
കാഞ്ഞങ്ങാട്: വർദ്ധിച്ച ലഹരി ഉപയോഗവും ലഹരികടത്തും പിടികൂടാൻ എക്‌സൈസ് വകുപ്പിന് വാഹനങ്ങൾ ഉണ്ടെങ്കിലും ഓടിക്കാൻ ആവശ്യത്തിന് ഡ്രൈവർമാരില്ല. വകുപ്പിന് ആകെയുള്ള 371 വാഹനങ്ങളിൽ 94 എണ്ണത്തിനും ഡ്രൈവർമാരില്ല. വകുപ്പ് രൂപീകരിച്ചതിന് ശേഷം 27 പുതിയ റേഞ്ചുകൾ തുടങ്ങിയെങ്കിലും ഇന്നുവരെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിച്ചിട്ടില്ല. ഒഴിവുള്ള തസ്തികയിൽ പി.എസ്.സി പരീക്ഷ നടത്തിയെങ്കിലും ഇനിയും നിയമനം നടത്തിയിട്ടില്ല.
പല ഓഫീസുകളിലും വാഹനങ്ങൾ ഓടിക്കുന്നത് മറ്റു ജീവനക്കാരാണ്. 2022 സെപ്റ്റംബറിൽ എക്‌സൈസ് ഡ്രൈവർ തസ്തികയിൽ പി.എസ്.സി പരീക്ഷ നടത്തിയിരുന്നു.2023 സെപ്റ്റംബറിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും 28 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. സ്റ്റാഫ് പാറ്റേൺ പുതുക്കി കൂടുതൽ ഡ്രൈവർ തസ്തിക സൃഷ്ടിക്കുകയോ എക്‌സൈസ് വകുപ്പിലുള്ള വാഹനങ്ങൾക്ക് ആനുപാതികമായി ഡ്രൈവർമാരെ നിയമിക്കുകയോ വേണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.
എക്‌സൈസ് വകുപ്പിന്റെ വാഹനം ഓടിക്കാൻ കുറഞ്ഞത് മൂന്നു വർഷത്തെ ലൈസൻസ് പരിചയവും റോഡ് ടെസ്റ്റുകളിലെ വിജയം വേണമെന്നുമാണ് പി.എസ്.സി മാനദണ്ഡം. എക്‌സൈസ് വകുപ്പ് നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാണിച്ച് നിരവധി തവണ പുതിയ ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കുന്നതിന് സർക്കാരിനെ സമീപിച്ചെങ്കിലും ധനവകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും അനുമതി ലഭ്യമായിട്ടില്ല.അതു കാരണം വകുപ്പിന്റെ പ്രവർത്തനങ്ങൾ നിസ്സാരമായ ഓഫീസ് പ്രവർത്തനങ്ങളിൽ ഒതുങ്ങി പോകുന്ന അവസരത്തിൽ ലഹരി മാഫിയ സജീവമാവുന്ന സ്ഥിതി സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
പ്രത്യേക ഫോഴ്സുണ്ട് ; ഡ്രൈവർമാർ പ്രത്യേകമില്ല
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ലഹരി,മദ്യക്കടത്ത് പിടികൂടാൻ അതിവേഗ പരിശോധനയും പിന്തുടരലുമൊക്കെ ആവശ്യമായെന്ന് കണ്ട് എക്സൈസിന് പ്രത്യേക ഫോഴ്സുണ്ട് .എന്നാൽ പ്രത്യേക വാഹനങ്ങൾ അനുവദിച്ചിട്ടില്ല. ഓഫീസ് വാഹനങ്ങൾ തന്നെയാണ് സ്‌ട്രൈക്കിംഗ് ഡ്യൂട്ടിക്കും. പ്രത്യേക ഡ്രൈവർമാർ ഇല്ലാത്തതിനാൽ ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടത് മിക്കപ്പോഴും എക്സൈസ് ഉദ്യോഗസ്ഥർ തന്നെയാണ്.
കടത്ത് തടയേണ്ട സ്ക്വാഡിനും വേണം ഡ്രൈവർ
സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി മദ്യക്കടുത്തു തടയാൻ കെമു ( കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്) സ്‌ക്വാഡും രൂപീകരിച്ചിരുന്നു. ചെക്ക് പോസ്റ്റ് ഇല്ലാത്ത അതിർത്തികളിലൂടെയുള്ള ലഹരി കടത്ത് തടയലാണ് സ്‌ക്വാഡിന്റെ ലക്ഷ്യം. സാഹസികത നിറഞ്ഞ സാഹചര്യത്തിൽ വാഹനമോടിക്കേണ്ടി വരുന്ന ഈ സ്‌ക്വാഡിനും പ്രത്യേകം ഡ്രൈവർ തസ്തിക നൽകിയിട്ടില്ല.
എക്സൈസിന് വേണം (
(ഋഷിരാജ് സിംഗ് എക്‌സൈസ് കമ്മിഷണർ ആയിരുന്ന കാലത്ത് നിശ്ചയിച്ച അനുപാതം)
1 വാഹനം
2 ഡ്രൈവർ
എക്സൈസ് വകുപ്പിന്റെ വാഹനങ്ങൾ 371
ലൈറ്റ് വാഹനങ്ങൾ 366
ഹെവി വാഹനങ്ങൾ 5
ഡ്രൈവർമാർ 94
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |