
കണ്ണൂർ: തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി 100 പേർ ചേർന്ന് വാഴ്ത്തുപാട്ട് അവതരിപ്പിച്ച അതേസമയം 'ചങ്കിലെ ചെങ്കൊടി' യെന്ന വിപ്ലവഗാനം ഫേസ്ബുക്കിൽ പങ്കുവെച്ച് സി.പി.എം നേതാവ് പി.ജയരാജൻ. രണ്ടുദിവസം മുമ്പ് എം.സ്വരാജ് പ്രകാശനം ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഗാനമാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ജയരാജൻ തന്റെ പേജിൽ പങ്കുവെച്ചത്.
പാർട്ടി സമരവീര്യത്തിന്റെ ചരിത്രവും വർത്തമാനവും പങ്കുവെക്കുന്നതാണ് 'ചങ്കിലെ ചെങ്കൊടി'യിലെ വരികൾ. അനീഷ് തലോറ രചിച്ച് ജയകാർത്തി സംഗീതം നൽകിയ ഗാനം ഗായകൻ സുരേഷ് പള്ളിപ്പാറയാണ് ആലപിച്ചത്. കണ്ണൂർ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് 14ന് വൈകീട്ട് അഞ്ചിന് പൂവ്വത്ത് നടന്ന സെമിനാർ വേദിയിൽ വച്ചായിരുന്നു ഈ വിപ്ലവഗാനത്തിന്റെ പ്രകാശനം.
തുടർന്ന് സോഷ്യൽ മീഡിയയിൽ പാർട്ടി അണികൾ വ്യാപകമായി ഷെയർ ചെയ്തിരുന്നു. എന്നാൽ അന്നൊന്നും ഇത് ഷെയർ വെക്കാതിരുന്ന പി.ജയരാജൻ മുഖ്യമന്ത്രിയെ വാഴ്ത്തിയുള്ള 'ചെമ്പടക്ക് കാവലാൾ ചെങ്കനൽ കണക്കൊരാൾ' എന്ന ഗാനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്ത് എംപ്ലോയീസ് അസോസിയേഷൻ കെട്ടിടോദ്ഘാടന ചടങ്ങിൽ ഗാനം ആലപിക്കുന്ന അതേസമയമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
2017ൽ ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ 'കണ്ണൂരിന്റെ ഉദയസൂര്യൻ' എന്ന സംഗീത ആൽബത്തിനെതിരെ പാർട്ടി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. 'കണ്ണൂരിൻ താരകമല്ലോ, ചെഞ്ചോരപ്പൊൻ കതിരല്ലോ, നാടിൻ നെടുനായകനല്ലോ, പി. ജയരാജൻ ധീരസഖാവ്' എന്നു തുടങ്ങുന്നതായിരുന്നു ആ ഗാനം. പുറച്ചേരി ഗ്രാമീണ കലാസമിതി പ്രവർത്തകർ പാർട്ടി വേദികളിൽ ഈ പാട്ട് അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷം പിണറായിയെ പുകഴ്ത്തി പാറശ്ശാലയിൽ നടത്തിയ 'കാരണഭൂതൻ' മെഗാ തിരുവാതിരയും പാർട്ടിയിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |