SignIn
Kerala Kaumudi Online
Friday, 23 October 2026 2.13 AM IST

കണിച്ചാറിലും പുലിയിറങ്ങി ഭീതിയൊഴിയാതെ മലയോരം

puli

കിഴക്കേമാവടിയിൽ പുലിയെ നേരിൽ കണ്ടെന്ന് റബ്ബർ കർഷകൻ

കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ കിഴക്കേമാവടിയിൽ പുലിയെ നേരിൽ കണ്ടതായി റബർ കർഷകൻ സാക്ഷ്യപ്പെടുത്തിയതോടെ മലയോരം ഭീതിയിൽ.വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശവാസികളുമൊരുമിച്ച് തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഇതോടെ ഈ മേഖലയും ഭീതിയിലായിരിക്കുകയാണ്.

വേനൽക്കാലമായതിനാൽ കാൽപാദങ്ങളുടെ അടയാളം ലഭിക്കാത്തതാണ് സ്ഥിരീകരിക്കാൻ സാധിക്കാത്തതിന്റെ പ്രധാനകാരണം. തെളിവുകൾ ഒന്നും തന്നെ ലഭിച്ചില്ല. കൊട്ടിയൂർ വെസ്റ്റ് സെക്ഷനിലെ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ പരിശോധന നടന്നത്.

ആഴ്ചകളായി ആറ്റാംചേരി, കല്ലടി, മാവടി മേഖലകൾ പുലി ഭീതിയിലാണ്.കൃഷിയിടങ്ങളിലും റോഡരികിലുമൊക്കെ പുലിയെ കാണുന്നതായി നാട്ടുകാർ പറയുന്നു.എന്നാൽ തെളിവുകൾ ലഭിക്കാത്തതിനാൽ വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അടുത്തടുത്ത പ്രദേശങ്ങളിൽ പുലിയെ കണ്ടെന്ന വെളിപ്പെടുത്തൽ പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മേഖലയിൽ ഭൂരിഭാഗം പേരും പുലർച്ചെ റബർ ടാപ്പിംഗ് നടത്തുന്നവരാണ്. പുലിപ്പേടിയിൽ പലരും പുലർച്ചെയുള്ള ടാപ്പിംഗ് ഉപേക്ഷിച്ചിരിക്കുകയാണ്.

'തീക്കട്ട കണ്ണു കണ്ടു;ജീവനും കൊണ്ടോടി"

കിഴക്കേമാവടിയിലെ തുറയ്ക്കൽ സണ്ണിയാണ് ഇന്നലെ പുലർച്ചെ മൂന്നര മണിയോടെ വീടിന് സമീപത്തെ കൃഷിയിടത്തിൽ പുലിയെ കണ്ടെന്ന് വെളിപ്പെടുത്തിയത്. റബർ തോട്ടത്തിൽ 15 ഓളം മരങ്ങൾ വെട്ടിക്കഴിഞ്ഞപ്പോഴാണ് മുരൾച്ച കേട്ട സണ്ണി ആ ഭാഗത്തേക്ക് ടോർച്ചടിക്കുകയായിരുന്നു. സമീപത്തെ തെങ്ങിൻ ചുവട്ടിൽ തീക്കട്ട നിറമുള്ള കണ്ണുകളും ചെറിയ പുള്ളികളും നീളമുള്ള വാലുമുള്ള തന്റെ മുട്ടിന് മുകളിൽ ഉയരവുമുള്ള പുലിയെ കണ്ടുവെന്നാണ് സണ്ണിയുടെ വെളിപ്പെടുത്തൽ.പുലിയെ നേരിൽ കണ്ടതോടെ കർഷകൻ ഭയന്ന് വീട്ടിലേക്കോടി.തുടർന്ന് പ്രദേശവാസികളെയും കൂട്ടി തിരച്ചിൽ നടത്തിയെങ്കിലും സ്ഥിരീകരിക്കാനുള്ള ഒരു തെളിവും ലഭിച്ചില്ല.

പുലിയെ കണ്ടുവെന്ന് പറയുന്ന കിഴക്കേമാവിടിയിൽ രാത്രിയിൽ പരിശോധന നടത്തും. വന്യജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കും- എസ്.എഫ്.ഒ സജീവ് കുമാർ .

വെണ്ടേക്കുംചാലിലും കാൽപാടുകൾ

കഴിഞ്ഞ ദിവസം കേളകം പഞ്ചായത്തിലെ വെണ്ടക്കുംചാലിലും കൃഷിയിടത്തിൽ വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മാളിയേക്കൽ മത്തായിയുടെ കൃഷിയിടത്തിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. ഇതിന് സമീപം താമസിക്കുന്ന പുത്തൻപുരക്കൽ ബിബിൻ രാവിലെ വെള്ളം തിരിക്കാൻ പോയപ്പോഴാണ് വന്യജീവിയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇതിന് സമീപപ്രദേശത്തുനിന്ന് രണ്ട് മുള്ളൻ പന്നികളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് കാട്ടുപൂച്ചയോ പുലിയോ ആകാനാണ് സാദ്ധ്യത എന്നാണ് വനം വകുപ്പിന്റെ നിഗമനം. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകർ പ്രദേശത്ത് പരിശോധന നടത്തി.


പടം :മാവടിയിൽ തുറയ്ക്കൽ സണ്ണിയുടെ കൃഷിയിടത്തിൽ പുലിയെ കണ്ടെന്നറിഞ്ഞ് പ്രദേശത്ത് എസ്.എഫ്.ഒ സജീവ് കുമാറിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL