
കാഞ്ഞങ്ങാട്: പാരമ്പര്യവും തനിമയും വിളിച്ചോതി മഡിയൻ കൂലോത്തെ കളമെഴുത്ത് .ക്ഷേത്രത്തിൽ നടക്കുന്ന പാട്ടുത്സവത്തിന്റെ ഭാഗമായാണ് തിരുമുറ്റത്ത് ജീവസ്സുറ്റ ദേവീദേവ ഭാവങ്ങളെ കളത്തിൽ വരച്ചത്. ഭക്തിയും ഏകാഗ്രതയും സമന്വയിപ്പിച്ച് ജീവൻ തുടിക്കുന്ന കാളരാത്രി, ക്ഷേത്രപാലക രൂപങ്ങളാണ് കളങ്ങളിൽ നിറഞ്ഞത്.
അഞ്ച് ദിനം നീണ്ട പാട്ടുത്സവത്തിൽ നാലുദിവസങ്ങളിലാണ് കളമെഴുത്തും പാട്ടും നടക്കുന്നത്. ഉത്സവനാളുകളിൽ ക്ഷേത്ര നാലമ്പലത്തിനകത്ത് കാളരാത്രി അമ്മയുടെ നടയോട് ചേർന്ന് തയ്യാറാക്കുന്ന ദാരിക രൂപത്തിന് മുന്നിൽ കാളരാത്രി അമ്മക്ക് അഭിമുഖമായുള്ള സോപാനത്തിലാണ് കളമെഴുത്തും പാട്ടും നടക്കുന്നത് . ആദ്യ ദിവസം കാളരാത്രി അമ്മയുടെയും തുടർന്ന് രണ്ടാം ദിവസം ക്ഷേത്ര പാലകനീശ്വരന്റെയും തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ കാളരാത്രിയമ്മയുടെയും ജീവസുറ്റ ഭാവങ്ങളാണ് കളത്തിൽ നിറയുന്നത് .ആദ്യ ദിനം പച്ച വർണ്ണത്തിലുള്ള കളവും അവസാന ദിവസം കാളരാത്രി അമ്മയുടെ പൂർണ്ണ രൂപത്തോട് കൂടിയുള്ള നാല് കൈകളുള്ള മഞ്ഞവർണ്ണത്തിലുള്ള ഭദ്രകാളി രൂപവുമാണ് വരക്കുന്നത്.നാഗരാജാവിന്റെയും നാഗേശ്വരി ദേവിയുടെയും രൂപവും അവസാന ദിവസം വരയ്ക്കും.
കളം പൂർത്തിയാക്കി ദേവീ ദേവന്മാരെ സ്തുതിച്ച് കൊണ്ട് പാട്ടും കളം പൂജയും നാഗ തോറ്റവും നടത്തും . ഏറെ അനുഷ്ഠാന സമ്പുഷ്ടമാണ് ഈ കളമെഴുത്ത് ചടങ്ങുകൾ.
പ്രകൃതിദത്തം പഞ്ച വർണം
പ്രകൃതിദത്തമായ പഞ്ചവർണ്ണങ്ങളാണ് കളത്തിനായി ഉപയോഗിക്കുന്നത്. വെളുപ്പിനായി അരിപ്പൊടി,മഞ്ഞക്ക് മഞ്ഞൾപ്പൊടി,കറുപ്പിന് കരിപ്പൊടി , നൂറും മഞ്ഞളും ചേർത്ത് ചുവപ്പ്, പച്ചക്കായി വാക ഇല എന്നിവയാണ് ഉപയോഗിക്കുന്നത്.
അവർക്കിത് ഉപാസന
കളം വരയും പാട്ടും നാഗ തോറ്റവും ഒരു ഉപാസനയാക്കിയ പാരമ്പര്യ കലാകാരൻമാരായ ഇരിട്ടി പുന്നാട്ടെ കെ.വി.പ്രകാശൻ , കെ.വി.രഞ്ജിത്ത് കുമാർ, കെ.വി.ഷാജി എന്നിവരാണ് മഡിയൻ കൂലോത്ത് ഈ ചടങ്ങുകൾ നിർവഹിക്കുന്നത്. ഉദിനൂർ കൂലോം , ചെറുവത്തൂർ, ബന്തടുക്ക, കാനത്തൂർ, ഉമ്പ്രങ്കള, ചന്ദ്രഗിരിധർമ്മ ശാസ്താ ക്ഷേത്രം, മധൂർ എന്നിവിടങ്ങൾക്ക് പുറമെ കണ്ണൂർ ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിലും ഇവർ കളമെഴുത്ത് നടത്തിവരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |