കണ്ണൂർ: കൃഷിയോടും പ്രകൃതിയോടും ആഭിമുഖ്യം കുറഞ്ഞുവരുന്ന കാലത്ത് പശുക്കളെയും കൃഷിയെയും പ്രകൃതിയെയും ജീവനായി കാണുന്ന വിനീഷെന്ന ചെറുപ്പക്കാരനെ തേടിയെത്തിയത് ജില്ലയിലെ മികച്ച യുവ ക്ഷീര കർഷകനുള്ള പുരസ്കാരം. യുവതലമുറ ശീതീകരിച്ച മുറിയിൽ ഇരുന്ന് മണ്ണും പൊടിയും തട്ടാതെയുള്ള തൊഴിൽ ആഗ്രഹിക്കുമ്പോൾ അവരിൽ നിന്നും വ്യത്യസ്തനാവുകയാണ് കരിവെള്ളൂർ, പെരളം സ്വദേശിയായ വിനീഷ് കുഞ്ഞിക്കണ്ണൻ എന്ന ചെറുപ്പക്കാരൻ.
ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ ബിരുദധാരിയായ വിനീഷിന് മറ്റ് തൊഴിലുകൾക്കുള്ള അവസരമുണ്ടായിട്ടും സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്നും അത് തനിക്കിഷ്ടപ്പെട്ട് ചെയ്യാൻ കഴിയുന്നതായിരിക്കണമെന്നും നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ചെറുപ്പം മുതൽ താല്പര്യമുള്ള പശുവളർത്തലിലേക്ക് എത്തിയത്. ഒരു പശു ഫാമെന്നുള്ളത് വിനീഷിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം കൂടിയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന ഒരു പശുവിൽ നിന്നും 2019 ൽ വ്യവസായാടിസ്ഥാനത്തിൽ തുടങ്ങിയ പശുവളർത്തൽ ഇന്ന് എത്തി നിൽക്കുന്നത് 25 പശുക്കളുള്ള ബൃഹത്തായ സംരംഭത്തിലാണ്.
കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും സഹായവും വിനീഷിന്റെ വളർച്ചയിൽ ഉണ്ട്. കുടുംബാംഗങ്ങളും വിനീഷും ചേർന്നാണ് പശുക്കളെ പരിപാലിക്കുന്നതും. അച്ഛനിൽ നിന്നും പഠിച്ച ബാലപാഠങ്ങളുടെ കൂടെ ആധുനിക സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ. ക്ഷീര വികസന വകുപ്പിന്റെയും സർക്കാരിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെയും സഹായവും ലഭിക്കുന്നുണ്ട്.
230 ലിറ്റർ പാൽ
ഒരു ദിവസം ഉത്പാദിപ്പിക്കുന്നുണ്ട്. മുഴുവൻ സമയ പരിശ്രമവും പ്രതിസന്ധികളിൽ പിന്നോട്ട് പോകാതെ പിടിച്ചു നിന്നതും കഠിനാധ്വാനവുമാണ് തന്റെ വിജയത്തിന് പിന്നിൽ. പശു വളർത്തലിന് പുറമെ കോഴി, ആട് എന്നിവയെയും പരിപാലിച്ചു വരുന്നു. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ വിനീഷ് പുത്തൂർ ക്ഷീരോത്പാദക സംഘം ഡയരക്ടർ കൂടിയാണ്. വ്യത്യസ്ത ഇനത്തിലുള്ള പശുക്കളെ എത്തിച്ച് സംരംഭം വിപുലീകരിക്കാൻ വിനീഷ് ഉദ്ദേശിക്കുന്നുണ്ട്. അച്ഛൻ കുഞ്ഞിക്കണ്ണൻ, അമ്മ കെ. പത്മാവതി, കാശ്മീര സഹോദരി.
ഈ മേഖലയിൽ പുതുതലമുറയ്ക്ക് ഒട്ടേറെ സാധ്യതകൾ ഉണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കിൽ വിജയം കൈ വരിക്കാം. ശ്രമിക്കാനുള്ള മനസ്സും താൽപ്പര്യവും ഉണ്ടെങ്കിൽ ഈ മേഖലയിലേക്ക് കടന്ന് വരാം.
വിനീഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |