
ഇരിട്ടി: നിരന്തരമായി കടുവയുടെ മുരൾച്ച കേൾക്കുന്നതിനെ തുടർന്ന് പരിഭ്രാന്തിയിൽ കഴിയുന്ന ചതിരൂർ നീലായ് പ്രദേശത്ത് നാട്ടുകാരുടെ ആശങ്കയകറ്റാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ തുടങ്ങി. പ്രദേശത്ത് കൂട് സ്ഥാപിക്കുകയും നിരീക്ഷണക്യാമറകൾ സ്ഥാപിക്കുകയും 24 മണിക്കൂർ പട്രോളിംഗ് നടത്തിയതിനും പുറമേയാണ് സേനാംഗങ്ങൾ തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തത്.
പ്രദേശത്ത് നിന്ന് നിരന്തരം വളർത്തു നായ്ക്കളെ കാണാതായതിന് പുറമെയാണ് പലതവണയായി പ്രദേശത്തോട് ചേർന്ന കാടിനുള്ളിൽ നിന്ന് കടുവയുടെതെന്ന് തോന്നിക്കുന്ന ഗർജ്ജനം കേൾക്കുന്നത് . ശബ്ദം കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ പ്രതിഷേധം കടുത്തതിന് പിന്നാലെയാണ് ഊർജ്ജിത നടപടികളുമായി മുന്നോട്ടുനീങ്ങുന്നത്.
ക്യാമറയിൽ കുടുങ്ങിയില്ല
കടുവയെ ലൊക്കേറ്റ് ചെയ്യുന്നതിനായി സ്ഥാപിച്ച ക്യാമറകളിലൊന്നിലും ഇതുവരെ ഇതിന്റെ ദൃശ്യം പതിഞ്ഞിട്ടില്ല. സ്ഥാപിച്ച കൂടുകളിലേക്കും കടുവ എത്തിയിട്ടില്ലെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന വിവരം. അതെ സമയം വനത്തിനുള്ളിൽ നിന്നും ഇപ്പോഴും കടുവയുടെ അലർച്ചയും മുരൾച്ചയും കേൾക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
പുലിയോ,കടുവയോ?
ഇടയ്ക്കിടെ കേൾക്കുന്ന അലർച്ചയുടെ പശ്ചാത്തലത്തിൽ ഇരുപത്തിരണ്ടോളം വനം വകുപ്പ് വാച്ചർമാർ മുൻകരുതലോടെ കാട്ടിനുള്ളിൽ കയറിയും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കാടിനുള്ളിൽ നിന്ന് കേൾക്കുന്ന ശബ്ദം കടുവയുടെതോ പുലിയുടെതോയെന്ന് എന്ന് അറിയാനും നിരീക്ഷിക്കാനുമാണ് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം
ധൈര്യം നൽകി വനംവകുപ്പുദ്യോഗസ്ഥരും പൊതുപ്രവർത്തകരും
കടുവാഭീഷണി നേരിടുന്ന നീലായ് പ്രദേശത്തെ നാട്ടുകാരെ ആറളം വന്യജീവി സങ്കേതം അസിസ്റ്റന്റ് വാർഡൻ രമ്യ രാഘവൻ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിന് പുറമെ സി പി.ഐ നേതാക്കളായ കെ.ടി. ജോസ് ,സന്തോഷ് പാലക്കാട് ,ശങ്കർ സ്റ്റാലിൻ ,ഇ.സി അനീഷ്, എന്നിവരും പ്രദേശം സന്ദർശിച്ചു.
ജനങ്ങളുടെ ആശങ്ക അകറ്റി ഭയപ്പാടില്ലാതെ ജീവിക്കാൻ ആവശ്യമായ നടപടി വനവകുപ്പിൽ നിന്നും ഉണ്ടാവണം. വളർത്തു നായകളെ നഷ്ടപ്പെട്ട ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം- സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി.ജോസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |