
വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നതും ഭീഷണി
കണ്ണൂർ: ജില്ലയിൽ തെരുവുനായ ആക്രമണങ്ങൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് അധികൃതർ പറയുമ്പോഴും കഴിഞ്ഞ വർഷം തെരുവുനായകളുടെ കടിയേറ്റ് ചികിത്സ തേടിയത് 15,418 പേർ. കാസർകോട് ജില്ലയിലാകട്ടെ 8,252 പേരും.
തെരുവുനായകളുടെ വർദ്ധനയ്ക്കും ആക്രമണങ്ങൾക്കും പിന്നിൽ പൊതു ജനങ്ങളുടെ വീഴ്ച കൂടിയുണ്ടെന്നാണ് തദ്ദേശസ്വയം ഭരണ വകുപ്പധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഉടമസ്ഥരില്ലാത്ത ഉയർന്ന ഇനം ബ്രീഡുകളിൽപ്പെട്ട നായകൾ തെരുവുകളിൽ കാണപ്പെടുന്നത് ഇതിനാലാണെന്നാണ് വിലയിരുത്തുന്നത്. 2019ലെ ലൈഫ്സ്റ്റോക്ക് സെൻസസ് പ്രകാരം സംസ്ഥാനത്ത് 2,89,986 തെരുവുനായകൾ ഉള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. തെരുവുനായകളുടെ എണ്ണം കൂടുന്നതിന് പൊതുജനങ്ങളുടെ ഇത്തരം പ്രവണതകൾ കൂടി കാരണമാകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
വളർത്തു നായകൾക്ക് നിർബന്ധിത ലൈസൻസ്, വാക്സിനേഷൻ എന്നിവ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും എത്രത്തോളം ആളുകൾ ഇതിനോട് സഹകരിക്കുന്നുണ്ടെന്ന കാര്യം സംശയമാണ്. ലൈസൻസിനു പുറമെ കോഴിക്കോട് കോപ്പറേഷൻ പരിധിയിൽ വളർത്തു നായകൾക്ക് ചിപ്പ് ഘടിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും ഇത് ക്രമേണ വ്യാപിപ്പിക്കുമെന്നും അധികൃതർ പറയുന്നുണ്ട്.
വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ നിലവിലുള്ള മുനിസിപ്പാലിറ്റി, പഞ്ചായത്ത് ചട്ടങ്ങൾ നിഷ്‌കർഷിക്കുന്നതു പ്രകാരം ആറുമാസത്തിനകം ലൈസൻസ് എടുക്കണമെന്നാണ് ഉത്തരവ്. പുതുതായി വളർത്തുമൃഗങ്ങളെ വാങ്ങുന്നവർ ഒരുമാസത്തിനകം ലൈസൻസ് എടുക്കണമെന്നും ആവശ്യമെങ്കിൽ ലൈസൻസ് ഫീസ് ഏർപ്പെടുത്താവുന്നതാണെന്നും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വേണം ലൈസൻസ് എടുക്കേണ്ടത്. എന്നാൽ, നായ്ക്കളെ വളർത്തുന്നവർ പലരും ഇതിന് തയാറാകുന്നില്ല.
കോടതി വിധി നടപ്പിലാക്കാതെ
തദ്ദേശ സ്ഥാപനങ്ങൾ
കോടതി വിധിയുടെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് നടപടികൾക്ക് തുടക്കമിട്ടെന്നു പറയുമ്പോഴും ലൈസൻസിംഗ് സമ്പ്രദായം ഏർപ്പെടുത്തുന്നതിൽ അധികൃതർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. അതത് തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യ വിഭാഗത്തിനാണ് ഇതിന്റെ ചുമതല. നിലവിൽ പലരും ലൈസൻസെടുക്കാതെയും വാക്സിനേഷൻ നൽകാതെയുമാണ് നായകളെ വളർത്തുന്നത്. വളർത്താൻ ഉദ്ദേശിക്കുന്ന നായയുടെ വിവരങ്ങൾ ഉൾപ്പെടെ ഉൾക്കൊള്ളിക്കുന്ന അപേക്ഷ ഫോറവും ഫീസും ഈടാക്കാനായി ബൈലോ തയാറാക്കും. അതിനുപുറമേ നായകൾക്ക് ലൈസൻസുണ്ടെന്ന് വ്യക്തമാക്കുന്ന പ്രത്യേക ടാഗും ധരിപ്പിക്കും. ലൈസൻസില്ലാതെ പട്ടികളെ വളർത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും ചട്ടങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രവും കുത്തിവെപ്പ് നടത്തിയെന്നതിനുള്ള രേഖകളും ഉൾപ്പെടെ സമർപ്പിച്ചാലേ നായകളെ വളർത്താൻ തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകുകയുള്ളൂ.
വളർത്തുനായ ലൈസൻസ് ഇങ്ങനെ
വാങ്ങി ഒരു മാസത്തിനകം ലൈസൻസെടുക്കണം.
കാലാവധി ഒരു വർഷം.
എല്ലാ ഏപ്രിൽ മാസത്തിലും പുതുക്കണം.
അപേക്ഷകൾ വെള്ളപേപ്പറിൽ തയാറാക്കാം
നായയുടെ നിറം, ഇനം എന്നിവ രേഖപ്പെടുത്തണം.
ഓൺലൈനായും അപേക്ഷ നൽകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |