
വെള്ളരിക്കുണ്ട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ വെടിക്കെട്ട് അപകട അപകടത്തിൽ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണീരൊപ്പുമെന്ന് മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, കടന്നപ്പള്ളി രാമചന്ദ്രന്റെയും ഉറപ്പ്.ഇന്നലെ നടന്ന വെള്ളരിക്കുണ്ട് താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിലുമാണ് അപകടത്തിൽ മരിച്ചവരുടെ അമ്മമാരായ കിണാവൂരിലെ കെ.വി.ഉഷ, കിണാവൂരിലെ യു. ജാനകി, മഞ്ഞളംകാട്ടെ കെ.സുശീല എന്നിവർ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള വഴി അടഞ്ഞെന്ന പരിദേവനവുമായി എത്തിയത്.
കുടുംബത്തിൽ വരുമാനമുണ്ടായിരുന്ന മക്കൾ മരിച്ചതോടെ തങ്ങൾ കഷ്ടപ്പാടിലാണെന്നായിരുന്നു അമ്മമാർ പരാതിപ്പെട്ടത്. നിലവിൽ മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ എ.എ.വൈ ആക്കി നൽകണമെന്നതായിരുന്നു ഇവരുടെ ആവശ്യം.
വേദിയിൽ നിന്നും സദസ്സിലേക്ക് ഇറങ്ങിവന്നാണ് മന്ത്രി വി.അബ്ദുറഹ്മാൻ ഇവരുടെ പരാതികൾ കേട്ടത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ദുരന്തബാധിതരെ ചേർത്ത് പിടിച്ച് സാന്ത്വനിപ്പിച്ചു. അദാലത്തിൽ പരിഗണിച്ച് ഇവർക്ക് എ.എ.വൈ കാർഡുകൾ നൽകുന്നതിന് തുടർ നടപടികൾക്കായി സിവിൽ സപ്ലൈസ് കമ്മിഷണർക്ക് സമർപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി.
വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്ക് സർക്കാർ നൽകുന്ന ധനസഹായം ഇതുവരെ ലഭിച്ചില്ലെന്നതായിരുന്നു അപകടത്തിൽ മരിച്ച രജിത്തിന്റെ മാതാവ് കെ.വി ഉഷയുടെ പരാതി. വിഷയത്തിൽ ഇടപെട്ട ശേഷം ഫണ്ട് ലഭ്യമാകുന്നതിനായി പരാതി മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ എ.ഡി.എമ്മിന് മന്ത്രിമാർ നിർദ്ദേശം നൽകി.
കുടുംബത്തിനെ ആശ്രയമായിരുന്ന മകൻ മരിച്ചതോടെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. വിധവയായ താനും അവിവാഹിതയായ മകളും മാത്രമാണ് വീട്ടിൽ. രോഗിയായ തനിക്ക് ജോലിക്ക് പോകാൻ സാധിക്കുന്നില്ല- ജാനകി(അപകടത്തിൽ മരിച്ച രതീഷിന്റെ മാതാവ് )
മകൻ മരിച്ചതോടെ ആശ്രയം ഇല്ലാതായി. മകന്റെ ഭാര്യയും കുട്ടികളും 60 പിന്നിട്ട ഭർത്താവും മാത്രമാണ് വീട്ടിലുള്ളത്. തങ്ങൾക്ക് ജോലിക്ക് പോകാൻ സാധിക്കുന്നില്ല- സുശീല (അപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ ബിജുവിന്റെ മാതാവ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |