കണ്ണൂർ: കേരള പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ രണ്ടാമത്തെ സ്റ്റുഡന്റ്സ് സഭ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കും. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ വിദ്യാർത്ഥി സമൂഹവുമായി കൂടുതൽ അടുപ്പിക്കുന്നതിനായി രാജ്യത്ത് ആദ്യമായി ആവിഷ്‌കരിച്ച പദ്ധതിയായ സ്റ്റുഡന്റ്സ് സഭ ആദ്യമായി സംഘടിപ്പിച്ചത് തൃശ്ശൂർ ജില്ലയിലെ ചേലക്കരയിലായിരുന്നു. അടുത്തത് കല്ല്യാശ്ശേരിയിലും തൃത്താലയിലുമാണ്.
കല്ല്യാശ്ശേരി മണ്ഡലം സ്റ്റുഡന്റ്സ് സഭ ആലോചനാ യോഗം എരിപുരം പി.സി.സി ഹാളിൽ എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വരും തലമുറയുടെ വികസന പ്രതീക്ഷകൾ അറിയുന്നതിനാണ് സ്റ്റുഡന്റ്സ് സഭയെന്ന് എം.എൽ.എ പറഞ്ഞു. വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും സർഗാത്മക വിമർശനങ്ങളും ഉൾക്കൊണ്ട് അതിന് അനുസൃതമായ രീതിയിൽ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും എം.എൽ.എ പറഞ്ഞു. എം. വിജിൻ എം.എൽ.എ ചെയർമാനും പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. യു.സി ബിവീഷ് കൺവീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
പദ്ധതിയുടെ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥി പ്രതിനിധികൾ വികസന പ്രശ്നങ്ങൾ, പ്രതീക്ഷകൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ മണ്ഡലത്തിലെ എം.എൽ.എയുമായി പങ്കുവയ്ക്കും.
യോഗത്തിൽ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ അദ്ധ്യക്ഷനായി.
ലക്ഷ്യം മണ്ഡലത്തിന്റെ വികസനം
മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട 10 പ്രധാനമേഖലകൾ കണ്ടെത്തി അവ ജനപ്രതിനിധികളുമായി പങ്കുവയ്ക്കും.
10 വ്യത്യസ്ത മേഖലകളിലെ ചർച്ചകൾ ശാസ്ത്രീയമായി ഏകോപിപ്പിക്കുന്നതിനും ഉപദേശങ്ങൾ നൽകുന്നതിനുമായി വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തും.
വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ, പ്രതീക്ഷകൾ, ആശയങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തി വികസന സർവ്വേ നടത്തും.
സ്റ്റുഡന്റ്സ് സഭ എങ്ങനെ
സ്റ്റുഡന്റ്സ് സഭ സംഘടിപ്പിക്കുന്നതിന് മുമ്പ് വിവിധ സ്‌കൂൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ പരിപാടിയിലേക്ക് തിരഞ്ഞെടുക്കും. ഇവരെ 10 ഗ്രൂപ്പുകളിലായി തിരിച്ച് മണ്ഡല വികസനവുമായി ബന്ധപ്പെട്ട 10 വിഷയങ്ങളിൽ ചർച്ച നടത്തും. ചർച്ചകൾക്ക് ശേഷം വിദ്യാർഥികൾ അവരുടെ പ്രതീക്ഷകൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ജനപ്രതിനിധിയുമായി പങ്കുവയ്ക്കും. സ്റ്റുഡന്റ്സ് സഭയിൽ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി, നിർദേശങ്ങളെ സംബന്ധിച്ച പ്രവർത്തന പുരോഗതി മനസ്സിലാക്കുന്നതിനും അത് സംബന്ധിച്ച് എം.എൽ.എയുമായി ചർച്ച നടത്തുന്നതിനും വേണ്ടി രൂപീകരിക്കും. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഇവർ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ചകൾ നടത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യേണ്ടത്
സ്റ്റുഡന്റ്സ് സഭയിൽ പങ്കെടുക്കുന്നതിന് വേണ്ടി മൂന്ന് വിദ്യാർത്ഥികളെ വീതം ഓരോ സ്ഥാപനവും തിരഞ്ഞെടുക്കണം. ഇതിനായി ഉപന്യാസം, ക്വിസ് എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്താം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് മണ്ഡലത്തെക്കുറിച്ചും മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |