തലശ്ശേരി: ഭാവഗായകൻ പി. ജയചന്ദ്രനെ തലശ്ശേരിക്കും മയ്യഴിക്കും മറക്കാനാവില്ല. 1973ൽ പഞ്ചവടി സിനിമ റിലീസായതിന് തൊട്ട് പിന്നാലെ മാഹി സ്പിന്നിംഗ് മിൽ ഐ.എൻ.ടി.യു.സി വാർഷികാഘോഷത്തിന് ജയചന്ദ്രന്റെ ഗാനമേള ട്രൂപ്പ് വന്നിരുന്നു. മുത്തു കിലുങ്ങി... മണി മുത്തു കിലുങ്ങി എന്ന സൂപ്പർ ഹിറ്റ്ഗാനം നാടെങ്ങും ചെറുപ്പക്കാർ പാടി നടന്നിരുന്ന കാലം. ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം തലശ്ശേരിയിൽ നിന്നും പ്രശസ്ത വയലിനിസ്റ്റ് കനകരാജും ആരാധകരും 13 കിലോമീറ്റർ നടന്നാണ് പാട്ട് കേൾക്കാനെത്തിയത്. ആവശ്യപ്പെടാതെ തന്നെ ഇഷ്ടഗാനം ജയചന്ദ്രൻ പാടിയപ്പോൾ ആസ്വാദകർ ഇളകിമറിയുകയായിരുന്നു. ഐ.എൻ.ടി.യു.സി നേതാവും ഗായകനും പിൽക്കാലത്ത് കാൽനൂറ്റാണ്ടു കാലം പള്ളൂർ എം.എൽ.എയുമായിരുന്ന എ.വി. ശ്രീധരനായിരുന്നു മുഖ്യസംഘാടകൻ.
പിന്നീട് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ജയചന്ദ്രൻ, സുകുമാർ ഓർക്കസ്ട്രയുമായി പാടാനെത്തിയപ്പോൾ, ഗായക സംഘത്തിലുണ്ടായിരുന്ന സി.എം. വാടിയിലിന് വയലിൻ വായിക്കാനായില്ല. മുസ്ലിം ആണെന്നറിഞ്ഞതിനെത്തുടർന്ന് ചിലർ പ്രതിഷേധിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന് ഓഫീസിൽ ഇരിക്കേണ്ടി വരികയായിരുന്നു. ഇത് ജയചന്ദ്രനെ വിഷമിപ്പിച്ചിരുന്നു.
1989ൽ പ്രശസ്ത സംഗീത ട്രൂപ്പായ തലശ്ശേരിയിലെ മെലഡി മേക്കേർസിന്റെ ഉദ്ഘാടന ചടങ്ങ് തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തത് ജയചന്ദ്രനായിരുന്നു. കൂടെ ഗായകരായ കൃഷ്ണചന്ദ്രൻ,ആശാലത എന്നിവരുമുണ്ടായിരുന്നു. രാസാത്തിവന്ത്...., പിന്നെയും ഇണക്കുയിൽ പിണങ്ങിയല്ലോ...' തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് അന്ന് ആലപിച്ചതെന്ന് ട്രൂപ്പിലെ തബലിസ്റ്റും മാഹി സ്വദേശിയുമായ ടി.പി. സുരേഷ്ബാബു ഓർക്കുന്നു. കേട്ട് കൊതിതീരാത്ത മനസ്സുമായാണ് ആരാധകർ അന്ന് മടങ്ങിയത്.
ഉത്തര മലബാറിൽ ജയചന്ദ്രന്റെ ഗാനമേളകളുണ്ടാകമ്പോൾ തബലിസ്റ്റ് സുരേഷ് ബാബുവുമുണ്ടാകും. തലശ്ശേരിയിൽ പ്രമുഖ സംഗീത സംവിധായകൻ എ.ടി. ഉമ്മറാണ് ജയചന്ദ്രനെ കൊണ്ടുവന്നത്.
തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിൽ ജയചന്ദ്രൻ ആലപിച്ച ആത്മീയാനുഭൂതി പകർന്ന ഭക്തിഗാനമേള ഇന്നും തലശ്ശേരിക്കാരുടെ കാതുകളെ മധുരിതമാക്കുന്നുണ്ട്.
മാഹിയിൽ ജയചന്ദ്രനെ സംഗീതദൈവമായിക്കാണുന്ന രണ്ട് ഗായകസഹോദരങ്ങളുണ്ട്. കെ.കെ. രാജീവും, അനുജൻ കെ.കെ. പ്രദീപും. വർഷങ്ങളായി ജയചന്ദ്രനുമായി പ്രദീപ് ടെലിഫോണിൽ ഏറെ നേരം സംസാരിക്കുമായിരുന്നു. ജയചന്ദ്രന്റെ ശബ്ദസാമ്യമുള്ള പ്രദീപ് ഇഷ്ടഗായകന്റെ പാട്ടുകൾ മാത്രമേ ഗാനമേളകളിലും സുഹൃദ്സദസ്സുകളിൽ പോലും പാടാറുള്ളൂ.
ജയചന്ദ്രന്റെ ഒട്ടുമിക്ക ഗാനങ്ങളും പ്രദീപിന് ഹൃദിസ്ഥമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |