കണ്ണൂർ ജില്ലയിൽ 877 റേഷൻ കടകൾ
കണ്ണൂർ: കരാറുകാരുടെയും മറ്റും സമരം കാരണം ജനുവരി മാസം അലങ്കോലമായ റേഷൻ വിതരണം ഫെബ്രുവരി തുടങ്ങിയിട്ടും സാധാരണ നിലയിലായില്ല. സമരം പിൻവലിച്ചിട്ട് ദിവസങ്ങൾ പലതു കഴിഞ്ഞെങ്കിലും മിക്ക കടകളിലും പുതുതായി സാധനങ്ങൾ എത്താത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
ഇതുകാരണം റേഷൻ കട ഉടമസ്ഥരും ഉപഭോക്താക്കളും ഒരു പോലെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ജനുവരി മാസം നടന്ന റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരവും എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് അരി എത്തിക്കുന്ന വിതരണ കരാർ ജീവനക്കാരുടെ സമരവും പിൻവലിച്ചെങ്കിലും പലയിടത്തും അരിയോ മറ്റ് ആവശ്യ വസ്തുക്കളോ ഇനിയും എത്തിയിട്ടില്ല. ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും കടകളിൽ സാധനങ്ങൾ എത്താത്തത് വിതരണം തുടങ്ങാനായിട്ടില്ല. ഇന്ന് എത്തിയാലും ഒരുദിവസംകൊണ്ട് എങ്ങനെ കൊടുത്തു തീർക്കുമെന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കരാറുകാർ സമരം അവസാനിപ്പിച്ചെങ്കിലും എഫ്.സി.ഐ ഗോഡൗണുകളിലേക്ക് ചരക്ക് എത്തിക്കുന്ന ലോറി ഡ്രൈവർമാർ വിതരണക്കാർക്ക് വേണ്ടി ലോഡ് കൊണ്ടുപോകില്ല എന്ന നിലപാടെടുത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്രെ. ഓരോ ദിവസവും കൊണ്ടുപോകുന്ന ലോഡിന്റെ തുക അന്നുതന്നെ നൽകണമെന്നാണ് ലോറി ഡ്രൈവർമാരുടെ ആവശ്യം. എന്നാൽ കരാറുകാർ അത് നൽകാൻ തയാറാകാത്തതാണ് പ്രശ്നം ഗുരുതരമാക്കുന്നത്.
തീയതി നീട്ടി പ്രശ്നം പരിഹരിക്കണം
ജനങ്ങൾ റേഷൻ വാങ്ങാൻ എത്തുമ്പോൾ സാധനങ്ങൾ ഇല്ലാത്തത് റേഷൻ കട നടത്തിപ്പുകാരും ജനങ്ങളും തമ്മിൽ വാക്കു തർക്കങ്ങൾക്കിടയാക്കുകയാണ്. ജനുവരി മാസത്തെ റേഷൻ നൽകാനുള്ള തീയതി നീട്ടണമെന്നാണ് നടത്തിപ്പുകാർ ആവശ്യപ്പെടുന്നത്. ചിലയിടത്ത് സാധനങ്ങൾ എത്തിയിട്ടുണ്ടെന്ന കാരണത്താലാണ് തീരുമാനം വൈകുന്നതത്രേ. സാധനങ്ങളുടെ ദൗർലഭ്യം പരിഹരിച്ച് ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കണമെന്ന് കട ഉടമകളും എത്രയും പെട്ടെന്ന് റേഷൻ വിതരണം പൂർത്തിയാക്കണമെന്ന് ഉപഭോക്താക്കളും ആവശ്യപ്പെടുന്നു.
റേഷൻ കടകളിൽ സാധനങ്ങൾ ലഭിക്കാത്തത് ബുദ്ധിമുട്ട് തന്നെയാണ്. എത്രയും പെട്ടെന്ന് സർക്കാർ ഈ പ്രശ്നം പരിഹരിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്
എൻ. പ്രശാന്തൻ, കണ്ണൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |