SignIn
Kerala Kaumudi Online
Friday, 23 October 2026 3.09 AM IST

ദേശീയ പ്രസ്ഥാനകാലത്തെ ഗൃഹാതുരത്വം ഇന്ന് നഷ്ടപ്പെട്ടു: രാം പുനിയാനി

literature
പയ്യന്നൂർ സാഹിത്യോത്സവം രാം പുനിയാനിയും മുക്ത നരേന്ദ്ര ധാബോൽക്കറും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: വ്യത്യസ്ത സംസ്കാരവും വിവിധ മതങ്ങളുമെല്ലാം ഇന്ത്യയുടെ ഭാഗമായി നിലനിന്നിരുന്ന ദേശീയ പ്രസ്ഥാനകാലത്തെ ഗൃഹാതുരത്വം ഇന്ന് നഷ്ടപ്പെട്ടതായി പ്രശസ്ത ചരിത്രകാരൻ രാം പുനിയാനി പറഞ്ഞു. പയ്യന്നൂർ സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മുക്ത നരേന്ദ്ര ബോൽക്കറിനോടൊപ്പം സംയുക്തമായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന് അവസര സമത്വത്തിനും വിജ്ഞാന ആർജ്ജവത്തിനും അവകാശം ഉണ്ടായിരുന്ന ഒരു രാഷ്ട്രത്തിൽ അതെല്ലാം മെല്ലെ മെല്ലെ ദുർബലമാകുകയും അപ്രത്യക്ഷമാകുമെന്നുമുള്ള സൂചനകളാണ് കാണുന്നത്. സ്ത്രീകൾക്കും ദളിതർക്കുമൊന്നും അവസരങ്ങളോ വിദ്യാഭ്യാസത്തിനുള്ള അവകാശമില്ലാത്ത മനുസ്മൃതി ഗ്രന്ഥത്തെ ഇന്ത്യൻ ഭരണ ഘടനയ്ക്ക് പകരമായി കാണുന്ന പുതിയ അധികാര രാഷ്ട്രീയ ശക്തികളെ എതിർത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത അദ്ധ്യക്ഷത വഹിച്ചു. സി.വി ബാലകൃഷ്ണൻ, അശോകൻ ചരുവിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. എം.വി ജയരാജൻ, അഡ്വ. മാർട്ടിൻ ജോർജ് എന്നിവർ ഉപഹാരം സമർപ്പിച്ചു. സാഹിത്യോത്സവ സപ്ലിമെന്റ് മുൻ എം.എൽ.എ സി. കൃഷ്ണൻ, പി. സന്തോഷിന് നൽകി പ്രകാശനം ചെയ്തു. എം. പ്രസാദ് സ്വാഗതം പറഞ്ഞു.

പയ്യന്നൂരിലെ എഴുത്തുകാരുടെ സംഗമത്തോടെയാണ് പയ്യന്നൂർ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പരിപാടികൾ തുടങ്ങിയത്. സാഹിത്യ കൃതികളിൽ പയ്യന്നൂർ തെളിയുന്നതും മറയുന്നതും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഡോ. ജിനേഷ് കുമാർ എരമം മോഡറ്റേറായിരുന്നു.

ഇന്നു രാവിലെ മുതൽ വിവിധ വേദികളിലായി അഭിമുഖം, പാനൽ ചർച്ചകൾ, പ്രഭാഷണം, പി. ജയചന്ദ്രൻ അനുസ്മരണം,പൂരക്കളി കലാകാര സംഗമം, ആദര സമ്മേളനം, വനിത സാംസ്കാരികോത്സവം, ബാലസാഹിത്യോത്സവം, ആരോഗ്യ പ്രവർത്തക സംഗമം തുടങ്ങിയ പരിപാടികൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LITERATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL