
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പുലിഭീഷണി പതിവായ സാഹചര്യത്തിൽ ആശങ്ക അകറ്റുന്നതിനും അടിയന്തര നടപടികൾക്കുമായി ഇന്ന് കിഴക്കേ മാവടി പള്ളിയിൽ അടിയന്തര യോഗം ചേരും. മാവടിയിൽ ഞായറാഴ്ചയും പുലിയെ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടപടി.
നിലവിലെ സാഹചര്യം പരിഗണിച്ച് പുലി ഭീതി ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുമാണ് കണിച്ചാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അടിയന്തര യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചതെന്ന് വാർഡ് മെമ്പർ സുനി ജസ്റ്റിൻ പറഞ്ഞു.യോഗത്തിൽ സണ്ണി ജോസഫ് എം.എൽ.എ, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ മറ്റ് വാർഡ് മെമ്പർമാർ ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
പുറത്തിറങ്ങാൻ ഭയന്ന് ജനം
കഴിഞ്ഞ ഒരു മാസത്തിൽ കണിച്ചാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രദേശവാസികളും ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ നിരവധി തവണ പുലിയെ കണ്ടെന്നാണ് പറയുന്നത്. ഇവിടങ്ങളിൽ വനം വകുപ്പ് പരിശോധന നടത്തുന്നുണ്ടെങ്കിലും ഭീഷണി സ്ഥിരീകരിക്കാൻ തക്ക തെളിവുകളൊന്നും വനംവകുപ്പിന് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രദേശവാസികൾ വലിയ ആശങ്കയിലാണ് . പല വാർഡുകളിലെയും ജനങ്ങൾ ഭയംമൂലം ടാപ്പിംഗ് ഉൾപ്പെടെ നിർത്തിവച്ചിരിക്കുകയാണ്. രാവിലെ പള്ളിയിൽ പോകുന്നവരും പ്രഭാത സവാരി നടത്തുന്നവരും ഏറെ ഭീതിയിലാണ്. കഴിഞ്ഞ ദിവസവും കിഴക്കേ മാവടിയിലെ കല്ലുപാല സജിയുടെ പറമ്പിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |