
കാസർകോട്: എൻഡോസൾഫാൻ ദുരന്തം വിഴുങ്ങിയ എൻമഗജെയും അനുദിനം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയിൽ അതിജീവനപാഠമേകുന്ന രണ്ടു മത്സ്യങ്ങളും ഏറ്റവുമൊടുവിൽ അത്യുത്തരകേരളത്തിലെ ദേശാധിപത്യത്തിന്റെയും ജാത്യാധിപത്യത്തിന്റെയും പൊള്ളത്തരങ്ങൾ പൊളിച്ചുകാട്ടിയ അല്ലോഹലനുമടക്കം ഉത്താരാധൂനിക മലയാള കഥാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച കഥാകാരൻ ഡോ.അംബികാസുതൻ മാങ്ങാട് എഴുത്തിന്റെ അൻപതാമാണ്ടിൽ.
കാസർകോട് ഗവ. യു.പി. സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കെ ജീവിത പ്രശ്നങ്ങൾ എന്നൊരു കഥയെഴുതിക്കൊണ്ടാണ് അംബികാസുതൻ മാങ്ങാട് എഴുത്തു ജീവിതം ആരംഭിക്കുന്നത്. മലയാളം നെഞ്ചേറ്റിയ നിരവധി പരിസ്ഥിതിക്കഥകൾ അദ്ദേഹത്തിൽ നിന്ന് പുറത്തുവന്നു. എൻഡോസൾഫാൻ വിരുദ്ധ സമരമടക്കമുള്ള നിരവധി പരിസ്ഥിതി പോരാട്ടങ്ങളുടെ മുന്നണിപോരാളിയായി ഇന്നും പൊതുമണ്ഡലത്തിൽ സജീവമാണ് ഈ കഥാകാരൻ.
ഈ ദുരന്തത്തിന്റെ ആഴം വിളിച്ചുപറയുന്ന എൻമകജെയും സാംസ്കാരികാധിനിവേശത്തിന്റെ ദൂരവ്യാപക ഫലങ്ങളെ പ്രവചിച്ച മരക്കാപ്പിലെ തെയ്യങ്ങളും പരിസ്ഥിതി നാശത്തെ വിളിച്ചു പറഞ്ഞ നീരാളിയനും രണ്ടു മത്സ്യങ്ങളും അംബികാസുതന്റെ പ്രമുഖ രചനകളാണ്. ഉത്തരകേരളത്തിന്റെ അദൃശ്യ ചരിത്രത്തെ വിസ്മയകരമായി വരച്ചിട്ട അല്ലോഹലൻ മലയാളം നന്നായി വായിച്ചുകൊണ്ടിരിക്കുന്ന നോവലുകളിലൊന്നാണ്.
എൻമകജെ ഗ്രാമത്തിലെ ഇരകളുടെ ജീവിതമാണ് അദ്ദേഹത്തിന്റെ എൻമകജെ എന്ന നോവൽ ചിത്രീകരിക്കുന്നത്. ഈ നോവലിലെ പ്രശസ്ത കഥാപാത്രമാണ് 'നീലകണ്ഠൻ'. ഈ നോവൽ ജെ. ദേവിക ഇംഗ്ലീഷിലേക്ക് സ്വർഗ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട് . എൻമകജെ തമിഴ് , കന്നഡ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.
1962 ഒക്ടോബർ 8 ന് കാസർകോട് ജില്ലയിലെ ബാരെ ഗ്രാമത്തിൽ ജനിച്ച അംബികാസുതൻ മാങ്ങാട് സുവോളജിയിൽ സയൻസ് ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്.
ജീവൻ,ജീവിതം....
മനുഷ്യകുലവും ജീവലോകവും തായ്മണ്ണും നേരിടുന്ന പ്രശ്‌നങ്ങളെയാണ് അംബികാസുതൻ മാങ്ങാട് ഭൂരിഭാഗം രചനകളിലും പ്രമേയമാക്കിയിട്ടുള്ളത്. നാട്ടു മനുഷ്യരും വീണുപോയ മനുഷ്യർക്ക് ഉയിർപ്പു നൽകിയ തോറ്റംപാട്ടുകളും തെയ്യങ്ങളും ആ കഥാലോകത്തെ തിളക്കമുള്ളതാക്കുന്നു. തുളുനാടിന്റെ പറയപ്പെടാതെ ചരിത്രങ്ങളെ അത് വീണ്ടെടുക്കുന്നു. അദ്ധ്യാപകനായിരിക്കെ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ അംബികാസുതൻ തുടക്കമിട്ട സാഹിത്യ വേദി മൂന്നു പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. മലയാള കഥയിലും സാഹിത്യത്തിലും സിനിമയിലും ശ്രദ്ധേയരായ നിരവധി എഴുത്തുകാരെ രൂപപ്പെടുത്തിയെടുക്കാൻ സാഹിത്യവേദി നിമിത്തമായിട്ടുണ്ട്. എൻഡോസൾഫാൻ ഇരകളുടെ അതിജീവനത്തിനും പുനരധിവാസത്തിനും സാഹിത്യ വേദി മുൻകൈയെടുത്തു പ്രവർത്തിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
ഓടക്കുഴൽ അടക്കം 34 പുരസ്കാരങ്ങൾ ഇതിനകം ഈ കഥാകാരനെ തേടിയെത്തിയിട്ടുണ്ട്.
ആദരം ഇന്ന് വൈകിട്ട്
കാസർകോട് ഹുബാഷികയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകിട്ട് മൂന്നിന് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത നിരൂപകൻ ആഷാമേനോൻ ആദര സമ്മേളനം ഉദ്ഘാടനം ചെയ്യും. 50 കഥകളുടെ സമാഹാരം എഴുത്തുകാരൻ റഫീഖ് ഇബ്രാഹിമിന് നൽകി ആഷാ മേനോൻ പ്രകാശനം ചെയ്യും.
സ്വയം വിലയിരുത്തുമ്പോൾ സർഗാത്മക ജീവിതം തുരുമ്പിച്ചിട്ടില്ല എന്ന ആത്മവിശ്വാസം ഉണ്ടാകുന്നുണ്ട്. വേദനിക്കുന്നവരുടെയും ഇരകളാക്കപ്പെടുന്നവരുടെയും പക്ഷത്ത് ഉറച്ചുനിന്ന് ഇക്കാലമത്രയും എഴുതാനായി എന്നതിലും ചാരിതാർത്ഥ്യം ഉണ്ട്.-ഡോ.അംബികാസുതൻ മാങ്ങാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |