മാതമംഗലം: 19 വർഷത്തിനു ശേഷം ഈ മാസം 25 മുതൽ 28 വരെ നടക്കുന്ന മാതമംഗലം മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായുള്ള വരച്ചുവയ്ക്കൽ ചടങ്ങിന് ആയിരങ്ങൾ സാക്ഷിയായി. രാവിലെ ഭഗവതിമാരുടെ പ്രതിപുരുഷന്മാർ ആടയാഭരണങ്ങളും തിരുവായുധവുമായി അരങ്ങിലിറങ്ങി. തുടർന്ന് ജന്മകണിശൻ കെ.പി മനോജ് ജ്യോത്സ്യരുടെ സാന്നിദ്ധ്യത്തിൽ സദനം നാരായണൻ, ശ്രീഹരി ആലപ്പടമ്പ്, പാണപ്പുഴ നാരായണൻ, സകേഷ് കൊയോങ്കര എന്നീ ജ്യോതിഷിമാരുടെ നേതൃത്വത്തിൽ ക്ഷേത്രതിരുമുറ്റത്ത് രാശിക്കളം വരച്ച് അന്തിത്തിരിയൻ സ്വർണവും അരിയും പൂവും രാശിക്കളത്തിലിട്ടു. ഇതിൽ സ്വർണത്തിന്റെ നിൽപ്പ് ഏത് കളത്തിലാണ് എന്നുനോക്കി പെരുങ്കളിയാട്ടത്തിന്റെ വരുംവരായ്കകൾ ജ്യോതിഷികൾ ഗണിക്കുകയും തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയേറാനുള്ള കോലധാരിയായി താറ്റ്യേരി സ്വദേശി സാംരംഗിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
കോലധാരി അരങ്ങിൽ അടിയന്തിരം മുഖേന അടയാളം ഏറ്റുവാങ്ങി ക്ഷേത്ര കുച്ചിലിൽ വ്രതമാരംഭിച്ചു. പീഠത്തിനുള്ള പ്ലാവ് മരത്തിനു കുറിയിടങ്ങൽ ചടങ്ങും നടന്നു. കരിവെള്ളൂർ, തൃക്കരിപ്പൂർ, കോറോം തുടങ്ങി മറ്റ് മുച്ചിലോടുകളിലെ ആചാരക്കാർ, മറ്റ് ക്ഷേത്രാചാരക്കാർ, ഭാരവാഹികൾ, വാല്യക്കാർ, മാതൃസമിതി, നാട്ടുകാർ അടക്കമുള്ള പതിനായിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു. പെരുങ്കളിയാട്ടത്തിൽ നാലാംനാൾ 28ന് ഉച്ചയ്ക്ക് ക്ഷേത്ര കൈലാസക്കല്ലിൽനിന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |