
കാസർകോട്: ജലസംരക്ഷണത്തിനായി ആവിഷ്കരിച്ച പദ്ധതിയെക്കുറിച്ച് പാട്ടൊരുക്കി കാസർകോട്ടെ വനം വകുപ്പ് ഉദ്യോഗസ്ഥർ. കാടിനകത്തെ അരുവികളും തടാകങ്ങളും ഉറവകളും നീർച്ചാലുകളും സംരക്ഷിക്കുന്നതിനായി ആവിഷ്കരിച്ച 'വനനീരി"നെ പാട്ടുപാടി ശ്രദ്ധയിലെത്തിക്കാനാണ് ഇവരുടെ ശ്രമം.
വനനീർ പദ്ധതിക്കായി കാസർകോട് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിലുള്ള ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ രചിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.കണ്ണൻ സി.എസ് വാര്യർ സംഗീതം നിർവ്വഹിച്ച 'തെളിനീരൊഴുകട്ടേ കാടിൻ ഉറവകൾ തെളിയട്ടേ നാടിൻ ദാഹമകറ്റാൻ കാടിൻ ഉറവയിതൊഴുകട്ടേ...' എന്ന തീം സോംഗാണ് ഇതിനായി അണിയിച്ചൊരുക്കിയിരിക്കുന്നത്. കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.അഷ്റഫാണ് ഗാനം ആലപിച്ചത്. ശ്രീജിത്ത് നീലേശ്വരമാണ് ഓർക്കസ്ട്ര. പടന്നക്കാട് കാർഷിക കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളായ തൃഷ്ണ, എ.കെ.വിഷ്ണുപ്രിയ, അനീറ്റ, അമൃത, കൃഷ്ണ എന്നിവർ പിന്നണിയിലും. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.ടി ഫർസാന, എം.പി അഭിജിത്ത് എന്നിവരാണ് ചിത്രീകരണം നടത്തിയത്.
വനനീര് പദ്ധതിയുടെ പ്രഖ്യാപനവും ഓഡിയോ പ്രകാശനവും ഇന്ന് വൈകുന്നേരം മൂന്നിന് വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ മന്ത്രി എ.കെ.ശശീന്ദ്രനാണ് നിർവഹിക്കുന്നത്.
കാടിനകം ജലസമ്പുഷ്ടമാകും
കാസർകോട് വനം ഡിവിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടേയും വന സംരക്ഷണ സമിതികളുടേയും സന്നദ്ധ സംഘടനകളുടേയും വനം വകുപ്പ് ജീവനക്കാരുടെയും സഹകരണത്തോടെയാണ് കാടിനകത്തുള്ള കാട്ടരുവികൾ, തടാകങ്ങൾ, ഉറവകൾ, നീർച്ചാലുകൾ എന്നിവ കണ്ടെത്തി ജല പുനരുജ്ജീവന പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുടിവെള്ളം തേടി നാടിറങ്ങുന്ന വന്യജീവികളെ കാടിനകത്ത് തന്നെ സംരക്ഷിക്കുകയെന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉൾവനത്തിലും വനാതിർത്തിയോട് ചേർന്നും നൂറിലേറെ ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമ്മിക്കുകയും അരുവികൾ, കാട്ടുറവകൾ എന്നിവ ശുചീകരിക്കുകയും ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |