിയുടെ രണ്ടാമത് സന്ദർശനം 2011ൽ വിദ്വാൻ എ.കെ.കൃഷ്ണൻ മാസ്റ്റർ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായിരുന്നു.

ഏപ്രിൽ 18 ന് തുമ്പകൊവ്വൽ എ.കെ.പി. ഓറിയന്റൽ റിസർച്ച് പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ സ്മാരക സമിതി പ്രസിഡന്റായിരുന്ന എം.രാമകൃഷ്ണനാണ് പുരസ്‌കാരം എം.ടി.ക്ക് സമർപ്പിച്ചത്.ആലങ്കോട് ലീലാ കൃഷ്ണൻ,ഡോ. ജാൻസി ജെയിംസ്,

മേലത്ത് ചന്ദ്രശേഖരൻ,പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്,പി. അപ്പുക്കുട്ടൻ,ടി. പി. ഭാസ്‌കരപ്പൊതുവാൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.അന്ന് തന്നെ എ.കെ.പി. ഓറിയന്റൽ റിസർച്ച് ആന്റ് പബ്ളിക് ലൈബ്രറിയുടെ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായതും മലയാളത്തിന്റെ ഈ അക്ഷരപുണ്യമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL