SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 PM IST

ചേതനയറ്റ് നേദ്യ സ്കൂൾ അങ്കണത്തിലെത്തി; സങ്കടക്കടലായി കുറുമാത്തൂർ

bus

തളിപ്പറമ്പ് : ശ്രീകണ്ഠപുരം വളക്കൈയ്യിൽ സ്‌കൂൾ ബസപകടത്തിൽ മരിച്ച നേദ്യ രാജേഷിന്റെ മൃതദേഹം പൊതുദർശനത്തിനെത്തിച്ചപ്പോൾ കുറുമാത്തൂർ ചിൻമയ സ്‌കൂൾ അങ്കണം അക്ഷരാർത്ഥത്തിൽ സങ്കടക്കടലായി. ഓടിച്ചാടി നടന്ന സ്‌കൂൾ മുറ്റത്ത് നേദ്യയുടെ ചേതനയറ്റ ശരീരം കണ്ടുനിൽക്കാനാകാതെ ഒരു നാട് ഒന്നാകെ വിതുമ്പുകയായിരുന്നു

രാവിലെ മുതൽ തന്നെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ നേദ്യയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരുന്നു. ഉച്ചക്ക് പന്ത്രണ്ടുമണിയോടെ സ്കൂൾ അങ്കണത്തിലെത്തിച്ച മൃതദേഹം ഹാളിലാണ് പൊതുദർശനത്തിന് വെച്ചത്.

അഡ്വ.പി.സന്തോഷ്‌കുമാർ എം.പി, പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന എന്നിവരടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളുമെല്ലാം പതിനൊന്നുകാരിയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോഴും നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലിയർപ്പിക്കാനുണ്ടായിരുന്നു.

ബ്രേക്കിനും എൻജിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

കണ്ണൂർ: വളക്കെയിൽ കഴിഞ്ഞ ദിവസം ഒരു സ്‌കൂൾ വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ
ഡ്രൈവറുടെ വെളിപ്പെടുത്തൽ തള്ളി എം.വി.ഡി റിപ്പോർട്ട്. ബ്രേക്കിനും എൻജിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രഥമിക നിഗമനം.ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാൻ സാദ്ധ്യതയുണ്ടെന്നും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്ന് നിഗമനം. അപകടത്തിൽ കാലിന് ഉൾപ്പെടെ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടത്തിന്റെ കാരണം വെളിപ്പെടുത്തിയത്. പതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത് എന്നും ഇറക്കത്തിലെ വളവിൽ വച്ച് പെട്ടെന്ന് ബ്രേക്ക് പോയെന്നുമാണ് ഡ്രൈവർ നിസാമുദ്ദീൻ പറഞ്ഞത്.ഹൈ ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുന്നിൽ ഒരു ഭാഗത്ത് കടയുണ്ടായിരുന്നു. നിയന്ത്രണം വിട്ടതോടെ ബസ് അരികിലേക്ക് നീങ്ങി വലതുവശത്തെ കുഴിയിലേക്ക് മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസിൽ നിന്ന് തെറിച്ച് വീണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഡ്രൈവർ പറഞ്ഞിരുന്നു. കഴിഞ്ഞ സപ്തംബറിൽ സ്‌കൂൾ ബസിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചിരുന്നുവെന്നും വിവരമുണ്ട്.

തളിപ്പറമ്പ് ജോയിന്റ് തളിപ്പറമ്പ് ജോയിന്റ് ആർ.ടി.ഒ ഷാനാവാസിന്റെ നേതൃത്വത്തിൽ എം.വി.ഐന്മാരായ പി.വി.രതീഷ്, പി. വൈകുണ്ഠൻ, കെ.എ.സജിത്ത്, എ.എം.വി.ഐ മാരായ പി.എൻ.പത്മരാജൻ, നിധിൻ നാരായണൻ, ബിപിൻ രവീന്ദ്രൻ തുടങ്ങിയവർ വാഹന പരിശോധയിൽ പങ്കെടുത്തു.

വിശദ റിപ്പോർട്ട് രണ്ടുദിവസത്തിനകം

മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക ടെക്നിക്കൽ സംഘം അപകടത്തിൽപ്പെട്ട ബസ് വിശദമായി പരിശോധിക്കും. രണ്ടുദിവസത്തിനുള്ളിൽ ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് കൈമാറും. അപകട സമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

ഓട്ടത്തിനിടെ മൊബൈൽ സ്റ്റാറ്റസ് അപ്ഡേറ്റായി

കുട്ടികളുമായി ബസ് ഓടിച്ചുപോകുന്നതിനിടയിൽ ഡ്രൈവർ നിസാമുദ്ദീൻ മൊബൈൽ ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണസംഘം. അപകടം നടന്ന വൈകിട്ട് 4.03ന് ഇദ്ദേഹത്തിന്റെ മൊബൈൽ സ്റ്റാറ്റസ് അപ്ഡേറ്റായതാണ് സംശയത്തിന് ഇട നൽകുന്നത്. ഡ്രൈവറുടെ സീറ്റിന് തൊട്ടുപിറകിലാണ് അപകടത്തിൽ മരിച്ച നേദ്യ ഇരുന്നിരുന്നത്. സൈഡിലെ ഗ്ളാസ് ഉയർത്തിവച്ച നിലയിലായിരുന്നു.ഇതിലൂടെ പുറത്തേക്ക് തെറിച്ചാണ് കുട്ടിക്ക് ജീവഹാനിയുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL