പയ്യന്നൂർ: ചെറുപ്രായത്തിൽ മനസ്സിൽ പതിയുന്ന കാര്യങ്ങൾ ജീവിതാവസാനം വരെ മറക്കില്ല എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കി, ലോക തണ്ണീർതട ദിനത്തിൽ കുഞ്ഞിമംഗലം ഗവൺമെന്റ് സെൻട്രൽ യു.പി. സ്കൂൾ വിദ്യാർത്ഥികൾ കണ്ടൽ - തണ്ണീർത്തട മേഖലകളിലേക്ക് പരിസ്ഥിതി സ്നേഹത്തിന്റെ ഹരിശ്രീ കുറിക്കുവാനായി യാത്ര നടത്തി.
സ്കൂൾ രണ്ടാം ക്ലാസിലെ 15 വിദ്യാർത്ഥികളാണ്, കണ്ണൂർ കണ്ടൽ പ്രൊജക്ടിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രവർത്തകർ വില കൊടുത്ത് വാങ്ങി സംരക്ഷിച്ചുവരുന്ന എടാട്ട് തുരുത്തി കണ്ടൽ - തണ്ണീർതട മേഖലകളിൽ സഞ്ചരിച്ച് തങ്ങളുടെ മനസ്സിൽ പതിഞ്ഞ കാര്യങ്ങൾ കാൻവാസിൽ പകർത്തിയത്. തണ്ണീർതടങ്ങളിലൂടെ തോണിയിൽ സഞ്ചരിച്ച് കുട്ടികൾ നടത്തിയ ചിത്ര രചനക്ക്, പരിസ്ഥിതി സംഘടന പ്രവർത്തകരായ പി.പി. രാജൻ, ചിത്രകാരൻ എ.ബി. ബിജു, വി.കെ. നവീൻ കുമാർ, എം.കെ. ദാമോദരൻ, യു. സിനി, യു. അമൃത, സി. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
പരിസ്ഥിതിയുടെ പ്രാധാന്യവും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും 53 വർഷം മുൻപ് കേരളീയരെ പഠിപ്പിച്ച പയ്യന്നൂർ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ജോൺ സി. ജേക്കബ്ബിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പരിസ്ഥിതി പ്രവർത്തകർ, കുട്ടികൾക്ക് പരിസ്ഥിതി സ്നേഹത്തിന്റെ ഹരിശ്രീ പകർന്ന് നൽകാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പ്രൊഫ. ജോൺ സി. ജേക്കബ്ബിന്റെ
സുവോളജിക്കൽ ക്ലബ്ബ്
പയ്യന്നൂർ കോളേജ് അദ്ധ്യാപകനായിരിക്കെ 1972ലാണ് പ്രൊഫ. ജോൺ സി. ജേക്കബ്ബിന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ 'സുവോളജിക്കൽ ക്ലബ്ബ് " രൂപീകരിച്ചത്. ഇതിന്റെ കീഴിൽ സ്കൂളുകളിലും കോളേജുകളിലും നാച്വറൽ ക്ലബ്ബുകളും പ്രകൃതി പഠന ക്യാമ്പുകളും സംഘടിപ്പിച്ച് പരിസ്ഥിതി പ്രാധാന്യത്തിന്റെ ആവശ്യകത ചെറുപ്രായത്തിൽ തന്നെ ഭാവിതലമുറയുടെ മനസ്സിൽ ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തി. ഇതോടൊപ്പം ''മൈന" എന്ന പേരിൽ സംസ്ഥാനത്തെ ആദ്യ പരിസ്ഥിതി മാസികയും പുറത്തിറക്കി. പതിനേഴ് വർഷം മുൻപ് ഇദ്ദേഹം ഈ പ്രകൃതിയിൽ നിന്ന് തന്നെ വിട്ടുപോയെങ്കിലും ഇന്ന് പരിസ്ഥിതിരംഗത്ത് സജീവമായിട്ടുള്ള പലരും മാഷിന്റെ ശിഷ്യൻമാരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |