
വിജ്ഞാപനം മൂലം ഭൂ ഉടമകൾ ത്രിശങ്കുവിൽ
കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നടപടികൾ വൈകുന്നതിൽ കടുത്ത പ്രതിഷേധം. റൺവേ വികസനത്തിനും പുനരധിവാസത്തിനുമായുള്ള ഭൂമി ഏറ്റെടുക്കാത്തത് മൂലം പ്രദേശവാസികൾക്ക് ക്രയവിക്രയം ചെയ്യാനോ, വായ്പയെടുക്കാനോ സാധിക്കാത്ത സ്ഥിതിയാണ്. കീഴല്ലൂർ പഞ്ചായത്തിലെ കാനാട്, കോളിപ്പാലം, നല്ലാണി മേഖലയിലാണ് സർക്കാർ വിജ്ഞാപനം മൂലം സ്ഥലമുടമകൾ ത്രിശങ്കുവിലായിരിക്കുന്നത്.
എട്ടുവർഷമായി മേഖലയിലെ സ്ഥലമുടമകൾ പ്രതിസന്ധിയിലാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് തടസ്സം.കീഴല്ലൂർ പഞ്ചായത്തിലെ കാനാട്, കീഴല്ലൂർ ദേശങ്ങളിലായി 245.32 ഏക്കർ ഏറ്റെടുക്കാൻ 2017ലാണ് സർക്കാർ നടപടി തുടങ്ങിയത്.
2018ൽ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ ഭൂമിയുടെ അതിർത്തിയിലുള്ള 25 ഏക്കർ കൂടി ഏറ്റെടുക്കാൻ പിന്നീട് ഉത്തരവ് പുറപ്പെടുവിച്ചു. 42 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വിമാനത്താവളത്തിന് 1800 ഏക്കർ സ്ഥലമാണ് ഇതുവരെ ഏറ്റെടുത്തത്.കുടിയൊഴിപ്പിക്കപ്പെടുന്ന 210 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കീഴല്ലൂർ, കൂടാളി വില്ലേജുകളിലായി 36.18 ഏക്കർ ഏറ്റെടുക്കാനും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.ഒരു കുടുംബത്തിന് 10 സെന്റ് വീതം നൽകാനായിരുന്നു തീരുമാനം. 2018ൽ വിജ്ഞാപനമിറങ്ങിയെങ്കിലും റൺവേ വികസനത്തിനായും പുനരധിവാസത്തിനായും ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല.
വിൽക്കാനാകുന്നില്ല, പണയപ്പെടുത്താനും
പുനരധിവാസത്തിനുള്ള ഭൂമിയുടെ സർവേ നടപടിപോലും തുടങ്ങാനായില്ല.ഇതോടെ പ്രദേശവാസികൾക്ക് ഭൂമി വിൽക്കാനോ കൈമാറ്റം ചെയ്യാനോ പറ്റാത്ത അവസ്ഥയാണ്.ഇവിടെയുള്ളവർക്ക് എന്തെങ്കിലും പ്രധാന അത്യാവശ്യങ്ങൾക്ക് ഭൂമി പണയപ്പെടുത്തി വായ്പയെടുക്കാനാകാത്ത സാഹചര്യമാണുള്ളത്.2017ലെ മഴക്കാലത്ത് വിമാനത്താവളത്തിൽ നിന്ന് മണ്ണും ചെളിയും ഒഴുകിയെത്തി ആറ് വീടുകൾ ഉപയോഗശൂന്യമായി. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.ഒരു വർഷം ഇവർക്ക് വീട്ടുവാടക അനുവദിച്ചെങ്കിലും പിന്നീട് സഹായം നിലച്ചു. .മഴക്കാലത്ത് 60 കുടുംബങ്ങൾ ഇതെ ഭീഷണി നേരിടുന്നുണ്ട്.
പ്രതിഷേധം കളക്ടറേറ്റിന് മുന്നിൽ
റൺവേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുക, പുനരധിവാസ പാക്കേജ് നടപ്പിലാക്കുക, പുനരധിവാസത്തിന് പതിച്ച് നൽകാനുള്ള ഭൂമി എത്രയും പെട്ടെന്ന് ഏറ്റെടുക്കുക, വിമാനത്താവളത്തിൽ നിന്ന് വെള്ളവും ചെളിയും ഒഴുകിയെത്തി താമസയോഗ്യമല്ലാത്തതിനെ തുടർന്ന് മാറ്റിപാർപ്പിച്ച കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനുള്ള ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിമാനത്താവള പ്രദേശത്തെ ഭൂവുടമകൾ കർമ്മസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ല്യാട് അദ്ധ്യക്ഷത വഹിച്ചു. പി.സി.വിനോദ്, കെ.കെ.ഗംഗാധരൻ, എം.വി .സരള എന്നിവർ പ്രസംഗിച്ചു.
സ്ഥലമേറ്റെടുക്കൽ,പുനരധിവാസം വസ്തുതകൾ
റൺവേക്കായി ഏറ്റെടുക്കുന്നത് 270.32 ഏക്കർ
പുനരധിവാസത്തിന് ഏറ്റെടുക്കുന്നത് 36.18 ഏക്കർ
ഒരു കുടുംബത്തിന് 10 സെന്റ്
വിജ്ഞാപനം വന്ന വർഷം 2018
കുടിയൊഴിയേണ്ട കുടുംബങ്ങളുടെ എണ്ണം 210
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |