SignIn
Kerala Kaumudi Online
Thursday, 22 October 2026 1.40 AM IST

അക്ഷരങ്ങളി​ലൂടെ അതി​ജീവനത്തി​ന് ആദ്യാക്ഷരമെഴുതി​ ഫാത്തി​മ

photo
ഫാത്തിമയെ (ഉഷ) ആദ്യാക്ഷരമെഴുതിക്കുന്ന കളക്ടർ ആനി ജൂലാ തോമസ്

35-െം വയസിൽ വിദ്യാരംഭം, ഒപ്പം മക്കൾക്കും

കൊല്ലം: ജീവിതത്തി​ലുണ്ടായ ദുരനുഭവങ്ങളെ അക്ഷരക്കരുത്തുകൊണ്ട് നേരിടാനൊരുങ്ങുകയാണ് ഫാത്തിമയും (ഉഷ) മക്കളും. കൊട്ടാരക്കര നഗരസഭ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ കളക്ടർ ആനി ജൂല തോമസിന്റെ കൈപിടിച്ച്, മുപ്പത്തിയഞ്ചാം വയസിൽ അക്ഷരങ്ങളുടെ ലോകത്തേക്ക് ഫാത്തിമ പിച്ചവച്ചു. ഒപ്പം ആറുവയസുകാരൻ മുഹമ്മദ് ഹസൈനും നാലുവയസുകാരൻ മുഹമ്മദ് ഹുസൈനും.

ആയൂർ മഞ്ഞപ്പാറ ചരുവിള പുത്തൻവീട്ടിൽ ഫാത്തിമയുടെ ജീവിതം സിനിമാക്കഥകളെ വെല്ലും. ഗോപാലൻ- ലളിത ദമ്പതികളുടെ മകളായ ഉഷയ്ക്ക് ജന്മനാ 60 ശതമാനം വൈകല്യമുണ്ട്. കൈകാലുകൾക്ക് വളർച്ചക്കുറവാണ്. ചെറുപ്പത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചു, ഇതിനിടെ വാഹനാപകടത്തിൽ അമ്മയുടെ തലയ്ക്ക് പരിക്കേറ്റ് മാനസികാസ്വാസ്ഥ്യം കൂടിയായതോടെ അഞ്ചാം വയസിൽ വലിയമ്മയുടെ കൂടെയായി താമസം. സ്കൂൾ വരാന്ത കാണേണ്ട പ്രായത്തിൽ ഉഷയ്ക്ക് പന്ത്രണ്ടാം വയസിൽ കശുഅണ്ടി ഫാക്ടറിയിലെ ജോലിക്ക് പോകേണ്ടി വന്നു. പിന്നീട് കരിങ്കൽ ക്വാറിയിലെ കഠിനാദ്ധ്വാനം. മുതിർന്നപ്പോൾ സ്വകാര്യ ആശുപത്രിയിൽ അറ്റൻഡറായി. അവിടെ വച്ച് പരിചയപ്പെട്ടയാളുമായി ജീവിതം തുടങ്ങിയെങ്കിലും അതും കണ്ണീരിൽ കലാശിച്ചു. രണ്ടാമത്തെ മകന് ഒന്നര വയസുള്ളപ്പോൾ വാടക വീട്ടിൽ ഉപേക്ഷി​ച്ച് ർത്താവ് പോയി. വിധിയുടെ മുന്നിൽ തകർന്നുപോയ ഉഷ തമിഴ്നാട്ടിലേക്ക് ഒളിച്ചോടി​. ആ സമയത്ത് മക്കളെ ചൈൽഡ് ലൈൻ ഏറ്റെടുത്തു. തമിഴ്നാട്ടിലെ ഒരു മുസ്ളീം പള്ളിയിൽ അഭയം ലഭിച്ചതോടെയാണ് ഉഷ തന്റെ പേര് 'ഫാത്തിമ'യെന്ന് മാറ്റിയത്. ഇന്നലെ ചൈൽഡ് ലൈനിൽ നിന്നു മക്കളെയും എത്തിച്ചാണ് ഫാത്തിമയും വിദ്യാരംഭ ചടങ്ങിനെത്തിയത്.

പഠിച്ച് മുന്നേറണം

ആദ്യാക്ഷരമെഴുതിയതിന്റെ സന്തോഷത്തിൽ തുടർ പഠനത്തിനൊരുങ്ങുകയാണ് ഫാത്തിമ. കൊട്ടാരക്കര നഗരസഭയുടെ പ്രേരക് ഷീജയുടെ നേതൃത്വത്തിൽ സാക്ഷരതാ മിഷനിൽ നാലാംതരം തുല്യതാ കോഴ്സിന് ചേർക്കുന്നുണ്ട്. നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാറും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ.വി.പി.ജഗതി​രാജും ഇഗ്നൈറ്റ് എം.ഡി സായികുമാറും വിദ്യാഭ്യാസത്തിനും മറ്റുമുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL