പരിയാരം: ചെമ്മൺകുന്നും വണ്ണാത്തിപ്പുഴയും അതിരിടുന്ന മാതമംഗലം നീലിയാർ ഭഗവതിക്ഷേത്രത്തിൽ നാലു പതിറ്റാണ്ടിനു ശേഷം മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി വേണുഗോപാൽ എം.പി ദർശനത്തിനെത്തി. വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവിയുടെ നടയിൽ അദ്ദേഹം കൈക്കൂപ്പി പ്രാർത്ഥിച്ചു.
കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് നീലിയാർകോട്ടത്ത് തെയ്യം കാണാനെത്തിയ പഴയ ഓർമ്മകൾ അയവിറക്കിയാണ് ഇന്നലെ രാവിലെ അദ്ദേഹം വീണ്ടും നീലിയാർകോട്ടത്ത് എത്തിയത്. കഴിഞ്ഞദിവസം ജന്മനാടായ കടന്നപ്പള്ളിയിലെത്തിയപ്പോഴാണ് നീലിയാർ ഭഗവതിക്ഷേത്രത്തിൽ നവീകരണകലശവും കളിയാട്ടവും നടക്കുന്ന വിവരമറിഞ്ഞത്.
ക്ഷേത്രഭാരവാഹികളായ എം. രാധാകൃഷ്ണൻ, എം. മോഹനൻ, പി. ശ്രീധരൻ, കെ.പി കൃഷ്ണൻ, കെ.വി നാരായണൻ, ജയരാജ് മാതമംഗലം എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കെ.വി പവിത്രൻ വേണുഗോപാലിനെ ഷാളണിയിച്ചു. മാതമംഗലം ഹൈസ്കൂളിലെയും പയ്യന്നൂർ കോളേജിലെയും പഠനകാലത്ത് കളിയാട്ടദിവസങ്ങളിൽ ക്ഷേത്രത്തിലെത്തിയ ഓർമ്മകൾ അദ്ദേഹം നാട്ടുകാരുമായി പങ്കുവെച്ചു. ജനുവരി 29ന് ആരംഭിച്ച നവീകരണ കലശവും കളിയാട്ടവും ഫിബ്രുവരി 8ന് തീച്ചാമുണ്ടിയുടെ അഗ്നിപ്രവേശം കഴിഞ്ഞ് നീലിയാർഭഗവതിയുടെ തിരുമുടി ഉയരുന്നതോടെയാണ് സമാപിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |