SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 PM IST

വന്യമൃഗശല്യമില്ലാത്ത കാക്കയങ്ങാട്ട് പുലർന്നപ്പോൾ പുലി

leopard

ഇരട്ടി:മലയോരമേഖലയാണെങ്കിലും കാര്യമായ വന്യമൃഗശല്യം ഇതുവരെയുണ്ടായിട്ടില്ലാത്ത പ്രദേശമാണ് കാക്കയങ്ങാട് ടൗൺ. കാട്ടാനശല്യമുള്ള ആറളം ഫാമിൽ നിന്ന് ആറുകിലോമീറ്റർ മാത്രമെ ദൂരമുള്ളുവെങ്കിലും കാര്യമായ ഉപദ്രവമൊന്നും നേരിടാത്ത പ്രദേശം. പക്ഷെ ഇന്നലെ രാവിലെ ആറുമണിയോടെ ടൗണിനോട് ചേർന്ന പി.കെ.പ്രകാശന്റെ പച്ചക്കറി തോട്ടത്തിൽ പുലി കുടുങ്ങിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് ആളുകൾ ഒഴുകിയെത്തുകയായിരുന്നു.

ടാപ്പിംഗ് തൊഴിലാളിയായ പ്രകാശൻ ജോലി കഴിഞ്ഞ് തന്റെ പച്ചക്കറി തോട്ടത്തിലേക്ക് പോയപ്പോൾ കൂടെയുണ്ടായിരുന്ന വളർത്തുനായ സമീപത്തെ കുറ്റിക്കാട്ടിലേക്ക് നോക്കി അസാധാരണമായി കുരക്കുകയും പിന്തിരിഞ്ഞ് വീട്ടിലേക്ക് ഓടുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംശയം തോന്നിയ പ്രകാശൻ പട്ടി കുരച്ച് ചാടിയ ഭാഗത്തേക്ക് നോക്കുന്നതിനിടയിൽ പുലി മുരണ്ടു. ഭയന്നോടിയ ഇദ്ദേഹം വീട്ടിലെത്തി സമീപവാസികളെ വിവരമറിയിച്ചു. ഇവർ നടത്തിയ പരിശോധനയിലാണ് പുലി കുടുങ്ങിയതായി കണ്ടെത്തിയത്. വിവരം പുറത്തെത്തിയതോടെ പ്രദേശത്തേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു. പേരാവൂർ പൊലീസും വനംവകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി.

ആളുകൾ കൂടിയാൽ പുലി രക്ഷപ്പെടാനും ആക്രമകാരിയാകാനുമുള്ള സാദ്ധ്യത മുന്നിലുണ്ടായിരുന്നു. ഇതോടെ ഇരിട്ടി താഹസീൽദാർ ജില്ലകളക്ടറെ വിവരമറിയിച്ച് മുഴക്കുന്ന് പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടേക്ക് വാഹനങ്ങളിലും മറ്റും എത്തിയവരെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. പുലി കുടുങ്ങിയ സ്ഥലത്ത് നിന്ന് നൂറുമീറ്റർ അകലെ കയറുകെട്ടി മാദ്ധ്യമപ്രവർത്തകരെയുൾപ്പെടെ തടയുകയായിരുന്നു. പുലി കെണിയിൽ നിന്നും രക്ഷപ്പെട്ട് പോകാതിരിക്കാൻ കുറ്റിക്കാടിന് ചുറ്റും വല വിരിക്കുകയും ചെയ്തു.

കാണാനെത്തി ;നിരാശരായി മടങ്ങി

ഇരിട്ടി: ജനവാസ മേഖലയിലെ കേബിൾ കെണിയിൽ കുരുങ്ങിയ പുലിയെ കാണാൻ എത്തിയ ജനക്കൂട്ടത്തിന് പക്ഷെ ഉദ്ദേശം നടന്നില്ല. പുലി കുടുങ്ങിയ ഭാഗത്തേക്കുള്ള പ്രവേശനം തടഞ്ഞതോടെ സമീപപ്രദേശത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയു റബ്ബർ തോട്ടങ്ങളിലും ആളുകൾ കൂടിനിൽക്കുകയായിരുന്നു. മയക്കു വെടിവെച്ച് കൂട്ടിലാക്കിയ ശേഷം പുലിയെ കാണാമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ. എന്നാൽ മയക്കുവെടിവച്ച് പുലിയെ പൂട്ടിയ കൂട് മുഴുവനായി മൂടിയതിനാൽ ആർക്കും ഇതിനെ കാണാൻ കഴിഞ്ഞില്ല. ജോലിക്ക് പോലും പോകാതെ രാവിലെ മുതൽ പുലിയെ കാണാൻ കാത്തുകെട്ടിക്കിടക്കുകയായിരുന്നു വമ്പൻ ജനകൂട്ടം.

ഡി.എഫ്.ഒയുടെ വാഹനം തടഞ്ഞു

ഇരിട്ടി: ഇതിനിടെ ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ഡി.എഫ്.ഒവിന്റെ വാഹനം തടഞ്ഞു. മയക്കുവെടി വച്ച പുലിയെയും കൊണ്ട് തിരികെപോകുന്ന സമയത്തായിരുന്നു ഡി.എഫ്.ഒയുടെ വാഹനം തടഞ്ഞത്. ജനവാസ മേഖലയിലെ വന്യമൃഗശല്യം തടയുവാൻ വനപാലകർ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ഇവരുടെ ആക്ഷേപം. പുലിയെ ഏത് കാട്ടിലാണ് തുറന്നു വിടുന്നതെന്ന് അറിയിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഒടുവിൽ പൊലീസ് പ്രതിഷേധക്കാരെ നീക്കിയതിനുശേഷമാണ് ഡി.എഫ്.ഒക്ക് സ്ഥലത്ത് നിന്നും മടങ്ങാൻ കഴിഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL