
കണ്ണൂരിലെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35ാമത് ദേശീയ സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും. വൈകീട്ട് നാല് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇന്നലെ സീനിയർ പുരുഷ വിഭാഗം സാബെർ, ഫോയിൽ മത്സരങ്ങളിൽ കേരള പുരുഷ ടീം പ്രീക്വാർട്ടറിൽ പുറത്തായി. എപ്പി ഇനത്തിൽ കേരള വനിതാ ടീം ക്വാർട്ടർ ഫൈനലിൽ ഹരിയാനയോട് തോറ്റു. ഇന്ന് വനിതകളുടെ ഫോയിൽ, സേബർ, പുരുഷൻമാരുടെ എപ്പി ഗ്രൂപ്പ് മത്സരങ്ങളും നടക്കും.
സർവീസസ് ഉൾപ്പെടെ 28 ടീമുകളുടെ 168 ഗ്രൂപ്പുകളാണ് സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്. കേരളത്തിൽ നിന്ന് നാലുപേർ വീതമുള്ള ആറ് ഗ്രൂപ്പുകളാണുള്ളത്. വ്യക്തിഗത മത്സരങ്ങളിൽ ഉയർന്ന റാങ്കുള്ള മത്സരാർത്ഥികളെയാണ് ഗ്രൂപ്പ് തലങ്ങളിലേക്ക് തിരഞ്ഞെടുത്തത്. രാവിലെ ഒമ്പത് മണി മുതൽ ഏഴ് മണി വരെയാണ് മത്സര സമയം.തമിഴ്നാട്ടിൽ നിന്നുള്ള ഒളിമ്പ്യൻ ഭവാനി ദേവി അടക്കമുള്ളവർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നുണ്ട്.
അൻപതാം വാർഷികം സ്റ്റേഡിയത്തിൽ ആഘോഷിച്ച് ഫെൻസിംഗ് ഫെഡറേഷൻ
കേരള ഫെൻസിംഗിനെ സഹായിക്കുമെന്ന് അസോ.സെക്രട്ടറി ജനറൽ
കേരളത്തിൽ ഫെൻസിംഗിന്റെ വളർച്ചയ്ക്ക് എല്ലാ സഹായവും നൽകുമെന്ന് ഫെൻസിംഗ് കോൺഫഡറേഷൻ ഓഫ് ഏഷ്യ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഫെൻസിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു. ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്ന മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ആൾ ഇന്ത്യാ ഫെൻസിംഗ് ഫെഡറേഷന്റെ അൻപതാം വാർഷികാഘോഷ ചടങ്ങിലും സ്വീകരണത്തിലും വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിനായി കേരള ഫെൻസിംഗ് അസോസിയേഷന് ഫെൻസിംഗ് കോൺഫഡറേഷൻ ഓഫ് ഏഷ്യയും ഇന്ത്യൻ ഫെൻസിംഗ് അസോസിയേഷനും ചേർന്ന് 10 ലക്ഷം രൂപ അനുവദിക്കും.
വാർഷികാഘോഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.രാജീവ് മേത്തയെ ബോക്‌സിങ് ഡെവലപ്പ്‌മെന്റ് കമ്മിറ്റി ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ഡോ. എൻ.കെ.സൂരജ് ആദരിച്ചു. കണ്ണൂർ കോർപ്പറേഷൻ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഷാഹിന മൊയ്തീൻ, സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ, കേരള ഫെൻസിംഗ് അസോസിയേഷൻ പ്രസിഡന്റ് ഒ.കെ.വിനീഷ്, സെക്രട്ടറി ജനറൽ മുജീബ് റഹ്‌മാൻ, സംഘാടക സമിതി കൺവീനർ വി.പി.പവിത്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി പി.സന്തോഷ് കുമാർ, എൻ.ഹരിദാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |