പയ്യന്നൂർ: ഒരേ സമയം 31 വേദികളിലായി 1500 ഓളം പ്രശസ്തരുടെ പുസ്തകങ്ങൾ വായിച്ചവതരിപ്പിച്ച "വായനയുടെ വിസ്മയ വസന്ത"മെന്ന പരിപാടി ശ്രദ്ധേയമായി. കണ്ടങ്കാളി ഷേണായി സ്മാരക ഗവൺമെന്റ് ഹയർ സെൻഡറി സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് പരിപാടി അവതരിപ്പിച്ചത്. ചെറുശ്ശേരി മുതൽ എം.ടിവരെ യശഃശരീരായ പ്രമുഖ സാഹിത്യകാരന്മാരുടെ ഇത്രയധികം പുസ്തകങ്ങൾ ഇത്രയും വിദ്യാർത്ഥികൾ ചേർന്ന് ഒരേ സമയം 31 വേദികളിലായി അവതരിപ്പിച്ചു എന്നത് കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യ സംഭവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതിയ തലമുറയെ പുസ്തക വായനയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ "വായനായനം" പരിപാടിയുമായി സഹകരിച്ചാണ് സ്കൂളിൽ പരിപാടി സംഘടിപ്പിച്ചത്.
പ്രദേശത്തെ 21ഓളം ലൈബ്രറികളിൽ നിന്നായി ക്രിസ്‌മസ് അവധിക്കാലത്ത് ലഭ്യമാക്കിയ പുസ്തകങ്ങളാണ് കുട്ടികൾ വായിച്ചവതരിപ്പിച്ചത്. ഓരോ വേദിയിലെയും അവതരണങ്ങൾക്ക് ഗ്രന്ഥശാലാ പ്രവർത്തകരും അദ്ധ്യാപകരും നേതൃത്വം നൽകി. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിലുളള പ്രശസ്തമായ കൃതികളാണ് വിവിധ വേദികളിലായി അവതരിപ്പിച്ചത്. ഇങ്ങനെ അവതരിപ്പിക്കപ്പെട്ട കുറിപ്പുകൾ സമാഹരിച്ച് ഒറ്റപ്പതിപ്പായി പ്രസിദ്ധീകരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പാൾ പി.വി. വിനോദ് കുമാർ അറിയിച്ചു.
നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ, കൗൺസിലർമാരായ ടി.പി സമീറ, എം. പ്രസാദ്, വസന്തരവി, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം. എം.കെ രമേഷ് കുമാർ, പ്രിൻസിപ്പാൾ പി.വി വിനോദ് കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ, പി.യു രമ്യ, പി.ടി.എ പ്രസിഡന്റ് ടി.വി വിനോദ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |