
പടന്ന:തെങ്ങോല പുഴു മൂലം പൊറുതിമുട്ടിയ പടന്നയിൽ മിത്രകീടങ്ങളെ ഇറക്കി പ്രതിരോധമൊരുക്കുന്നു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിൽ നിന്നും ഏറെ ഫലപ്രദമായ ഗോണിയോസസ് നെഫാന്റിഡിസ്,ബ്രാക്കോൺ ബ്രെവികോണിസ് എന്നീ എതിർപ്രാണികളെ ഇറക്കിയാണ് പടന്നയുടെ പ്രതിരോധം. ഗ്രാമപഞ്ചായത്തിലെ തെങ്ങിൻതോപ്പുകളിൽ കൃഷിഭവന്റെ നേതൃത്വത്തിലാണ് മിത്രകീടങ്ങളെ ഇറക്കിയത്.
സി.പി.സി.ആർ.ഐയിൽ നിന്ന് പടന്ന കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിലിന്റെ നേതൃത്വത്തിൽ ഇന്നലെയാണ് എതിർ പ്രാണികളെ എത്തിച്ചത്. സി.പി.സി.ആർ.ഐ എന്റമോളജി വിഭാഗം സീനിയർ സയന്റിസ്റ്റ് ഡോ.പി.എസ് പ്രതിഭയുടെ മാർഗ്ഗ നിർദ്ദേശപ്രകാരമാണ് ഗോണിയോസസ് നെഫാന്റിഡിസ് , ബ്രാക്കോൺ ബ്രെവികോണിസ് എന്നീ എതിർ പ്രാണികളെയാണ് തെങ്ങുകളിൽ തുറന്ന് വിട്ടത്.
ആദ്യഘട്ടത്തിൽ ലഭ്യമായ ആയിരത്തോളം മിത്രകീടങ്ങളെയാണ് തെങ്ങുകളിലേക്ക് വിട്ടത്. കീടത്തിന് അനുകൂലമായ കാലാവസ്ഥയായതിനാൽ കീടാക്രമണത്തിന്റെ തോത് വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ കൂടുതൽ എതിർ പ്രാണികളെ ലഭ്യമാക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ട്.
വിറക്കും തെങ്ങോലപ്പുഴുക്കൾ
തെങ്ങോലപ്പുഴുക്കളുടെ ബദ്ധശത്രുവായ ഗോണിയോസസ് നെഫാന്റിഡിസ് ,ബ്രാക്കോൺ ബ്രെവികോണിസ് എന്നിവ പരാദീകരിച്ചാണ് അവയെ ഉന്മൂലനം ചെയ്യുന്നത്. പുഴുക്കളിൽ മുട്ടയിട്ട് വംശ വർദ്ധനവ് നടത്തി തെങ്ങോലപ്പുഴുവിന്റെ ലാർവകളെ നശിപ്പിച്ച് ആക്രമണത്തിന്റെ തീവ്രത കുറച്ചു കൊണ്ടുവരുന്നതാണ് ഇതിന്റെ രീതി. നാൽപതു മുതൽ 60 വരെ ദിവസത്തിനിടെ പെരുകി ഇവ കൂടുതൽ തെങ്ങുകളിലേക്ക് പടരും. ഇങ്ങനെ രണ്ടോ മൂന്നോ മാസങ്ങൾക്കകം പുഴു ശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ എതിർ പ്രാണികൾക്ക് കഴിയും.
തെങ്ങൊന്നിന് മിത്രകീടങ്ങൾ 39
തുറന്നുവിട്ടത് പഞ്ചായത്ത് പ്രസിഡന്റ്
പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം കീടബാധയേറ്റ തെങ്ങുകളിൽ എതിർ പ്രാണികളെ തുറന്നുവിടുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ, കൃഷി അസിസ്റ്റന്റ് പി.പികപിൽ എന്നിവർ നേതൃത്വം നൽകി., സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ.പി ഷാഹിദ അഷ്‌റഫ്.,ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.അസൈനാർ കുഞ്ഞി , കർഷക സംഘം പടന്ന വില്ലേജ് പ്രസിഡന്റ് ജി.എസ്. ജഹാംഗീർ, കർഷക പി. സഫറ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |