
ഇരിട്ടി: ആറളം ഫാമിംഗ് കോർപ്പറേഷൻ തൊഴിലാളികളുടെ കുടിശ്ശികയായുള്ള ശമ്പളവും ആനുകൂല്യങ്ങളും തീർപ്പാക്കുന്നതിന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫാമിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം.മന്ത്രി ഒ.ആർ.കേളു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ധന വിനിയോഗ സ്‌പെഷൽ സെക്രട്ടറി കേശവേന്ദ്ര കുമാർ, പട്ടിക വർഗ ഡയറക്ടർ രേണു രാജ്, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, ആറളം ഫാം എം.ഡി കാർത്തിക് പാണിഗ്രഹി തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
ഫാമിനെ ലാഭകരമാക്കുന്നതിനുള്ള ആലോചനകളും യോഗത്തിൽ നടന്നു. വിദഗ്ധരുമായി കൂടിയാലോചിച്ച് അനുയോജ്യമായ വരുമാനദായക പ്രവർത്തനങ്ങളുടെ പട്ടിക തയ്യാറാക്കി പ്രവർത്തന രൂപരേഖ വികസിപ്പിക്കണമെന്നും നിർദ്ദേശമുണ്ടായി.
നൽകാനുള്ളത് മൂന്നുമാസത്തെ ശമ്പളം,ആനുകൂല്യം
2023 ഏപ്രിൽ ജൂൺ, 2024 ഫെബ്രുവരി, മാർച്ച്, നവംബർ മാസങ്ങളിലെ ശമ്പളവും കൂലി കുടിശ്ശികയാണ് തീർപ്പാക്കാനുള്ളത്. പിരിഞ്ഞുപോയ 36 തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക, ഗ്രാറ്റുവിറ്റി, ഇ.പി.എഫ്, ഡി.എ കുടിശ്ശിക മുതലായവയും നൽകാനുണ്ട്.
വരുമാനദായക പദ്ധതിയിൽ
വിളകളുടെ വൈവിധ്യവൽക്കരണം
പുനഃകൃഷി
ഫാം ടൂറിസം
ആനമതിലിൽ മെല്ലെപ്പോകാനാകില്ല
ആന പ്രതിരോധ മതിൽ നിർമ്മാണത്തിലെ മെല്ലെപ്പോക്ക് അനുവദിക്കാനാകില്ലെന്ന് കരാറുകാരെ ബോദ്ധ്യപ്പെടുത്തി നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആനമതിലിന്റെ മാറിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം സുഗമമാക്കാൻ ആവശ്യമായ മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകാനും നിർദ്ദേശമുണ്ടായി.
ആറളത്തിനായി മുഖ്യമന്ത്രിയുടെ മറ്റ് നിർദ്ദേശങ്ങൾ
ആനമതിൽ നിർമ്മാണ പുരോഗതി പൊതുമരാമത്ത് മന്ത്രി വിലയിരുത്തണം
ഫാം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അടുത്ത ജൂണിൽ ക്ലാസുകൾ ആരംഭിക്കാൻ മുന്നൊരുക്കം വേണം
ആറളത്ത് അർഹതയുള്ളതായി കണ്ടെത്തിയ 303 പേർക്ക് സമയബന്ധിതമായി ഭൂമി ലഭ്യമാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |