SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ലെഗസി വേസ്റ്റ് നീക്കൽ: കമ്പനികൾ കബളിപ്പെന്ന് കൗൺസിൽ

corparation

കണ്ണൂർ: ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ലെഗസി വേസ്റ്റ് (കെട്ടിക്കിടക്കുന്ന മാലിന്യം) നീക്കം ചെയ്യാൻ കരാർ ഏറ്റെടുത്ത റോയൽ വെസ്റ്റേൺ പ്രോജക്ട് എൽ.പി.പി , ജൻ സേവ ഭാരത് കമ്പനികൾക്കെതിരേ കോർപ്പറേഷൻ കൗൺസിൽ ഗുരുതര ആരോപണം. ലെഗസി വേസ്റ്റ് നീക്കം ചെയ്യാൻ കരാർ ഏറ്റെടുത്ത ഈ കമ്പനികൾക്കെതിരെ വ്യവസ്ഥ ലംഘിച്ചതിനാൽ നിയമ നടപടി സ്വീകരിക്കുമെന്ന് മേയർ മുസ്ലീഹ് മഠത്തിൽ വിശദമാക്കിയപ്പോഴാണ് പ്രതിപക്ഷ അംഗങ്ങൾ ആക്ഷേപം കടുപ്പിച്ചത്.

കരാർ നൽകി രണ്ടു വർഷം കഴിഞ്ഞിട്ടും പകുതി മാലിന്യം പോലും നീക്കം ചെയ്തിട്ടില്ല. പന്ത്രണ്ടു മാസമാണ് കരാർ കാലാവധി.

ചോലോറയിൽ നിന്ന് മാലിന്യം നീക്കി മറ്റൊരിടത്ത് കൊണ്ടിട്ടതല്ലാതെ കമ്പനി മറ്റൊന്നും ചെയ്തിട്ടില്ലെന്ന് കൗൺസിലർ ടി.പ്രദീപൻ ആരോപിച്ചു. നിയമപരമായ മുന്നൊരുക്കം നടത്തുന്നതിനാണ് അജണ്ട മാറ്റിവെച്ചതെന്നും ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും മേയർ പറഞ്ഞു.

കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലംമാറ്റുന്നത് പദ്ധതി നടത്തിപ്പിൽ കാലതാമസമുണ്ടാക്കുന്നുവെന്ന ആരോപണവം മേയർ ഉന്നയിച്ചു. കോർപറേഷനിൽ ഇതുമൂലം ഭരണ സ്തംഭനമുണ്ടാക്കുന്നുവെന്നും മേയർ കുറ്റപ്പെടുത്തി. അഞ്ചോളം അസി.എൻജിനീയർമാരെ നിലവിൽ സ്ഥലം മാറ്റി. ഒാവ‌ർസീയർമാർക്കും സ്ഥലം മാറ്റം ലഭിച്ചു.ബിൽ മാറി കിട്ടാത്തതിനാൽ കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ മടിക്കുകയാണ്.ചില കരാറുകാർ പ്രവൃത്തികൾ പാതി വഴിയിൽ ഉപേക്ഷിച്ചുവെന്ന് ഭരണ പക്ഷ കൗൺസിലർമാരും ആരോപിച്ചു.എൻ.സുകന്യ, പി.കെ.രാഗേഷ്, കെ.പി.അബ്ദുൾ റസാഖ്,വി.കെ.ഷൈജു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ആരോപണം ഇങ്ങനെ

ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ലഗസി വേസ്റ്റ് ക്യൂബിക് മീറ്ററിന് 640 രൂപ നിരക്കിൽ ബയോമൈനിംഗ് വഴി പൂർണ്ണമായും നീക്കം ചെയ്ത് റീ ക്ലെയിംഡ് ലാൻഡ് കണ്ണൂർ കോർപ്പറേഷന് കൈമാറണമെന്നാണ് കരാർ. ടഞ്ചിംഗ് ഗ്രൗണ്ടിൽ നിന്ന് ഇതിനകം 73502.115 ക്യൂബിക് മീറ്റർ ലെഗസി വേസ്റ്റ് നീക്കം ചെയ്തുവെന്നാണ് കമ്പനി കോർപറേഷനിൽ നൽകിയ കണക്ക് . എന്നാൽ എൻ.ഐ.ടി കാലിക്കറ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സർവ്വേ പ്രകാരം ട്രഞ്ചിംഗ് ഗ്രൗണ്ടിൽ നിന്നും ആകെ ബയോ മൈനിംഗ് ചെയ്ത മാലിന്യത്തിന്റെ അളവ് 24042.90 ക്യുബിക് മീറ്റർ മാത്രമാണെന്ന് കണ്ടെത്തി. ഇതുപ്രകാരം വലിയ തീവെട്ടിക്കൊള്ളയാണ് കമ്പനി നടത്തിയതെന്ന് കൗൺസിൽ അംഗങ്ങൾ ആരോപിച്ചു.

ബാങ്ക് റോഡിൽ ബസ് ഷെൽട്ടർ ഇല്ല

കണ്ണൂർ ബാങ്ക് റോഡിന് സമീപം ബസ് ഷെൽട്ടർ നിർമ്മിക്കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കണമെന്ന് കൗൺസിലർ ടി. രവീന്ദ്രൻ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ സ്ഥലത്ത് മർട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രം വരുന്നതിനാൽ ബസ് ഷെൽട്ടർ നിർമ്മിക്കാൻ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സിയാദ് തങ്ങൾ നൽകിയ മറുപടി.പകരം മറ്റൊരു സ്ഥലത്ത് ബസ് ഷെൽട്ടർ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷനിൽ പ്രഖ്യാപിച്ച പദ്ധതികൾ നടക്കുന്നില്ല.2023-24 വ‌ഷത്തെ സ്പിൽ ഓവർ പ്രവൃത്തി പോലും നിലച്ചു. കുത്തഴിഞ്ഞ നിലയിലാണ് കോർപ്പറേഷനിലെ പ്രവർത്തനങ്ങൾ നടക്കുന്നത്.

ടി.രവീന്ദ്രൻ ,എൽ.ഡി.എഫ്

ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും മാറ്റി കോർപ്പറേഷന്റെ പ്രവർത്തനങ്ങളെ തന്നെ സർക്കാ‌ർ താറുമാറാക്കുക്കയാണ് .

മേയർ മുസ്ലീഹ് മഠത്തിൽ

സർക്കാർ കോർപറേഷനോട് നെറികേട് കാണിക്കുകയാണ്. മന്ത്രിയോട് അടക്കം പരാതി പറഞ്ഞിട്ടും സ്ഥലംമാറ്റം തുടരുകയാണ്

ഡെപ്യൂട്ടി മേയർ പി. ഇന്ദിര

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL